മഹാവ്യാധികൾ തീർത്തു തരും മഹാമായയെ ഇങ്ങനെ ഉപാസിച്ചാൽ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ആദി ശ്രീശങ്കരനാൽ വിരചിതമായ ദേവീസ്തുതി, സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകവും ജപിക്കുന്നത് ഒരോരോ കാര്യസാദ്ധ്യത്തിന് ഉത്തമമാണ്. വാഗ്ദേവത, മഹാലക്ഷ്മി, ശ്രീപാർവതി, മഹാമായ, പരബ്രഹ്മമായ സദാശിവന്റെ പട്ടമഹിഷി ഇങ്ങനെ അനേകരൂപത്തിൽ ആരാധിക്കപ്പെടുന്ന സാക്ഷാൽ ലളിതാംബികയെ സ്തുതിക്കുന്ന 100 ശ്ലോകങ്ങളുള്ള സൗന്ദര്യ ലഹരിയുടെ ആദ്യ 41 ശ്ലോകങ്ങളെ ആനന്ദലഹരി എന്നും 42 മുതൽ 100 വരെയുള്ള ശ്ലോകങ്ങളെ സൗന്ദ്യര്യ ലഹരി എന്നും പറയുന്നു.
ഈ ശ്രേഷ്ഠ കൃതിയുടെ ഉല്പത്തിയെപ്പറ്റി പല ഐതിഹ്യവും പ്രചാരത്തിലുണ്ട്. അതു പ്രകാരം ഈ സ്തുതി രചിച്ചത് സാക്ഷാൽ ശിവഭഗവാൻ തന്നെ ആണെന്നും അതല്ല ലളിതാ ദേവിയാണെന്നും മഹാമേരു പർവതത്തിൽ നിന്നും ഗൗഡപാദാചാര്യർ ഭുമിയിലേക്ക് കൊണ്ടുവന്ന് ഗോവിന്ദാചാര്യർക്കും തുടർന്ന് ശങ്കരാചാര്യർക്കും ലഭിച്ചതാണ് എന്നും ഐതിഹ്യമുണ്ട്. ആ കഥകൾ എന്തായാലും ഇത് ശങ്കരാചാര്യരുടെ കൃതിയായാണ് ലോകം മുഴുവൻ കണക്കാക്കുന്നത്.
അർത്ഥം അറിയാതെ ഉരുവിടുന്ന ഭക്തരെപ്പോലും ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ നേടാൻ സൗന്ദര്യലഹരി ഉപാസന സഹായിക്കുമെന്ന കാര്യം അനേക ലക്ഷം ഭക്തരുടെ പ്രത്യക്ഷ അനുഭവമാണ്. അതിനാൽ അർത്ഥം അറിഞ്ഞ് തന്നെ ജപിച്ചാൽ കൂടുതൽ നന്ന്. അറിയാതെ ജപിച്ചാലും ഫലമുണ്ടാകുക തന്നെ ചെയ്യും.
സൗന്ദര്യ ലഹരിയിലെ ഓരോ ശ്ലോകവും ജപിക്കുന്നതിന് ഒരോ ഫലമാണെന്ന് പറഞ്ഞല്ലോ. അതനുസരിച്ച് ഇതിലെ ശ്ലോകം 36 മഹാവ്യാധികൾ തീർത്തു തരും എന്ന് ഫലശ്രുതി പറയുന്നു. ചികിത്സകൊണ്ട് മാറാത്ത കർമ്മ വ്യാധികളെല്ലാം മാറും. ഇതിന്റെ യന്ത്രം ശ്രേഷ്ഠനും ഉത്തമനുമായ ഒരു ആചാര്യനെക്കൊണ്ട് എഴുതിച്ച് പൂജിച്ച് ധരിക്കുന്നത് നല്ലതാണ്. താഴെ ചേർത്തിരിക്കുന്ന പ്രസ്തുത ശ്ലോകം പഠിച്ച് മാസത്തിലെ സൗകര്യപ്രദമായ 18 ദിവസം തിരഞ്ഞെടുത്ത് നിത്യേന 27 തവണ വീതം തുടർച്ചയായി ജപിക്കുക. വെള്ളി, ദേവീ പ്രധാനമായ പൗർണ്ണമി തുടങ്ങിയ ദിവസങ്ങൾ ജപം ആരംഭിക്കാൻ വളരെ നല്ലതാണ്. കൃത്യമായി ജപിച്ചാൽ എല്ലാ ദുരിതവും ഒഴിയും. കാര്യസാദ്ധ്യത്തിന് ശേഷവും നിത്യജപത്തിന് ഉത്തമം. ദിവസവും ഭക്തിയോടെ ജപിക്കുക.
ശ്ലോകം 36
തവാജ്ഞാ ചക്രസ്ഥം തപനശശികോടി ദ്യുതിധരം
പരം ശംഭും വന്ദേ പരിമിലിത പാർശ്വം പരചിതാ
യമാരാദ്ധ്യൻ ഭക്ത്യാ രവി ശശി ശുചീനാമ വിഷയേ
നിരാലോകേ ലോകേ നിവസതി ഹി ഭാലോകഭുവനേ
(ഭഗവതിയുടെ ആജ്ഞാചക്രത്തിൽ – ഉപാസകന്റെ ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിലെ നാലു ശിവ ചക്രങ്ങളിൽ – ഇരുവശങ്ങളിലും പരചിത്കലയാൽ ചുറ്റപ്പെട്ടവനായി സൂര്യ ചന്ദ്രന്മാരുടെ കോടിക്കണക്കിന് കിരണങ്ങളാൽ പ്രഭാപൂരിതനുമായിരിക്കുന്ന പരം ശംഭുനാഥനെ ഞാൻ വന്ദിക്കുന്നു. അപ്രകാരമുള്ള പരംശംഭുവിനെ ഭക്തിയോടെ ആരാധിക്കുന്നവർ സൂര്യ ചന്ദ്രാദികൾക്ക് വിഷയീഭവിക്കാതെയും നയനാതീതമായും ചന്ദ്രികാമയമായ, വിജനമായ സഹസ്രാരത്തിൽ നിവസിക്കുന്നു; തീർച്ച. അതായത് ആജ്ഞാചക്രത്തിൽ മാനസ മയൂഖത്തിൽ പരാശക്തിയെയും പരമശിവനെയും സാധകം ചെയ്യുന്നവർ അനന്തമായ ചന്ദ്രമണ്ഡലത്തിൽ നിത്യമായ പരമാനന്ദത്തിൽ ലയിക്കുന്നു എന്ന് സാരം. കുണ്ഡലിനി ആജ്ഞാചക്രസ്ഥയായാൽ ശിവശക്തി ഐക്യസാധ്യതയും അതുവഴി പരമാനന്ദ പ്രാപ്തിയും വന്നുചേരും.)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Story Summary: Benifits of Chanting Sloka 36 Of Sowndarya Lahari