Friday, 22 Nov 2024

മീനഭരണിക്ക് ഭഗവതിയെ തൊഴുതാൽ മാറാരോഗങ്ങളും ദുരിതങ്ങളും ശമിക്കും

മംഗള ഗൗരി
മീനമാസത്തിലെ സുപ്രധാന വിശേഷമായ മീനഭരണി 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ്. ദേവീഭക്തർക്ക് ഭക്ത്യാദരവോടെ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് പ്രാർത്ഥനയിൽ മുഴുകി ഭദ്രകാളി പ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണിത്. ഈ ദിവസം ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്നത് കാര്യസിദ്ധിക്ക് ഉത്തമമാണ്. ദുഷ്ട സങ്കല്പമായ തിന്മയ്ക്കുമേൽ ദേവീ സങ്കല്പമായ നന്മയുടെ വിജയം ക്ഷേത്രാചാരങ്ങളിൽ ദൃശ്യമാകുന്ന ദിനം കൂടിയാണ് മീനഭരണി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ലോക പ്രശസ്തമായ വിശേഷമാണിത്. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ശാർക്കര ക്ഷേത്രത്തിൽ ആറാട്ടും കന്യാകുമാരി ജില്ലയിലുള്ള കൊല്ലങ്കോട് ക്ഷേത്രത്തിൽ തൂക്കവും ഈ ദിവസമാണ് നടക്കുന്നത്.

കാളിക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം കൊടുങ്ങല്ലൂർ ക്ഷേത്രത്തിനാണ്. ഈ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കൊണ്ടുവന്നതോ, കൊടുങ്ങല്ലൂർ അമ്മയെ സങ്കല്പിച്ചു പ്രതിഷ്ഠിച്ചതോടെ ആയ നിരവധി ഭദ്രകാളി ക്ഷേത്രങ്ങൾ
വിവിധ സ്ഥലങ്ങളിലുണ്ട്. ചെട്ടികുളങ്ങര, ആറ്റുകാൽ തുടങ്ങിയ ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കാണുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തെയാണ്.

ദാരികനെ നിഗ്രഹിക്കാൻ അവതരിച്ച ഭദ്രകാളിയാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂരമ്മയായി, പുണ്യ പ്രദായിനിയായി കുടികൊള്ളുന്നത്. മീനഭരണി ദിവസം ഏതെങ്കിലും ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവതിയെ തൊഴുതാൽ മാറാരോഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകന്ന് സർവ്വൈശ്വര്യങ്ങളും മനോബലവും വർദ്ധിക്കുമെന്നാണ് വിശ്വാസം. മീന ഭരണി ദിവസം ഭദ്രകാളിയുടെ ധ്യാനം, മൂലമന്ത്രം, അഷ്ടോത്തരം, സഹസ്രനാമം, ഭദ്രകാളി മഹാത്മ്യം, ഭദ്രകാളിപ്പത്ത് തുടങ്ങിയ ജപിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും ക്ഷിപ്രഫലദായകമാണ്. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ഭദ്രകാളി ധ്യാനവും അഷ്ടോത്തരവും:

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version