Saturday, 23 Nov 2024

മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം കൂറുകാർക്ക്നല്ല സമയം; 1199 മേടം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി

1199 മേടം 1 മുതൽ 31 ( 2024 ഏപ്രിൽ 14 – മേയ് 14 )
വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാലും പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ മേട സംക്രമം മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടക്കൂറ്
(അശ്വതി,ഭരണി, കാര്‍ത്തിക1/4)
ദാമ്പത്യസൗഖ്യത്തിന് അല്പസ്വല്‌പം വിട്ടു വീഴ്ചാ മനോഭാവം വേണ്ടിവരും. കുഴപ്പമുള്ള, അബദ്ധത്തിൽ
കൊണ്ടുപോയി ചാടിക്കുന്ന എല്ലാ കൂട്ടുകെട്ടുകളും ഉപേക്ഷിക്കണം സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാവും നല്ലത്. വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും. ചെറിയ അസുഖങ്ങൾ പോലും അവഗണിക്കരുത്.

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. നാഡീ ഉദര രോഗങ്ങൾ ഒട്ടും അവഗണിക്കരുത്. യുക്തിപൂർവ്വമുള്ള സമീപനത്താൽ പ്രലോഭനങ്ങൾ അതിജീവിക്കും. ഔദ്യോഗിക തലത്തിൽ ചുമതലകളും യാത്രാക്ലേശവും വർദ്ധിക്കും. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. പിതാവിന്റെ ആരോഗ്യത്തിൽ മികച്ച ശ്രദ്ധ വേണം. അനാവശ്യമായ അശുഭചിന്തകൾ പാടില്ല.

മിഥുനക്കൂറ്
(മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
അർദ്ധമനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണ്ണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതി നേടാനും യോഗമുണ്ട്. ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ഔദ്യോഗിക തലത്തിൽ പരമാധികാരം ലഭിക്കും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് അർഹതയുള്ളവരിൽ നിന്ന് അനുമോദനം നേടും. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും.

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം,ആയില്യം)
പറയുന്നതും ആഗ്രഹിക്കുന്നതുമായ ചില കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുന്നതിൽ ആശ്ചര്യം തോന്നും. സമന്വയ സമീപനത്താൽ സർവ്വകാര്യ വിജയം നേടും. വസ്തു തർക്കം പരിഹരിച്ച് അർഹമായ പൂർവ്വിക സ്വത്ത് നേടും. പരീക്ഷ , ഇന്റർവ്യൂ , മത്സരങ്ങൾ, കായികരംഗം തുടങ്ങിയവയിൽ വിജയിക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താനിടവരും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽസമൃദ്ധിയും ഉണ്ടാക്കും.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4 )
വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ വരാതെ സൂക്ഷിക്കണം. അപ്രധാന കാര്യങ്ങൾ അനാവശ്യമായി ആലോചിച്ചു കൂട്ടി മന: സംഘർഷം കൂട്ടുന്ന രീതി ഉപേക്ഷിക്കണം. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. ഈശ്വര പ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യം അതിജീവിക്കും. ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

കന്നിക്കൂറ്
(ഉത്രം 3/4,അത്തം, ചിത്തിര1/2)
അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്. ജീവിതഗതിയെ മാറ്റിമറിക്കുന്ന പല ഘട്ടങ്ങളെയും തന്ത്രപരമായി അതിജീവിക്കേണ്ടതായി വരും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധ ഏൽക്കാതെ യും സൂക്ഷിക്കണം. സുഹൃദ് ബന്ധങ്ങൾ പലതും വന്നു ചേരുമെങ്കിലും തിരഞ്ഞെടുക്കുമ്പോൾ
വളരെ സൂക്ഷിക്കണം.

തുലാക്കൂറ്
(ചിത്തിര1/2,ചോതി, വിശാഖം3/4 )
ജീവിത യാഥാർത്ഥ്യം മനസ്സിലാക്കി പ്രാർത്ഥനയോടെ ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. മേലധികാരികളിൽ നിന്ന് തൃപ്തികരമല്ലാത്ത പ്രതികരണം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതൊരു കാര്യത്തിനും ഒന്നിൽ കൂടുതൽ തവണ യത്നിക്കേണ്ടി വരും. അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും. പ്രായക്കൂടുതൽ ഉള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , ത്യക്കേട്ട)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിജയ പ്രതീക്ഷകൾ സഫലമാകും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തികരിച്ച് ഗൃഹപ്രവേശന കർമ്മം നിർവ്വഹിക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കാനും പുതിയ ഭരണസംവിധാനങ്ങൾ അവലംബിക്കുവാനും സാധിക്കും. നിരവധി കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.

ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)
അനാവശ്യമായ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങൾ കാരണം ചില ദു:ശ്ശീലങ്ങൾ ഒഴിവാക്കും. ആദായകരമല്ലാത്ത വിവിധ കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാക്കുന്ന പ്രവ്യത്തികൾ ഒഴിവാക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിന് ധനം ചെലവു ചെയ്യും. ശത്രുക്കളുടെയും ഏഷണിക്കാരുടെയും ഉപദ്രവം ഉണ്ടായേക്കാം.

മകരക്കൂറ്
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
പുതിയ കർമ്മപദ്ധതി ഏറ്റെടുക്കേണ്ടി വരുമെങ്കിലും സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും പിൻമാറുകയാണ് നല്ലത്. അധികച്ചെലവ് നിയന്ത്രിക്കണം. ആരോഗ്യ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. പല പ്രകാരത്തിലും അസുഖങ്ങൾ വർദ്ധിക്കുന്നതിനാൽ വിദഗ്ധ ചികിത്സ വേണ്ടി വരും. എല്ലാ കാര്യങ്ങൾക്കും പ്രയത്നം കൂടുതൽ വേണ്ടി വരും. ദുർവാശിയുള്ള സഹോദരന്റെ നിർബന്ധം കാരണം പൂർവിക സ്വത്ത് ഭാഗം വയ്ക്കാനിടവരും.

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
പ്രവർത്തനമണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സാമ്പത്തിക നേട്ടമുണ്ടാകും. സ്വപ്ന സാക്ഷാത്കാരത്തിൽ ആത്മനിവൃതിയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. വർഷങ്ങൾക്ക് ശേഷം സഹപാഠിയെ കാണാനും ഗതകാല സ്മരണകൾ പങ്കുവെക്കാനും അവസരം ഉണ്ടാകും.

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. അയൽക്കാരുമായി വാക്കുതർക്കത്തിന് പോവാതിരിക്കുക. വീഴ്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പക്വതയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അപവാദങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ കൂട്ടുകെട്ടിൽ ശ്രദ്ധ വേണം. സുദീർഘമായ ചർച്ചയിലൂടെ അബദ്ധ ധാരണകൾ ഒഴിഞ്ഞു പോകും. പരിധിയിലധികം പണം കുറച്ച് കരാറുജോലികളൊന്നും ഏറ്റെടുക്കരുത്.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version