മികച്ച ജോലിക്കും അഭീഷ്ട സിദ്ധിക്കും 11 ശനിയാഴ്ച ഹനുമാന് വെറ്റിലമാലയിടൂ
തരവത്ത് ശങ്കരനുണ്ണി
ജോലിയില്ലാതെ വിഷമിക്കുന്നവരും വിദ്യാഭ്യാസത്തിൽ മികച്ച വിജയം ആഗ്രഹിക്കുന്നവരും തുടർച്ചയായി ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തി പ്രാർത്ഥിച്ചാൽ അഭീഷ്ട സിദ്ധി ലഭിക്കും. വാത്സല്യ നിധിയാണ് ഹനുമാൻ സ്വാമി; ഭക്തർ മനമുരുകി എന്ത് ചോദിച്ചാലും കനിയുന്ന മൂർത്തി. എല്ലാ മാസവും മൂലം നക്ഷത്രദിവസവും ബുധൻ, ശനി ദിവസങ്ങളും ഹനുമാൻ സ്വാമിയെ ദർശിച്ച് കഴിവിനൊത്ത വഴിപാടുകൾ ചെയ്താൽ രോഗ ദുരിതങ്ങൾ, തടസങ്ങൾ, വിവാഹത്തിന് നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ പരിഹരിക്കപ്പെടും. വ്യാഴാഴ്ചകളിൽ ഹനുമാൻ സ്വാമിദർശനം അതീവ ശുഭകരമാണ്. മനോകാമനകൾ സഫലമാകുന്നതിന്ന് വ്യാഴാഴ്ചത്തെ ആഞ്ജനേയ ദർശനം ഉത്തമമാണ്. ഹനുമാന് തുളസിമാല ചാർത്തി ചോറും തൈരും നേദിച്ച് പ്രാർത്ഥിച്ചാൽ കടബാദ്ധ്യതകളിൽ നിന്നും മോചനം ലഭിക്കും. വെറ്റിലമാല, തുളസിമാല, നാരങ്ങാ മാല, വടമാല, പൂമാല എന്നീ അഞ്ച് മാലകൾ ആഞ്ജനേയനെ അണിയിച്ച് തൊഴുതാൽ എല്ലാ വിധ ദോഷങ്ങളും ആകലും. വെറ്റിലമാല ചാർത്തി കുങ്കുമാർച്ചന നടത്തി ആരാധിച്ചാൽ തൊഴിൽ രംഗത്തും വ്യാപാരത്തിലുമുള്ള തടസങ്ങൾ ഒഴിവാക്കാനാകും.
വെണ്ണ കാപ്പ് ചാർത്തി ധ്യാനിച്ചാൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ഹനുമാന് വെണ്ണക്കാപ്പ് അണിയിക്കുന്നത് അതിവിശിഷ്ടമായി കരുതപ്പെടുന്നു. ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
രാമ, രാവണ യുദ്ധത്തിൽ വളരെയധികം ബുദ്ധിമുട്ടിയത് ഹനുമാനാണ്. തന്റെ ശരീരത്തിലുള്ള പരിക്കുകളും മുറിവുകളും വകവയ്ക്കാതെ രാമനേയും ലക്ഷ്മണനെയും ഹനുമാൻ ചുമന്നു. രാവണൻ എയ്ത അമ്പുകൾ ഒട്ടേറെ ഹനുമാന്റെ ശരീരത്തിൽ തറച്ചു. എന്നാൽ ശിവ അംശമായതിനാൽ അവയ്‌ക്കൊന്നും ഹനുമാനെ ഒന്നും ചെയ്യാനായില്ല. എങ്കിലും അമ്പേറ്റതിനാൽ ദേഹം മുഴുവൻ വ്രണമായി. യുദ്ധം കഴിഞ്ഞപ്പോൾ ഹനുമാന്റെ ശരീരത്തിലെ മുറിവുകൾ സീതാദേവി കണ്ടു. ദേവി അപ്പോൾ വെണ്ണയെടുത്തു കൊടുത്തിട്ട് അത് ദേഹം മുഴുവൻ പുരട്ടുവാൻ ഹനുമാനോട് നിർദ്ദേശിച്ചു. അപ്രകാരം ചെയ്യവേ, മേനി തണുത്ത് മുറിവുകൾ ഉണങ്ങി. അതുകൊണ്ട് ഹനുമാന് ആശ്വാസവും കിട്ടി. അങ്ങനെ ഹനുമാന് വെണ്ണ ചാർത്തി പ്രാർത്ഥിക്കുന്നത് പതിവായി. വെണ്ണ ഹനുമാന്റെ ശരീരത്തിൽ തൊട്ടു തടവിവേണം ചാർത്താൻ. വിഗ്രഹത്തിലേക്ക് വെണ്ണ എടുത്തെറിയരുത്. വെണ്ണക്കാപ്പ് ചാർത്തിയാൽ സമ്പൽസമൃദ്ധിയും ജീവിതത്തിൽ സമാധാനവും നല്ല ആരോഗ്യവും സ്ഥായിയായി ഹനുമാൻ നൽകും എന്ന് വിശ്വാസം. ഹനുമാൻ സ്വാമിക്ക് എന്ത് വഴിപാട് നടത്തുമ്പോഴും സ്വയം 108 തവണ ഓം ഹം ഹനുമതേ നമ: ജപിക്കണം. ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ഓം ആഞ്ജനേയായ നമ: എന്നും ജപിക്കണം.
തരവത്ത് ശങ്കരനുണ്ണി,
+91 9847118340
Story Summary: Offerings to Please Hanuman Ji