Friday, 22 Nov 2024

മാസന്തോറും ആയില്യപൂജ നടത്തിയാൽ സങ്കടങ്ങൾക്ക് അതിവേഗം പരിഹാരം

ജ്യോതിഷരത്നം വേണു മഹാദേവ്
എല്ലാ ജീവിത ക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിന് ഉത്തമമായ മാർഗ്ഗമാണ് എല്ലാ മാസവും ആയില്യപൂജ നടത്തുക. നാഗാരാധന എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരമേകും. ആയുരാരോഗ്യ സൗഖ്യം, സമ്പൽ സമൃദ്ധി, മന:സമാധാനമുള്ള ജീവിതം, സന്താന സൗഭാഗ്യം, സന്താന ദുരിതമോചനം എന്നിവയ്ക്കെല്ലാം നാഗാരാധന പോലെ ഫലപ്രദമായ മറ്റൊന്നില്ല. കന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജയും വഴിപാടുകളും ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും.

ത്വക് രോഗങ്ങളും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യയിലും വിവാഹത്തിലുമുള്ള തടസം മാറുന്നതിനും സന്താനലബ്ധിക്കും കുടുംബ കലഹം പരിഹരിക്കുന്നതിനും ഉദ്യോഗ സംബന്ധമായ വിഷമങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശങ്ങൾ മാറ്റുന്നതിനും ശത്രു ദോഷശാന്തിക്കും ക്ഷേത്രങ്ങളിൽ നടത്താവുന്ന ലളിതമായ കർമ്മമാണ് ആയില്യപൂജ. അതുപോലെ ജാതകത്തിലെ രാഹു ദോഷശാന്തിക്കും മാസം തോറും ആയില്യം നാളിൽ നൂറുംപാലും മറ്റും നടത്തുന്നത് അത്യുത്തമമാണ്. നൂറും പാലുമാണ് സർപ്പ ദേവതകൾക്കുള്ള സുപ്രധാന വഴിപാട്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും നേദിക്കും.

സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു പ്രധാന ചടങ്ങ്. ഇതാണ് സാധാരണ നടത്താറുള്ള ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാ കേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.

നാഗരാജാ മന്ത്രം

ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി മന്ത്രം

ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Summary: Importance of Ayilya Pooja and Noorum Palum

Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version