Saturday, 23 Nov 2024

മഹാരോഗങ്ങൾ പോലും അകറ്റാൻ അത്ഭുത സിദ്ധിയുള്ള പ്രസാദങ്ങൾ

തരവത്ത് ശങ്കരനുണ്ണി
നമ്മുടെ മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നത് പരമ്പരാഗത വിശ്വാസവും ധാരാളം പേരുടെ അനുഭവവുമാണ്. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ഇതിൽ പറയുന്ന കാര്യങ്ങൾ വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി ജീവിതത്തിൽ പകർത്തുകയും അനുഷ്ഠിക്കുകയും ചെയ്ത് ഫലസിദ്ധി നേടുന്നവർ ഒട്ടേറെയുണ്ട്. അത്തരത്തിൽ പ്രസിദ്ധമായ നമുക്ക് ചുറ്റുമുള്ള ചില ക്ഷേത്രങ്ങളിലെ പ്രസാദവും അതിന്റെ ഫലവും :

01
വിഷബാധ അകറ്റും ചന്ദനം പ്രസാദം
വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവ് എന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിന് എതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം. വിഷ ബാധയേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താ വിഗ്രത്തിന്റെ വലതു കൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണം വേണം. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ
ക്ഷേത്രത്തിൽ നിന്ന് വിട്ടയയ്ക്കൂ.

02
ഉദര രോഗങ്ങൾ മാറ്റുന്ന മുക്കുടി
ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ഇരിങ്ങാലക്കുട
ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും.
തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം.
പാലക്കാട് നഗരത്തിൽ കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണ ജയന്തിദിവസം രാത്രി 11നും12നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശർക്കര എന്നിവ ചേർത്താണ് മുക്കുടി തയ്യാറാക്കുന്നത്. ഭഗവാന് നേദിച്ച ശേഷം മുക്കുടി പ്രസാദമായി ഭക്തർക്ക് നൽകുന്നു. ഈ പ്രസാദം സേവിച്ചാൽ പല രോഗങ്ങളും അകലുമെന്നാണ് വിശ്വാസം.

03
സംസാരശേഷിക്ക് തേൻ പ്രസാദം
തിരുച്ചിറപ്പള്ളിയിൽ വെക്കാളിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാൾ ക്ഷേത്രത്തിൽ വെള്ളിയാഴ്ച തോറും രാഹുകാലവേളയിൽ ദുർഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേർത്ത് അഭിഷേകം ചെയ്ത് ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കിൽ തടവുന്നു. തുടർച്ചയായി ഇങ്ങനെ ചെയ്താൽ സംസാരശേഷി ഇല്ലാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങുമത്രെ.

04
പ്രമേഹ ശമനത്തിന് പാവയ്ക്കായ പ്രസാദം
തമിഴ്നാട്ടില്‍ പുതുക്കോട്ട ജില്ലയിലെ ആവുടയാർ ക്ഷേത്രത്തിലെ അർദ്ധയാമപൂജാവേളയിൽ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നൽകുന്നു. തുടർച്ചയായി നാല് ആഴ്ച ഇവിടെ ദർശനം നടത്തി മനസ്സുരുകി പ്രാർത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചു പോന്നാൽ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം.

05
തിരുവിഴ ക്ഷേത്രത്തിലെ വിഷമുറി പ്രസാദം

ഏറെ പ്രസിദ്ധമാണ് ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാ ശിവക്ഷേത്രം. മന്ത്രതന്ത്രങ്ങളാൽ ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടെത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിന് ചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലിൽ കലർത്തി ആവശ്യക്കാരെകൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ച ശേഷം ക്ഷേത്രത്തിന്ന് പ്രദക്ഷിണം വയ്ക്കണം. അപ്പോൾ ഛർദ്ദിയുണ്ടായി വിഷം പുറത്ത് വരുമെന്നാണ് വിശ്വാസം.

06
വാതരോഗമകറ്റുന്ന വലിയെണ്ണ പ്രസാദം

തകഴി ധർമ്മശാസ്താ ക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യ ഔഷധമായി കരുതപ്പെടുന്നു. ഈ ക്ഷേത്രസന്നിധിയിൽ ജീവിച്ചു പോന്ന അണക്കേഴത്ത് വലിയച്ഛൻ എന്നയാളുടെ സ്വപ്നത്തിൽ സ്വാമിഅയ്യപ്പൻ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയെണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞു കൊടുത്തു. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്റെ അടിസ്ഥാനത്തിൽ എണ്ണ പാകപ്പെട്ടുവെന്ന് മനസ്സിലാക്കി. അതോടൊപ്പം അന്ന് നേദിച്ച ശർക്കരപായസത്തിൽ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം.

ഓതറമലമ്പ്രദേശത്തുള്ള 84 തരം പച്ചിലമൂലികകളും എണ്ണകളും ചേർത്താണ് വലിയെണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കഠിനമായ പഥ്യം നിർദ്ദേശിക്കുന്നു. ഈ പ്രസാദഎണ്ണ നാവിലോ പല്ലിലോ തട്ടാതെ ശംഖ് കൊണ്ട് തൊണ്ടയിൽ ഒഴിക്കുന്നതാണ് പതിവ്. ഏഴു ദിവസം ഇവിടെ താമസിച്ച് പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും നൽകുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേർത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വർജ്ജിക്കണം. മിഥുനം, കർക്കടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുന്നത്. ഈ കാലമാണ് മരുന്ന് സേവിക്കാൻ ഉത്തമം. പൂർണ്ണ ഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാർത്ഥിച്ച് ഇത് കഴിച്ചാൽ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് വിശ്വാസവും അനുഭവങ്ങളും.

07
രക്തരോഗങ്ങൾ മാറ്റും താൾകറിപ്രസാദം

ആലപ്പുഴ ജില്ലയിൽ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. താൾകറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തി ഉണ്ട്. സ്വാതിതിരുനാൾ താൾകറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കർക്കടത്തിലെ കറുത്തവാവിൻ നാളിലാണ് ഈ താൾകറി നിവേദിക്കപ്പെടൂന്നത്. കാട്ടുചേമ്പിലതണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേർത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാട് കഴിഞ്ഞയുടൻ ഭക്തർക്ക് നേദ്യത്തോടൊപ്പം താൾകറിയും നൽകപ്പെടുന്നു.

08
ചിത്തരോഗങ്ങൾ മാറ്റുന്ന അടുക്കള പ്രസാദം

അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ക്ഷേത്രത്തിൽ നൽകുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കളവിഭൂതി പ്രസാദമാണ്. വില്വമംഗലം സ്വാമിയാർക്ക് അടുക്കളയിൽ ദർശനം നൽകി അടുപ്പിലെ ചാമ്പൽ പ്രസാദമായി നൽകിയെന്നാണ് ചരിത്രം. ഈ വിഭൂതി ഭക്തിപൂർവ്വം ധരിച്ചാൽ എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസവും അനുഭവവും.

09
ബുദ്ധിക്കും വിദ്യയ്ക്കും നെയ്യ് പ്രസാദം

ദക്ഷിണമൂകാംബിക എന്നറിയുന്ന സരസ്വതിക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന വഴിപാട് സാരസ്വതം നെയ്യാണ്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

+91 9847118340

Story Summary : Significance and Benefits of devotional offerings made to a god which cures chronic illnesses

error: Content is protected !!
Exit mobile version