Wednesday, 3 Jul 2024

മാസത്തിൽ ജന്മനക്ഷത്രം രണ്ടു തവണ വന്നാൽ രണ്ടാമത്തേത് പിറന്നാൾ

ഒരു ദിവസം സൂര്യോദയം കഴിഞ്ഞ് 6 നാഴിക ഒരു നക്ഷത്രമുണ്ടെങ്കിൽ ആ ദിവസമായിരിക്കു പിറന്നാൾ.ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന ദിവസമാണ് പിറന്നാൾ. ജനിച്ച മലയാളമാസത്തിലെ നക്ഷത്രം കണക്കാക്കിയാണ് കേരളീയർ പൊതുവേ പിറന്നാൾ എടുക്കുന്നത്. എന്നാൽ ദേശഭേദമില്ലാതെ കേരളത്തിലടക്കം എവിടെയും ഇപ്പോൾ കൂടുതൽ പേരും പിറന്നാൾ ആഘോഷിക്കുന്നത്
ഇംഗ്‌ളീഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് . അതേ സമയം അവർ അല്ലെങ്കിൽ മാതാപിതാക്കൾ  തന്നെ  ജനിച്ച നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ പിറന്നാൾ കണക്കാക്കി  ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും മറ്റും ചെയ്യും. ചിങ്ങത്തിലെ അശ്വതി നക്ഷത്ര ദിവസം ജനിച്ച ആൾക്ക് ഓരോ വർഷവും ചിങ്ങത്തിലെ അശ്വതി നക്ഷത്രദിവസമാണ് പിറന്നാൾ. മൊത്തം 27 നക്ഷത്രങ്ങൾ; ഒരു മാസത്തിന് 30,31 ദിവസങ്ങൾ. അപ്പോൾ ഓരോ മാസവും ആദ്യ ദിവസങ്ങളിലെ നക്ഷത്രങ്ങൾ അവസാന ദിവസങ്ങളിലും വരും. ഒരു മാസത്തിൽ ജന്മനക്ഷത്രം രണ്ടു തവണ വന്നാൽ രണ്ടാമത്തെ ദിവസമാണ് പിറന്നാൾ ആയി ആചരിക്കേണ്ടത്. അതേസമയം രണ്ടാമത് വരുന്ന നക്ഷത്രത്തിൽ അടുത്ത മാസത്തെ സൂര്യസംക്രമം സ്പർശിക്കുന്നുണ്ടെങ്കിൽ ആ മാസത്തിലെ ആദ്യത്തെ ജന്മനക്ഷത്രം തന്നെ പിറന്നാൾ ആയി സ്വീകരിക്കണം.


സൂര്യോദയം കഴിഞ്ഞ് ആറുനാഴിക അതായത് രണ്ടു മണിക്കൂർ 24 മിനിറ്റ് എങ്കിലും ജന്മനക്ഷത്രം വരുന്ന ദിവസമാണ് പിറന്നാൾ ആയി എടുക്കേണ്ടത്. ഉദാഹരണത്തിന്  2019 നവംബർ 22 ന് സൂര്യോദയം 6.20ന്; രാവിലെ 8:44 കഴിഞ്ഞും അത്തം നക്ഷത്രം ഉള്ളതുകൊണ്ട് അതാണ് പിറന്നാൾ.   സൂര്യോദയം കഴിഞ്ഞ് ആറുനാഴികയ്ക്ക് താഴെ സമയത്തേക്കു മാത്രമേ ജന്മനക്ഷത്രം  വരുന്നുള്ളൂ എങ്കിൽ പിറന്നാൾ ആചരിക്കേണ്ടത് തലേന്നാളാണ്. ജന്മനക്ഷത്രത്തിന്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാൾ ദിവസം ഉണ്ടായിരിക്കണമെന്ന് ചുരുക്കം.  ഒരു നക്ഷത്രം ആകെ 60 നാഴിക എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ്. സൂര്യോദയം  കഴിഞ്ഞ് ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത് ജന്മനക്ഷത്രം അന്ന് 60ൽ കൂടുതലോ കുറവോ ആണെങ്കിൽ അതിനനുസരിച്ച് ആറു നാഴിക എന്നതിൽ നേരിയ വ്യത്യാസവും വരും. ഏതൊരു നക്ഷത്രവും ആകെയുള്ള 60 നാഴികയിൽ നിന്ന് എട്ടുനാഴിക വരെ കുറവോ കൂടുതലോ ഉണ്ടാകാം.

– ജ്യോത്സ്യൻ വേണു മഹാദേവ്    +91 8921709017

error: Content is protected !!
Exit mobile version