Friday, 5 Jul 2024

മാഘ സപ്തമിയിൽ നർമ്മദാ ജയന്തി; പരിക്രമണം. അനേകം ജന്മ പാപം തീർക്കും

ജോക്സി ജോസഫ്
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ഒരു ആഘോഷമാണ് നർമ്മദാ മഹോത്സവം. എന്നാൽ എല്ലാ വർഷവും നർമ്മദാ ജയന്തി ആഘോഷിക്കുക പതിവുണ്ട്. മാഘ മാസം വെളുത്തപക്ഷത്തിലെ ഏഴാം ദിവസമാണ് നർമ്മദാ ജയന്തി ആചരിക്കുന്നത്. 2024 ഫെബ്രുവരി 15-ന് രാവിലെ 10:12-ന് ഇത് തുടങ്ങുകയും 16-ന് രാവിലെ 08:54-ന് അവസാനിക്കുകയും ചെയ്യും. ഈ ദിവസം നർമ്മദാ ദേവിയെ ആരാധിക്കുന്ന ഭക്തർക്ക് ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ലഭിക്കും. നർമ്മദാ നദിയുടെ ഉത്ഭവസ്ഥാനമായ മധ്യപ്രദേശിലെ അമർകണ്ഡക് നർമ്മദാ ജയന്തി ആചരിക്കുന്നതിനുള്ള മുഖ്യ സ്ഥലമാണ്. നർമ്മദാ പരിക്രമണം നടക്കുന്ന പുണ്യ ഭൂമിയാണ് നർമ്മദാ നദിയുടെ തീരങ്ങൾ. നദിയുടെ ഉത്ഭവസ്ഥാനത്ത് നിന്നും തുടങ്ങി അറബിക്കടൽ തീർത്ത് ചെല്ലുകയും നദിയെ മറികടന്ന് മറുകരയിൽ എത്തിയ
ശേഷം ഭക്തർ തിരിച്ച് ഉത്ഭവസ്ഥാനത്തെത്തിയാണ് നർമ്മദാ പരിക്രമണം പൂർത്തിയാക്കുന്നത്.

നർമ്മദയുടെ പ്രാധാന്യം
രാജ്യത്തെ അഞ്ച് പ്രധാന നദികളിൽ നർമ്മദയ്ക്ക് ഒരു മുഖ്യ സ്ഥാനമുണ്ട്, നർമ്മദാജയന്തി ദിനത്തിൽ നർമ്മദ നദിയിൽ തീർത്ഥസ്നാനം ചെയ്യുന്നത് ഭക്തരുടെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമ്മദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമ്മദ അറബിക്കടലിൽ പതിക്കുന്നു.

പുരാണ പ്രസിദ്ധം
നാഗരാജാക്കൾ ഒന്നിച്ച് നർമ്മദയെ അനുഗ്രഹിച്ചതായി വിഷ്ണുപുരാണം പറയുന്നു. ഇതിൽ സ്നാനം ചെയ്യുന്ന ഏതൊരാൾക്കും പാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും. ശിവൻ താണ്ഡവമാടുമ്പോൾ ശരീരത്തിൽ നിന്ന് ഒഴുകുന്ന വിയർപ്പായി കണക്കാക്കപ്പെട്ടിരുന്നതിനാൽ ഇതിനെ “രേവ” എന്നും വിളിക്കുന്നു. ബ്രഹ്മാവിന്റെ രണ്ട് കണ്ണുനീർ തുള്ളികൾ നർമ്മദയെയും പുത്രനെയും സൃഷ്ടിച്ചുവെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. റിഷ പര്‍വതത്തില്‍ തപസ് അനുഷ്ടിക്കുമ്പോള്‍ ശ്രീപരമേശ്വരന്റെ വിയര്‍പ്പില്‍ നിന്നും പിറവിയെടുത്ത ഈ നദിയെ ശിവപുത്രിയായി കണക്കാക്കുന്നു. ഗംഗയ്ക്ക് മുമ്പേ പിറവിയെടുത്ത ഏറ്റവും പ്രാചീന നദികളിലൊന്നാണിത്. ബ്രഹ്‌മചാരിണിയായ ഈ നദിയുടെ എല്ലാ തീരങ്ങളും പാവനവും പവിത്രവുമായതിനാല്‍ നദിയെയും നദിയിലെ ജലത്തെയും ഭക്തര്‍ പൂജിക്കുന്നു. ഇവിടുത്തെ ജലത്തെ ക്ഷീരമായി സങ്കല്‍പ്പിക്കുന്നു. നര്‍മ്മദാ നദിയെ മയ്യ എന്നാണ് നാട്ടുകാര്‍ പറയുന്നത്. നദിയെ ദേവതയായും അമ്മയായും അവര്‍ കാണുന്നു, പുണ്യ നദിയായി ആരാധിക്കുന്നു. രേവാ, അമൃത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള നദിയുടെ ഇരുകരകളിലുമായി ധാരാളം ഋഷിമാരും സന്യാസിമാരും തപസ്സനുഷ്ടിച്ചിട്ടുണ്ട്.

പദ്മപുരാണത്തിൽ
ശിവൻ ത്രിപുരദഹനം നടത്തിയത് അമരകണ്ഡക പർവ്വതത്തിൽ ആയിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വം പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നീ അസുരന്മാർ നിർമ്മിച്ച് സ്വർണ്ണ, വെള്ളി, ഇരുമ്പു ലോഹങ്ങൾ കൊണ്ടുള്ള പുരങ്ങൾ (നഗരങ്ങൾ) ഭഗവാൻ ശ്രീ പരമേശ്വരൻ ഒരൊറ്റ അമ്പെയ്ത് നശിപ്പിച്ചു. താരകാസുരന്റെ പുത്രന്മാരായ ഇവരുടെ പേര് താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിങ്ങനെയാണ്. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവർ യഥാക്രമം സ്വർണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിർമ്മിച്ച ചലിക്കുന്ന മൂന്ന് പുരങ്ങൾ (നഗരങ്ങൾ) തങ്ങൾക്കു ലഭിക്കണമെന്നും സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ തങ്ങൾക്കു നാശമുണ്ടാകാവൂ എന്നും വരം നേടി. തങ്ങളുടേതായ പുരങ്ങളിൽ യഥാക്രമം സ്വർഗം, ഭൂമി, പാതാളം എന്നിവിടങ്ങൾ അടക്കിവാണു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. മൂന്നു പുരങ്ങൾ വിമാനം പോലെ സഞ്ചരിക്കുന്നവയാണ്, ഓരോന്നിലും ഓരോരുത്തർ തങ്ങളുടെ സന്നാഹങ്ങളോടെ വസിച്ചുപോന്നു. വരലബ്ദിയാൽ ത്രിപുരന്മാർ ദേവന്മാരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു.

മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കിമാറ്റി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയും മായിരുന്നത്രെ. (വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായികെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്, വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത് )

പുണ്യനദി
ഏഴ് പുണ്യനദികളിൽ പെട്ടതാണ് നർമ്മദ. ഗംഗ, യമുന, സിന്ധു, കാവേരി, സരസ്വതി, ഗോദാവരി എന്നിയാണ് മറ്റ് പുണ്യനദികൾ. രാമായണം, മഹാഭാരതം , തുടങ്ങിയവയിലും ഈ നദിയെക്കുറിച്ച് പറയുന്നു. ഗംഗയെപ്പോലെ, നർമ്മദയെ ഒരു ദേവതയായി ആരാധിക്കുന്നു. നർമ്മദാ എന്നാൽ ആനന്ദം തരുന്നത് എന്നാണ് അർത്ഥം. ജലപ്രവാഹങ്ങളുടെ വേഗത കാരണം ഇത് വേഗത എന്നർത്ഥം വരുന്ന രേവ എന്നും അറിയപ്പെടുന്നു .

നർമ്മദാ നദി ഉത്ഭവിക്കുന്നത് അമർകാണ്ഡക് നിന്നാണ്, അമർകാണ്ഡക് എന്നാൽ അനശ്വർമാരുടെ കൊടുമുടി എന്നാണ് അർത്ഥം. രണ്ട് സംസ്കൃതം വാക്കുകൾ കൂടിച്ചേർന്നാണ് ഇതുണ്ടായിരിക്കുന്നത്. അമര്‍ എന്നാൽ മരണമില്ലാത്തത് എന്നും കാണ്ഡക് എന്നാൽ കൊടുമുടി എന്നുമാണ് അർത്ഥം.

നർമ്മദാ പരിക്രമണം
പാപമോചനത്തിവായി വർഷത്തിൽ ഒരു ദിവസം ഗംഗ വൃദ്ധയായ സത്രീയുടെ രൂപത്തിൽ നർമ്മദയിലെത്തി തന്നിൽ വന്നുചേർന്നപാപങ്ങളുടെ കറ കഴുകി കളയുമത്രെ. അതുകൊണ്ടു തന്നെ ഗംഗയെക്കാൾ പരിശുദ്ധയയായാണ് നർമ്മദാ നദിയെ കാണുന്നത്. പരിക്രമണം ആരാധനയുടെ ഭാഗമാണ്, കൂടാതെ ആചാരത്തിന്റെ അവസാനത്തെയും സൂചിപ്പിക്കുന്നു. പരിക്രമത്തിനു ശേഷം മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ആരതിയും സ്തുതി ആരാധനയും നടത്തിയ ശേഷമാണ് പ്രസാദം നൽകുന്നത്. അറബിക്കടലും നര്‍മ്മദാ നദിയുമായുള്ള ദക്ഷിണഭാഗത്തെ സംഗമസ്ഥാനം ‘വിമലേശ്വര്‍’ എന്നും ഉത്തരഭാഗത്തെ സംഗമസ്ഥാനം ‘മിട്ടീത്തലായ്’ എന്നും അറിയപ്പെടുന്നു. നര്‍മ്മദാ നദിയുടെ മഹത്വത്തിനു കാരണങ്ങളിലൊന്ന് നദിയെ പ്രദക്ഷിണം ചെയ്യുവാന്‍ കഴിയുന്നു എന്നുള്ളതാണ്. വളരെ പ്രയാസം ഏറിയതും ഏറെ പവിത്രവുമായ ദൗത്യമാണ് നര്‍മ്മദാ പരിക്രമണം. അനേകം ജന്മങ്ങളിലെ മനുഷ്യ പാപങ്ങൾ പ്രദക്ഷിണം കൊണ്ട് നശിക്കുന്നു.പരിക്രമവും അതിന്റെ തരങ്ങളും:-വലംകൈയ്‌ക്ക് നേരെ പിടിച്ച്‌ പ്രദക്ഷിണം വയ്ക്കുന്നതിനെ പരിക്രമം അല്ലെങ്കിൽ പ്രദക്ഷിണം എന്ന് വിളിക്കുന്നു. “നർമ്മദാ ഹരെ ” ഈശ്വരനാമം ജപിക്കുമ്പോൾ പ്രദക്ഷിണം സാവധാനം ചെയ്യണം. പരിക്രമം ശാന്തമായ രീതിയിൽ ധ്യാനവും ദൈവചിന്തയും ചെയ്യുന്ന ഒരുതരം ആത്മീയ പരിശീലനമാണ്. നടന്നും, പ്രണാമം ചെയ്യുമ്പോഴും വാഹനം വഴിയും പലവിധത്തിലാണ് പരിക്രമണം ചെയ്യുന്നത്. ഭക്തർനഗ്നപാദനായി നടന്ന് നടത്തുന്ന പ്രദക്ഷിണമാണ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. കാരണം ഇതിൽ എല്ലാ തീർഥാടനങ്ങളും നർമ്മദാജിയുടെ ഇരുകരകളുടെയും സംഗമസ്ഥാനങ്ങളും സന്ദർശിക്കുകയും കുളിക്കാനും ദർശനം നടത്താനും ആരാധിക്കാനും അവസരമുണ്ട്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ആശ്രമങ്ങളും ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പൈതൃക ക്ഷേത്രങ്ങളും നർമ്മദാ നദിയുടെ ഇരുവശങ്ങളിൽ ഇപ്പോഴുമുണ്ട്.അമാവാസി ദിവസങ്ങളിലും പൗര്‍ണ്ണമി ദിവസങ്ങളിലും ഭക്തര്‍ പ്രത്യേക പൂജയും ദാനവും ഈ നദിയുടെ തീരങ്ങളില്‍ അനുഷ്ഠിക്കുന്നു.

പരിക്രമം ചെയ്യുന്നവരെ പരിക്രമവാസി എന്ന് വിളിക്കുന്നു. പരിക്രമത്തിനായി ഹെലികോപ്റ്റര്‍ സംവിധാനവും നിലവിലുണ്ട്. യാത്രയുടെ വേഗത അനുസരിച്ചായിരിക്കും പരിക്രമം പര്യവസാനിക്കുന്നത്. ദിവസവും 30-35 കിലോമീറ്റര്‍ യാത്ര ചെയ്ത് 4-5 മാസം കൊണ്ട് ഗൃഹസ്ഥ പരിക്രമം തീര്‍ക്കുന്നവരും, സാവധാനം നടന്നും വിശ്രമിച്ചും സേവയും സാധനയും അനുഷ്ഠിച്ച് മൂന്ന് കൊല്ലം കൊണ്ട് സാധു പരിക്രമം തീര്‍ക്കുന്നവരുമുണ്ട്.

മൂന്ന് വര്‍ഷം മൂന്ന് മാസം പതിമൂന്ന് ദിവസം എന്നാണ് കണക്ക്. ചിലര്‍ ഇരുപത് ദിവസം കൊണ്ട് കാറില്‍ പരിക്രമം തീര്‍ക്കുന്നു. ചിലര്‍ പരിക്രമം കഴിഞ്ഞാലും പിന്നീടും പരിക്രമം ചെയ്യാറുണ്ട്. എന്നും പരിക്രമം ചെയ്തുകൊണ്ടിരിക്കുന്ന പരിക്രമവാസികളും ഉണ്ട്. പരിക്രമത്തിനിടയില്‍ മരിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

ഹനുമാന്‍ പരിക്രമം ചെയ്യുന്നവരുണ്ട്. ഹനുമാന്‍ പരിക്രമം ചെയ്യുന്നവര്‍ എല്ലാ ദിവസവും ഹനുമാന്‍ സ്വാമിയുടെ അമ്പലത്തിലായിരിക്കും രാത്രി കാലങ്ങളില്‍ വിശ്രമിക്കുന്നത്. അവര്‍ക്ക് നദി കുറുകെ കടക്കുവാനുള്ള അനുവാദമുണ്ട്. ഒരേ സമയം ഇരട്ട പരിക്രമം ചെയ്യുന്നവരുമുണ്ട്, ശിവലിംഗത്തെ പ്രദക്ഷിണം വയ്ക്കുന്നത് പോലെ. കുറച്ചു ദിവസത്തെ പരിക്രമത്തിനു ശേഷം സാഹചര്യം അനുസരിച്ച് അവസാനിപ്പിച്ചിടത്തു നിന്നും വീണ്ടും പരിക്രമം ആരംഭിക്കും.

പരിക്രമം കഴിയുന്നതും ഏകനായി നടന്നു കൊണ്ടാണ് ചെയ്യുക. ഒറ്റയ്ക്കുള്ള യാത്ര ബുദ്ധിമുട്ടാണെങ്കില്‍ ഒന്നുരണ്ടു പേരായോ ചെറിയ സംഘങ്ങളായോ പോകാവുന്നതാണ്. പരിക്രമത്തിനിടയില്‍ കഴിയുന്നതും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക. അമ്പലം, ആശ്രമം തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്രമിക്കുമ്പോഴും താമസിക്കുമ്പോഴും അവിടുത്തെ ചിട്ടകള്‍ പാലിച്ച് നിലവിലുള്ള സൗകര്യങ്ങളില്‍ തൃപ്തിപ്പെടുക. പ്രകൃതി തന്നെയാണ് അമ്മ എന്ന് എപ്പോഴും മനസ്സില്‍ ഉരുവിടുക.

പരിക്രമവാസികളെ തിരിച്ചറിയുന്നതിനുവേണ്ടി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കാറുണ്ട്, ആശ്രമങ്ങളിലോ ധര്‍മശാലകളിലോ താമസിക്കുമ്പോള്‍ ഇത് ഹാജരാക്കുകയും തിരിച്ചു പോരുമ്പോള്‍ ആ ആശ്രമത്തില്‍ താമസിച്ചു എന്ന് രേഖപ്പെടുത്തുകയും ചെയ്തുവരുന്നു.പരിക്രമത്തില്‍ വനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്, വനങ്ങളില്‍ ധാരാളം വന്യജീവികള്‍ ഉണ്ടെങ്കിലും, പൊതുവെ മൃഗങ്ങള്‍ പരിക്രമ വാസികളെ ഉപദ്രവിക്കാറില്ല. ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകള്‍ക്ക്പുറമേ പ്രാദേശിക ഭാഷകളായ മാള്‍വി, കൊര്‍ക്കൂ, തിര്‍ഹരി, ബ്രിജ്ഭാഷ, നിമഡി, ഗോണ്ടി, ബിലി, ബാഘേല്‍ഖണ്ടി, ബുന്തേല്‍ഖണ്ടി തുടങ്ങിയവയും പരിക്രമ മേഖലയില്‍ പ്രചാരത്തിലുണ്ട്. എങ്കിലും പരിക്രമവാസികള്‍ക്ക് പൊതുവേ ഭാഷയുടെ ബുദ്ധിമുട്ട് കാര്യമായി അനുഭവപ്പെടാറില്ല.

ഐക്യത്തിന്റെ പ്രതിമ
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഐക്യത്തിന്റെ പ്രതിമ) സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനു സ്മാരകമായി നര്‍മ്മദ നദിയുടെ തീരത്ത് ഉയര്‍ന്നു നില്‍ക്കുന്നു.ഹര്‍ദ ജില്ലയിലെ ഹാണ്ടിയയ്ക്ക് സമീപം നര്‍മ്മദാ നദിയില്‍ ഒരു ചെറിയ ദ്വീപിലെ പാറക്കെട്ടിനു മുകളിലായി വളരെ പുരാതനമായ ഒരു കോട്ടയുണ്ട്. ഇത്’ജോഗ ഫോര്‍ട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. കോട്ടയ്ക്ക് ചുറ്റും വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വഞ്ചിയില്‍ അടുത്ത് ചെന്നാല്‍ മാത്രമേ കോട്ട ശരിക്കും കാണുവാന്‍ സാധിക്കുകയുള്ളൂ.

നര്‍മ്മദയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കപിലധാര എന്ന പേരില്‍ അറിയപ്പെടുന്നു. അമര്‍ഘണ്ഡക്കിന് സമീപം നൂറ് അടിയോളം താഴ്ചയുള്ള ഈ വെള്ളച്ചാട്ടം പ്രകൃതി രമണീയവും അതിമനോഹരവുമാണ് ഭക്തർക്ക് കൂടുതൽ അനുഭൂതി ലഭിക്കന്നു.

നർമ്മദാഷ്ടകം
ശ്രീ. ശങ്കരാചാര്യർ തന്റെ ഗുരുവിനെ കണ്ടത് ഈ നദിക്കരയിൽ വച്ചാണ്. നർമ്മദാഷ്ടകത്തിൽ ഇതിൻ്റെ മാഹാത്മ്യം ആദിശങ്കരൻ വർണ്ണിക്കുന്നു. മദ്ധ്യപ്രദേശിലെ ഓംകാരേശ്വരിയിൽ നർമ്മദാ നദിയുടെ തീരത്തെ മാന്ധാത പർവതത്തിലാണ് സ്തൂപം സ്ഥാപിച്ചത്. നടന്നു.108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ സ്തൂപത്തിന്റെ അനാച്ഛാദനം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് നിർവഹിച്ചത്. 100 ടൺ ഭാരമുള്ള സ്തൂപം ശങ്കരാചാര്യരുടെ 12-ാം വയസിലെ രൂപത്തിലാണ് രൂപകല്പന ചെയ്യ്തിരിക്കുന്നത്.

അമർകണ്ഡക്, ഓംകാരേശ്വർ, മഹാദേവ് ക്ഷേത്രങ്ങൾ, നെമവാർ സിദ്ധേശ്വർ മന്ദിർ, ചൗസത്ത് യോഗിനി, ചൗബിസ് അവതാർ ക്ഷേത്രം തുടങ്ങിയവയാണ് ഈ നദിക്കരയിലുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.

ജോക്സി ജോസഫ്, +91 9495074921

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version