Friday, 22 Nov 2024

മീന സംക്രമം, ഷഷ്ഠി, ശബരിമല കൊടിയേറ്റ് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 മാർച്ച് 10 – 16 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

മൗനി അമാവാസി, മണ്ടയ്ക്കാട്ട് കൊട, മീന രവി സംക്രമം ഷഷ്ഠി, ശബരിമല കൊടിയേറ്റ് , പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവാരംഭം, റംസാൻ നോമ്പ് ആരംഭം എന്നിവയാണ് 2024 മാർച്ച് 10 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. പ്രത്യേകതകൾ ധാരാളം ഉള്ളതാണ് കുംഭത്തിലെ മൗനി അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവ് 2024 മാർച്ച് 10 ഞായറാഴ്ചയാണ്. മാർച്ച് 11 തിങ്കളാഴ്ചയാണ് റംസാൻ നോമ്പ് ആരംഭം. 12 ന് ചൊവ്വാഴ്ചയാണ് മണ്ടയ്ക്കാട്ട് കൊട. കുംഭത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. 3.5 മീറ്റർ ഉയരമുള്ള ഒരു മൺപുറ്റാണ് ഇവിടെ പാർവതി ദേവീ സങ്കല്പത്തിൽ ആരാധിക്കുന്നത്. സ്വയംഭൂദേവിയാണ് ചിതൽപ്പുറ്റ് ; കുംഭച്ചൂടിൽ പുറ്റിൽ ഉണ്ടാകുന്ന വിള്ളൽ ചന്ദനം നിറച്ച് നികത്തും. ഇതാണ് കൊടമഹോത്സവം. മാർച്ച് 14 നാണ് മീനസംക്രമം. അന്ന് വ്യാഴാഴ്ച പകൽ 12 മണി 38 മിനിട്ടിന് ഭരണി നക്ഷത്രത്തിൽ മീന രവിസംക്രമം നടക്കും. മീനസംക്രമം സൂര്യപൂജയ്ക്കും സൂര്യ പ്രീതികരമായ കർമ്മങ്ങൾക്കും വിശേഷമാണ്. മാർച്ച് 15 നാണ് മീന മാസത്തിലെ ഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതി നേടാൻ മാത്രമല്ല മഹാദേവൻ്റെ അനുഗ്രഹങ്ങൾക്കും മീനത്തിലെ ഷഷ്ഠി ഉത്തമമാണ്. അടുത്ത ദിവസം ശനിയാഴ്ചയാണ് ശബരിമലയിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും 10 ദിവസത്തെ പൈങ്കുനി ഉത്സവാരംഭം. പങ്കുനി ഉത്രത്തിന് ആറാട്ടു വരത്തക്ക രീതിയിലാണ് ശബരിമല ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. പമ്പയിലാണ് ആറാട്ട്. മാർച്ച് 4 ന് തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വരുമാനം വർദ്ധിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നതും
വിശ്വസിക്കുന്നതും ഒഴിവാക്കണം. സുഹൃത്തുക്കൾക്ക് വേണ്ടി കൂടുതൽ സമയവും പണവും ചെലവിടുന്നത് ജീവിതപങ്കാളിയെ വേദനിപ്പിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. സർക്കാർ ആനുകൂല്യങ്ങൾ
ലഭിക്കും. ജോലിത്തിരക്ക് കാരണം ദാമ്പത്യബന്ധത്തിൽ അകൽച്ചയുണ്ടാകും. ഏറെ ആഗ്രഹിച്ച ജോലി ലഭിക്കും.
ദിവസവും 108 ഉരു ഓം ദും ദുർഗ്ഗയൈ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4 , രോഹിണി, മകയിരം 1, 2)
എതിർലിംഗത്തിലുള്ള ഒരു വ്യക്തിയോട് ആകർഷണം അനുഭവപ്പെടും. ആരോഗ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
ആലോചിക്കാതെ ആർക്കും വേണ്ടിയും ധാരാളം പണം ചെലവാക്കരുത്. മാതാപിതാക്കൾ, സഹോദരങ്ങൾ
തുടങ്ങിയവരുടെ അമിതമായ ഇടപെടൽ മാനസികമായ സമ്മർദ്ദം സൃഷ്ടിക്കാം. ദാമ്പത്യജീവിതം ശക്തമാകും.
കർമ്മശേഷി വർദ്ധിക്കും. ബിസിനസ്സ് മെച്ചപ്പെടുത്താൻ സുപ്രധാന തീരുമാനം എടുക്കും. ആത്മവിശ്വാസം കൂടും.
ഓം നമോ ഭഗവതേ വാസുദേവായ ദിവസവും ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര പുണർതം 1, 2, 3 )
നേത്ര സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. കൂടുതൽ പണം കൈവശം വരും. എന്നാൽ
അത് ആവശ്യത്തിന് മതിയാകാത്തതിനാൽ ഒരു വായ്പ എടുക്കാൻ ആലോചിക്കും. ഗൃഹപരമായ ചുമതലകൾ വർദ്ധിക്കും. അത് മാനസികമായി പിരിമുറുക്കം നൽകും. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നല്ല പുതുമ നിലനിർത്തും. ബിസിനസ്സിൽ ഒരു പുതിയ പങ്കാളിയെ ചേർക്കുന്നതിൻ്റെ നാനാവശങ്ങൾ നന്നായി ചിന്തിക്കണം.
വിദ്യാർത്ഥികൾക്ക് സമയം വളരെ നല്ലതായിരിക്കും. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും കിട്ടും. നല്ല സമയം പ്രയോജനപ്പെടുത്തി പണം സമ്പാദിക്കാൻ ശ്രമം നടത്തും. വീട്ടിലെ സ്ത്രീകളെ സഹായിക്കും. ശുഭചിന്ത വർദ്ധിക്കും. മാനസികസമ്മർദ്ദവും ദേഷ്യവും ശല്യം ചെയ്യും. ജീവിത പങ്കാളിയുമായി മാനസികവും ആത്മീയവുമായ ഐക്യം അനുഭവപ്പെടും. ജോലിസ്ഥലത്ത് എതിർലിംഗക്കാരോട് കൂടുതൽ അടുക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം പ്രതിച്ഛായയെ മോശകരമായി ബാധിക്കും. വിദ്യാത്ഥികൾ
മികച്ച പ്രകടനം നടത്തും. ശാസ്താ പ്രീതിക്ക് ശ്രമിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യസംബന്ധമായ പ്രയാസങ്ങൾ പരിഹരിക്കും. ആശങ്കയും അനിശ്ചിതത്വവും മാറും. ആത്മവിശ്വാസം വർദ്ധിക്കും. തീർത്ഥാടനം നടത്തും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ തലയിട്ട് പേരുദോഷമുണ്ടാക്കരുത്. സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. നഷ്‌ടപ്പെട്ടത് പലതും വീണ്ടെടുക്കുന്നതിന് കഴിയും. ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. ശമ്പളവർദ്ധനവ് ലഭിക്കും. എടുത്തുചാട്ടം നിയന്ത്രിക്കണം. വാഹനം ഓടിക്കുമ്പോൾ സാഹസികത പാടില്ല. കുടുംബസ്വത്ത് കൈവശം വരും. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
അച്ഛന്റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതി ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി സംസാരിക്കാൻ കഴിയും. വ്യത്യസ്ത അനുഭവങ്ങളുടെ ബലത്തിൽ പുതിയ തന്ത്രങ്ങളും പദ്ധതികളും അവിഷ്കരിക്കും. യാത്രകൾ
മാറ്റിവയ്ക്കും. ആത്മവിശ്വാസം വീണ്ടെടുക്കും. പണം വിവേകത്തോടെ നിക്ഷേപിക്കും. സഹപ്രവർത്തകർ വഞ്ചിക്കാൻ സാധ്യത കാണുന്നു. എല്ലാക്കാര്യങ്ങൾക്കും ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ആത്മവിശ്വാസം വീണ്ടെടുക്കും. ഭൂമി അല്ലെങ്കിൽ വീട് വാങ്ങാൻ ശ്രമിക്കും. ദിവസവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായ ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യും. മാനസിക പിരിമുറുക്കം വർദ്ധിക്കും. കുടുംബത്തിലെ അംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമ പാലിക്കണം.
ജീവിതപങ്കാളിയുടെ മധുരവുമുള്ള വാക്കുകൾ നിങ്ങളെ സന്തോഷിപ്പിക്കും. ഔദ്യോഗിക വിജയത്തിന് സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും നന്ദി പറയും. മത്സരപരീക്ഷയിൽ വിജയിക്കും. സുഹൃത്തിന്റെ സ്വാർത്ഥമായ പെരുമാറ്റം കാരണം വിഷമിക്കും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു വീതം ജപിക്കണം.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ഒരു കുടുംബാംഗത്തിന്റെ ആരോഗ്യത്തിലെ ആശങ്ക മാറും. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ
കഴിയും. ചെലവുകൾ വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വിഷമിക്കും. ജീവിതത്തിന്റെ
വിവിധ മേഖലകളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയമല്ല. ജീവിതപങ്കാളിയോട് ഒട്ടും തന്നെ പരുഷമായി പെരുമാറരുത്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമായിരിക്കും. ദിവസവും ഓം ഭദ്രകാള്യൈ നമഃ 108 ഉരു ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1)
കർമ്മരംഗത്ത് വളരെ നല്ല സമയമാണ്. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
വ്യാപാരത്തിൽ നല്ല ലാഭം കരസ്ഥമാക്കും. പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കും. രുചികരമായ ഭക്ഷണം ആസ്വദിക്കാൻ കഴിയും. ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കും. പ്രണയസംബന്ധമായി സമയം വളരെയധികം നല്ലതാണ്. ഓഫീസിൽ, പുതിയ ചുമതലകൾ ലഭിക്കും. അത് ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിൽ മികവ്
കാട്ടും. ശിവപ്രീതി നേടാൻ ഓം നമഃ ശിവായ ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തികമായി ശരാശരിയിലും മികച്ച ഫലങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. കണ്ഠ രോഗങ്ങൾക്ക്
ശമനമുണ്ടാകും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. ബിസിനസ്സിൽ നിരവധി നല്ല അവസരങ്ങൾ
തുറന്നു കിട്ടും. സന്താനഭാഗ്യം കാണുന്നു. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് എല്ലാത്തരം മുൻകാല നഷ്ടങ്ങളും മറികടക്കാനാകും. ജോലിയിൽ മുന്നേറാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രമുഖ വ്യക്തികളെ കണ്ടുമുട്ടും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കും. പങ്കാളിയോടുള്ള പ്രതിബദ്ധതയും താല്പര്യവും കൂടും. തെറ്റായ ഉപദേശം കാരണം ബിസിനസുകാർക്ക് ചില
പ്രശ്നങ്ങൾ നേരിടേണ്ടിവരാം. സാമ്പത്തിക ഞെരുക്കം മറികടക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും.
ഊർജ്ജസ്വലവും ഊഷ്മളവുമായ പെരുമാറ്റം നിങ്ങളുടെ ചുറ്റുമുള്ളവർക്കും കുടുംബാംഗങ്ങൾക്കും സന്തോഷം പകരും. എവിടെയും സാഹചര്യത്തിനൊത്ത് ഉയരാൻ കഴിയും. നിത്യവും ഓം ശരവണ ഭവഃ 21 ഉരു ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പുതിയ ഉറവിടങ്ങളിൽ നിന്ന് പെട്ടെന്ന് പണം ലഭിക്കും. സന്തോഷം ഇരട്ടിക്കും. ശുഭചിന്തകൾ ശക്തമാകും.
കുടുംബത്തിൽ ഐക്യം കൊണ്ടുവരുന്നതിന് നിങ്ങളുടെ ജീവിതപങ്കാളി സഹായിക്കും. ചില നല്ല വാർത്തകൾ കേൾക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യം വർദ്ധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. ദൂരസ്ഥലത്തേക്ക് ഒരു യാത്ര പോകും. സാമൂഹികമായി നിങ്ങളുടെ അന്തസ്സ് വർദ്ധിക്കാൻ സാദ്ധ്യത കാണുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും. ഓം നമോ നാരായണായ ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version