Sunday, 24 Nov 2024

മഹേശ്വരം ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം വിഷുവിന്

ലോക പ്രശസ്തിയാർജ്ജിച്ച ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ 111 അടി ഉയരത്തിൽ ഉള്ള മഹാശിവലിംഗത്തിന്റെ നിർമ്മാണത്തിന് ശേഷം പുതുതായി പണികഴിപ്പിച്ച “ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം” 2024 ഏപ്രിൽ 14 വിഷുദിനത്തിൽ രാവിലെ 7:30 ക്കും 8:00നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിഷു കൈനീട്ടമായി ലോക ജനതയ്ക്കായി സമർപ്പിക്കും. 80 അടി ഉയരത്തിൽ 64 അടി നീളത്തിൽ 8 അടി വിസ്താര പൂർണ്ണ ഭീമാകാരമായ ഹനുമാൻ ശിവലിംഗത്തിന് സമീപം ഉള്ള വൈകുണ്ഡത്തിന് മുകളിൽ വായുവിൽകൂടെ പറന്നുനിൽക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഹനുമാൻജിയുടെ ഉള്ളിലൂടെയാണ് നിർമ്മാണം പൂർത്തിയായ വൈകുണ്ഠത്തിലേയ്ക്ക് പ്രവേശിക്കുന്നത്. വൈകുണ്ഠത്തിൽ ശയനഗണപതിയെയും എട്ട് ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള അഷ്ട ലക്ഷ്‌മികളായ വീരലക്ഷ്മി , ഗജലക്ഷ്മി, സന്താനലക്ഷ്മി , വിജയലക്ഷ്മി , ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി , ഐശ്വര്യലക്ഷ്മി എന്നിവരെയും തൊഴുതു കഴിഞ്ഞു പാൽകടലിലെ അനന്തശയനവും, ദശാവതാരവും ദർശിക്കുവാൻ സാധിക്കും, വൈകുണ്ഠത്തിൽ എത്തി ദർശന ശേഷം ദേവലോകത്തേയ്ക് പ്രവേശിക്കാൻ സാധിക്കും. അവിടെ ബ്രഹ്മാവും സരസ്വതിയും മഹാവിഷ്ണു ലക്ഷ്മി ദേവി , ശിവനും പാർവ്വതിയും , ഗണപതി, മുരുകൻ അവരുടെ വാഹനങ്ങൾ, നാരദൻ , ബൃഹസ്പതി എന്നിവരടങ്ങുന്ന ദേവസഭയും ദർശിച്ചു ഭക്തർക്ക് സായൂജ്യം ലഭിക്കുന്ന രീതിയിലാണ് നിർമാണം. പുരാണങ്ങളിൽ വായിച്ച് അറിയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ വരച്ചു കാണിച്ചിരിക്കുകയാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതികൾ . ഉള്ളിലെ കാഴ്ചകൾ കണ്ടു കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കുവാനും സാധിക്കുന്ന വിധം വളരെ മനോഹരമായ രീതിയിലാണ്ആലേഖനം ചെയ്തിരിക്കുന്നത് ലോകത്ത് മറ്റ് എവിടെയും കാണാൻ കഴിയാത്ത അത്ഭുതകരമായ സൃഷ്ടികളാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മേൽനോട്ടത്തിൽ മഹേശ്വരം ശിവ പാർവ്വതി ക്ഷേത്രത്തിൽ ഒരുങ്ങുന്നത് . ഒരേസമയം കൈലാസ വൈകുണ്ഠ ദേവലോക ദർശനം നടത്തുവാൻ സാധിക്കുന്ന ലോകത്തിലെ ഒരേ ഒരു ക്ഷേത്രം.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version