Friday, 22 Nov 2024

മഹാശിവരാത്രി വ്രതം അഭിവൃദ്ധിയിലേക്കുള്ള വഴി

ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി മഹാവ്രതം. സകല പാപങ്ങളെയും നശിപ്പിക്കുന്ന ഈ വ്രതമെടുത്താൽകുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ഈ വ്രതം    അനുഷ്ഠിക്കുന്നവർക്കും അവരുടെ ജീവിതപങ്കാളിക്കും  ദീർഘായുസ്  ലഭിക്കാൻ ഉത്തമമാണ് . ദമ്പതികൾ ഒന്നിച്ച്  വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. ചതുർദ്ദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികൾക്ക് ചതുർദ്ദശി ബന്ധം വന്നാൽ ആദ്യത്തേത് എടുക്കണം. ഫെബ്രുവരി 21 നാണ് ഇത്തവണ ശിവരാത്രി.

ശിവരാത്രിയെക്കുറിച്ചുള്ള പ്രധാന  ഐതിഹ്യം ഇപ്രകാരമാണ്: പാലാഴി മഥനം നടത്തിയപ്പോൾ ഉണ്ടായ  കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീപരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാകാതിരിക്കാൻ പാർവതി ദേവി കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വായിൽ നിന്നു പുറത്തു  പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാൻ നീലകണ്ഠനാകുകയും  ചെയ്തു . ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതി ദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി. 

ശിവരാത്രി വ്രതെടുക്കുന്നവർ തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കണം. അന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമശിവായ ജപിച്ചു ഭസ്മധാരണം നടത്തി ശിവക്ഷേത്ര ദർശനം നടത്തുക . ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസം  അനുഷ്ഠിക്കണം. അതിന്  സാധിക്കാത്തവർക്ക്  ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം.  ആ ദിവസം ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്  ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം.

അന്നദാനമാണെങ്കിൽ അത്യുത്തമം . ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ് . രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ . പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് വ്രതം മുറിക്കാം. 

ശിവരാത്രി ദിവസം ജപിക്കേണ്ട മന്ത്രങ്ങൾ:

1 കഴിയുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം – ഓം നമ : ശിവായ  ജപിക്കുക. 
2 ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം , ശിവാഷ്ടകം , ശിവസഹസ്രനാമം , ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക . 
3 . സൂര്യോദയത്തിനു മുൻപ് കുളിച്ച്  നിലവിളക്കു തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുക;  ഒപ്പം ശിവ ഗായതി ജപിക്കുക. 
ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകൾ 
1 ശിവരാത്രി ദിവസം സമർപ്പിക്കുന്ന  ഏത് വഴിപാടും അതീവഫലദായകമാണ്  
2 കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ചയേ  പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം. കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം. 
3 ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും അതീവ വിശിഷ്ടമാണ്.
4 പിൻവിളക്ക്, ജലധാര ,മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്.
5 ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക
6 ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
7 വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി  നല്ലതാണ്.

ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്.  ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം . അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു . ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്നേ ദിവസം ബലിയിടാനുള്ള സൗകര്യം ഒരുക്കാറുണ്ട്.

– വേണു മഹാദേവ്

+91 9847475559

2 thoughts on “മഹാശിവരാത്രി വ്രതം അഭിവൃദ്ധിയിലേക്കുള്ള വഴി

Comments are closed.

error: Content is protected !!
Exit mobile version