Friday, 22 Nov 2024

മഹാശിവരാത്രി ദിവസം ജപിക്കാൻ മന്ത്രങ്ങൾ; നടത്താൻ വഴിപാടുകൾ

ജ്യോതിഷരത്നം വേണു മഹാദേവ്

മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്‌, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമഃ ശിവായ ജപിച്ചു ഭസ്മധാരണം നടത്തി ശിവക്ഷേത്ര ദർശനം നടത്തുക. ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ശിവരാത്രി ദിവസം രാത്രി ഉറക്കമൊഴിഞ്ഞ് ജപവും ധ്യാനവും നടത്തുന്നത് നല്ലതാണ്.

ശിവരാത്രി ദിവസം
ജപിക്കേണ്ട മന്ത്രങ്ങൾ

1 കഴിയുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം – ഓം നമഃ ശിവായ ജപിക്കുക.

2 ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം , ശിവാഷ്ടകം , ശിവസഹസ്രനാമം , ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക.

3 . സൂര്യോദയത്തിനു മുൻപ് കുളിച്ച് നിലവിളക്കു തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുക; ഒപ്പം ശിവ ഗായതി ജപിക്കുക.

ക്ഷേത്രത്തിൽ
നടത്തേണ്ട വഴിപാടുകൾ

1 ശിവരാത്രി ദിവസം സമർപ്പിക്കുന്ന ഏത് വഴിപാടും അതീവഫലദായകമാണ്

2 കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് .
ബുധനാഴ്ചയേ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം. കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം.

3 ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും അതീവ വിശിഷ്ടമാണ്.

4 പിൻവിളക്ക്, ജലധാര ,മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്.

5 ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക

6 ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ
ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .

7 വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി നല്ലതാണ്.

ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം . അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയുന്നു. ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്നേ ദിവസം ബലിയിടാനുള്ള സൗകര്യം ഒരുക്കാറുണ്ട്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary : Maha Shivratri 2024: Date, Significance and all you need to know

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version