Saturday, 23 Nov 2024

മാറാരോഗങ്ങൾക്കും സന്താനക്ലേശത്തിനും ശാപദുരിതത്തിനും പരിഹാരം നാഗപൂജ

വേദാഗ്നി അരുൺ സുബ്രഹ്മണ്യം
ശിവന് ആഭരണവും വിഷ്ണുവിന് ശയ്യയും കാളിക്ക് ആയുധവുമാണ് നാഗങ്ങൾ. തത്വത്തിൽ നാഗങ്ങൾ കാലത്തെ സൂചിപ്പിക്കുന്നു. മുരുകൻ സർപ്പ രൂപം പൂണ്ട കഥ പ്രസിദ്ധമാണ്. കൺകണ്ട ദൈവങ്ങളാണ് നാഗങ്ങളും സൂര്യനും. നമ്മുടെ കണ്ണുകൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹാരത്തിനും കഴിവുളള നാഗങ്ങളെ നമ്മൾ പണ്ട് മുതലേ ആരാധിച്ചു പോരുന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതക – ചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നൂറുംപാലും, നെയ് വിളക്ക്, അരവണ, അപ്പം എന്നിവ നേദിക്കുന്നത് നാഗപ്രീതികരമാണ്.

ഏത് ദേവീദേവന്മാരുടെയും കൂടെ നാഗങ്ങൾ ഉണ്ട് .
ശിവന് വാസുകി, ഗണപതിക്ക് ശംഖപാലൻ, വിഷ്ണുവിന് അനന്തൻ എന്നിങ്ങനെ. അതിനാൽ ഏത് മൂർത്തിയോടുമൊപ്പം നാഗാരാധന ചെയ്യുന്നത് വിശേഷമായി പറയുന്നു. കശ്യപ്രജാപതിക്ക് കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ. അനന്തൻ വൈഷ്ണവ സങ്കല്പവും വാസുകി ശൈവസങ്കല്പവും ആണ്. പരശുരാമൻ കേരളം സൃഷ്ടിച്ചപ്പോൾ സർപ്പങ്ങൾ കാരണവും വെള്ളത്തിലെ ഉപ്പുരസം കൊണ്ടും ഇവിടം വാസയോഗ്യമല്ലായിരുന്നു. അതിന് പരിഹാരമായി പരശുരാമൻ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തി ഈ ഭൂമിയുടെ രക്ഷകരും കാവൽക്കാരുമാക്കി. ആ രീതിയിൽ അവരെ പൂജിക്കുമെന്ന് ഉറപ്പു നൽകി; അവർക്ക് പ്രത്യേകം വാസസ്ഥലങ്ങളും ഉറപ്പാക്കി. അതാണ് സർപ്പക്കാവ്. ഇതിന് പകരമായി നാഗങ്ങൾ ഉച്ഛ്വാസവായു കൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിച്ചു കൊടുത്തു. അങ്ങനെ പരശുരാമൻ തുടങ്ങിയ നാഗാരാധന അതിശക്തമായി തുടരുന്നു.

ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാള സർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പ്രജകളാണ് ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്ക് കാണാനാകും. പാതാള സർപ്പങ്ങൾ ദിവ്യസർപ്പങ്ങളാണ്. അവയെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും നാഗപൂജയിലൂടെ പരിഹാരം ലഭിക്കുന്നു. ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും. ജീവിതത്തിൽ മിക്ക കഷ്ടപ്പാടുകളും ഉണ്ടാകുന്നത് രാഹുദോഷം കൊണ്ടാണ്. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും കഴിയും. ആ പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ചാൽ സർപ്പദോഷങ്ങളിൽ നിന്നും മോചനമുണ്ടാകും.

നാഗരാജാവിന്റെ ഇഷ്ടാനിഷ്ടം സൂര്യചന്ദ്രന്മാരെ കൊണ്ടാണ് ചിന്തിക്കുന്നത്. സൂര്യനാണ് നാഗരാജ ദേവത. സൂര്യന്റെ ദിവസം ഞായറാഴ്ചയാണ് ; രാഹുകേതുക്കളുടേതും. സർപ്പങ്ങൾ ഇഴയുമ്പോൾ അവയുടെ ശരീരത്തിൽ പോറലുണ്ടാകും. അതിന് പരിഹാരമായാണ് സർപ്പപൂജയിൽ മഞ്ഞൾ പൊടിയിടുന്നത്. മഞ്ഞൾ പൊടി വ്രണമുണക്കും. കാവിൽ മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും എന്ന് പറയുന്നത് ഇതിനാലാണ്. എന്നാൽ കാവുകളിൽ ഉപ്പ് വിതറാൻ പാടില്ല. നാഗങ്ങളുടെ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിന് നീർവീക്കമുണ്ടാകും. അതിനാലാണ് കാവിൽ ഉപ്പ് വിതറരുത് എന്ന് പറയുന്നത്.

ഗണപതിക്ക് എന്ത് നൽകിയാലും നാഗങ്ങൾക്ക് എങ്ങനെ നൽകിയാലും തൃപ്തിയാവില്ല എന്നൊരു ചൊല്ലുണ്ട്. എത്രയൊക്കെ സംഗതികൾ ഗണപതിക്ക് നൽകിയാലും തൃപ്തിപ്പെടണമെന്നില്ല. നാഗങ്ങൾക്ക് ശുദ്ധി വളരെ പ്രാധാന്യമായതിനാൽ എങ്ങനെ നൽകിയാലും തൃപ്തിവരില്ല.

അപ്പോൾ എന്താണ് മാർഗം?

ഭക്തിയോടെ നൽകണം. ഭക്തിപൂർവം എന്ത് നൽകിയാലും, എങ്ങനെ നൽകിയാലും മതി എന്നർത്ഥം. തേങ്ങാപ്പൂളായാലും മഞ്ഞളായാലും ഗണപതിയും നാഗങ്ങളും ഭക്തിയോടെ നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും.

കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ട് കാവ്
ഉണ്ടായിരുന്നു. ഇന്ന് കാവുകൾ മറഞ്ഞു കഴിഞ്ഞു. ഉള്ളവ തന്നെ നാശോന്മുഖമാണ്. കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല. കാവുകൾ മാറ്റാനും പാടില്ല. ദേവപ്രശ്നം നോക്കി കാവു മാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം; എങ്കിലും അതിന്റെ ദോഷം പൂർണ്ണമായും മാറണമെന്നില്ല. ഏഴ് തലമുറ നില നിൽക്കും ഈ സർപ്പദോഷം. അതുകൊണ്ട് കാവ് മാറ്റി മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുന്നത് ഉത്തമം. കാവിലെ മരം മുറിക്കുന്നതും ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം. ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

കാവ് മാറ്റിവയ്ക്കുന്നത് പ്രശ്നം നോക്കാനായി എന്നെ ആലപ്പുഴ, മങ്കൊമ്പ് ഭാഗത്ത് ഒരു കൂട്ടർ വിളിച്ചു കൊണ്ടു പോയി. അവിടെ ചെന്ന് പ്രശ്നം നോക്കാൻ ഇരുന്നപ്പോൾ രണ്ട് നാഗങ്ങൾ എനിക്ക് എതിരായി വന്നിരുന്നു. ആ ലക്ഷണം കണ്ടതും പ്രശ്നം അവസാനിപ്പിച്ചു. കാവ് മാറ്റാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവ പോവുകയും ചെയ്ത സംഭവം ഇന്നും ഓർക്കുന്നു. ആ നാഗങ്ങൾ തിരികെ പോകുന്നത് ഞാൻ ആ വീട്ടുകാരെ വിളിച്ച് കാണിച്ചു കൊടുക്കയും ചെയ്തു.

കുടുംബത്തിൽ കാവുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും ശുദ്ധിയായും സൂക്ഷിക്കണം; പരിപോഷിപ്പിക്കണം. മാസത്തിലൊരിക്കൽ / വർഷത്തിൽ ഒരിക്കൽ വഴിപാടുകളും പൂജകളും നടത്തി പ്രാർത്ഥിക്കുകയും വേണം. സർപ്പങ്ങൾ ഉപദ്രവകാരികളല്ല. ആവാസ വ്യവസ്ഥ നേരെയാക്കി
നമ്മളെ സഹായിക്കുകയാണ് അവ ചെയ്യുന്നത്.

നമോസ്തു സർപ്പേഭ്യോ യേ…………..
………. യേ വാ വടേഷുശേരതേ തേഭ്യസർപ്പേഭ്യോ നമ:

സംശയപരിഹാരത്തിന് ബന്ധപ്പെടാം:

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

+91 9447384985
(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
മേൽശാന്തി )

(ചിത്രം: ഞങ്ങളുടെ കുടുംബക്കാവ്, നാഗമൺകാവ്. മുന്നിലുള്ള മരങ്ങൾ പോലും വെട്ടാറില്ല. മാസത്തിൽ ഒരിക്കൽ ഇവിടെ പൂജ നടക്കുന്നു.)

error: Content is protected !!
Exit mobile version