Monday, 25 Nov 2024

മുടിപ്പുരകളിലെ ഭദ്രകാളിയും ആറ്റുകാൽ ഭഗവതിയും

ജ്യോതിഷരത്നം വേണു മഹാദേവ്

വിശ്വപ്രസിദ്ധമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം പണ്ടൊരു മുടിപ്പുര ആയിരുന്നു. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അവർണ്ണരെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിരുന്നവർക്കും നാനാ ജാതി മതസ്ഥർക്കും അറ്റുകാൽ മുടിപ്പുര ദർശനത്തിന് അനുവാദം ഉണ്ടായിരുന്നു. വിഷ്ണു തീർത്ഥൻ എന്നൊരു സാത്വികനായിരുന്നു ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ ബ്രാഹ്മണ ശാന്തിക്കാരൻ. 1897 ൽ ദിവാൻ ബഹദൂർ ജസ്റ്റിസ് ആറ്റുകാൽ ഗോവിന്ദപ്പിളളയുടെ നേതൃത്വത്തിലാണ് മുടിപ്പുര ക്ഷേത്രമാക്കിയത്.

പ്രതിഷ്ഠയില്ലാതെ പീഠത്തിൽ പട്ടു വിരിച്ച് അതിൽ വാൾ ചാരി വച്ച് പ്രതീകാത്മകമായി ഭദ്രകാളിയെ പൂജിക്കുന്ന ക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത്. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെയും മിക്ക ദേവീ ക്ഷേത്രങ്ങളും ഒരു കാലത്ത് മുടിപ്പുരകളായിരുന്നു. പണ്ടത്തെ ആറ്റുകാലിനെക്കുറിച്ച് എഴുത്തുകാരനായ പ്രൊഫ. കുഞ്ഞു ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: അന്ന് അതൊരു ചെറിയ മുടിപ്പുരയായിരുന്നു. തെക്കതു തന്നെ. ഒരു ചെറിയ ചാവടിയും ഉണ്ടായിരുന്നു. മുടിപ്പുരയുടെ മുന്നിൽ കുഴിച്ചു നിറുത്തിയിരുന്ന തടിയൻ കമ്പി വിളക്കുകളിൽ കരിന്തിരി എരിഞ്ഞ പാടുകൾ കണ്ടിരുന്നു.

ക്ഷേത്രം നിർമ്മിച്ച് വരിക്കാപ്ലാവിന്റെ കാതലിൽ കൊത്തിയുണ്ടാക്കിയ ചതുർബാഹുവായ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ തെക്കതിൽ ദേവിയെന്ന പേരു മാറി അമ്മ ആറ്റുകാൽ ദേവിയെന്ന് അറിയപ്പെട്ടു തുടങ്ങി. അതോടെ പൂജകൾക്ക് അടുക്കും ചിട്ടയും വന്നു. ആചാരങ്ങൾ കർശനമായി പാലിച്ചു തുടങ്ങി. ഉപദേവതകളെയും പ്രതിഷ്ഠിച്ചു. തെക്കൻ കേരളത്തിലെ മിക്ക മുടിപ്പുരകളുടെയും ക്ഷേത്രമായുള്ള പരിണാമം ഇത്തരത്തിലാണ്. പീഠത്തിനും വാളിനും പകരം ആദ്യം തന്നെ വരിക്കപ്ലാവിൽ പണിത ഭദ്രകാളിയുടെ പ്രതിരൂപം ആരാധിച്ചു പോന്ന ദേവീക്ഷേത്രങ്ങളെയും മുടിപ്പുരകൾ എന്ന് അറിയപ്പെട്ടിരുന്നു. ദേവിയുടെ ചൈതന്യവാഹിയായ തിരുമുടി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥാനം എന്നാണ് പൊതുവേ മുടിപ്പുര എന്ന പേരു കൊണ്ട് അർത്ഥമാക്കുന്നത്. സാധാരണ ഭദ്രകാളി ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മുടിപ്പുരകളിൽ സ്ഥിരപ്രതിഷ്ഠ ആയിരിക്കില്ല. ഇവിടുത്തെ പ്രതിഷ്ഠയെ ചലിക്കുന്ന വിഗ്രഹം എന്ന അർത്ഥം വച്ചുള്ള ചരബിംബം ആയിട്ടാണ് പ്രതിഷ്ഠിക്കുന്നത്. എന്നാൽ സ്ഥിരപ്രതിഷ്ഠയും ഒപ്പം തിരുമുടിയും ഉള്ള ക്ഷേത്രങ്ങളും അപൂർവ്വമായി കാണാറുണ്ട് . തിരുമുടി എന്നാൽ ദേവിയുടെ കിരീടം എന്നാണ് അർത്ഥം. വരിക്കപ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചരബിംബത്തെയാണ്‌ അതായത് ചലിക്കുന്ന ബിംബത്തെയാണ്‌ ഭദ്രകാളി തിരുമുടി എന്ന് പറയുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ മൂർത്തിയുടെ ബിംബം പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ അത് പുറത്ത് എടുക്കില്ല. എന്നാൽ തിരുമുടി ഇതിൽ നിന്ന് വിഭിന്നമാണ്. ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം തലമുടി ആയി സങ്കൽപ്പിച്ചുകൊണ്ട്‌ പാമ്പുകളെയുമാണ് ഇതിൽ കൊത്തി ചേർക്കുന്നത്. മുഖം ഇല്ലാത്ത തിരുമുടികളും ധാരാളമായി കാണപ്പെടുന്നു. രണ്ട് ഭാവത്തിൽ ആണ് തിരുമുടികൾ സാധാരണ കൊത്തുന്നത് ശാന്തരൂപത്തിലും രൗദ്ര ഭാവത്തിലും. മുടി കൊത്താൻ എടുക്കുന്നത് ക്ഷേത്ര അതിർത്തിക്ക് ഉള്ളിൽ വളർന്ന വരിക്കപ്ലാവ് തന്നെ ആയിരിക്കും അതിനെ മാതൃവൃക്ഷം എന്നാണ് പറയുന്നത്.

മുടി കൊത്തിയ ശേഷം സ്വർണ്ണവും ഒപ്പം വിലയേറിയ രത്നകല്ലുകളും കൊണ്ടും അലങ്കരിച്ചാണ് പ്രതിഷ്ഠ. തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മൂലഹാരവും ചിലമ്പുകളും വച്ച് ആരാധിക്കുന്നു. മണിപീഠത്തിന് മുകളിലാണ് തിരുമുടി ഇരുത്തുന്നത്‌.വടക്കു ദർശനമായാണ് പ്രധാനമായും തിരുമുടി പ്രതിഷ്ഠിക്കുക. രണ്ടു തിരുമുടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും നിരവധിയുണ്ട്. രണ്ടു തിരുമുടികൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ കിഴക്കോട്ടും വടക്കോട്ടുമായിട്ടാണ് പ്രതിഷ്ഠിക്കുക.

മുടിപ്പുരകളിലെ ഉത്സവം വ്യത്യസ്തമാണ്. പൊതുവിൽ ഇത് കാളിയൂട്ട് എന്നാണ് അറിയപ്പെടുന്നത്. കാളിയെ ഊട്ടുക എന്നാണ് അർത്ഥം. ദേവിയുടെ ജന്മനാളായ ഭരണി നാളിലാണ് കാളിയൂട്ട്. ചില സ്ഥലത്ത് കുംഭ ഭരണി കാളിയൂട്ടും മറ്റിടങ്ങളിൽ മീന ഭരണി കാളിയൂട്ടും നടക്കും. പച്ച തെങ്ങോല കൊണ്ട് പന്തൽ ഉണ്ടാക്കി ദേവിയുടെ വിഗ്രഹം ശ്രീകോവിൽ നിന്ന് പുറത്ത് എടുത്ത് അവിടെ ഇരുത്തും. തുടർന്ന് തോറ്റം പാട്ടിലൂടെ ഭദ്രകാളി ദേവിയെ കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ച് കാപ്പു കെട്ടി കുടിയിരുത്തുന്നു. തുടർന്ന് തോറ്റം‌ പാട്ടുകാർ ഭദ്രകാളി ചരിതം പാടുന്നു.ഈ പാട്ടിന്റെ ഓരോ സന്ദർഭത്തിന് അനുസരിച്ചാണ് പൂജകൾ നടക്കുന്നത്.

ദേവിയുടെ മുടി പന്തലിൽ കുടിയിരുത്തി കഴിഞ്ഞാൽ അവിടെ പൂജകൾ ചെയ്യുന്നത് വിശ്വകർമ്മജർ, നായർ, പറയർ, ഈഴവർ എന്നീ സമുദായത്തിൽ പെട്ടവർ ആയിരിക്കും. ചെങ്കദളിപഴം, കരിക്ക്, പനം നൊങ്ക്, കരിമ്പ് എന്നിവ നേദിച്ച് ഇലയ്ക്കും തണ്ടിനും മണമുള്ള കൊഴുന്ന് ( കൊഴുന്ത് ) കൊണ്ടും ഹാരം കൊണ്ടും അലങ്കരിച്ചാണ് പൂജകൾ നടത്തുന്നത്. കൗളാചാര പ്രകാരമാണ് മിക്ക സ്ഥലങ്ങളിലും പൂജകൾ. മുടി പൂജാരി ശിരസിൽ ഏറ്റി വടക്കൻ കേരളത്തിലെ തെയ്യം ആടുന്ന രീതിയിൽ എഴുന്നള്ളത്ത് നടത്തും. കളംകാവൽ എന്നാണ് ഇതിനെ പറയുന്നത്.

മുടിപ്പുരകൾ ആ ഗ്രാമത്തിന്റെ പരദേവതാ ക്ഷേത്രവും കാളിയൂട്ട് ഉത്സവം ആ ദേശത്തിന്റെ തന്നെ ഉത്സവവുമാണ്. ദിക്കുബലി, പറണേറ്റ്, നിലത്തിൽ പോര് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വളരെ ദിവസം, ചിലപ്പോൾ രണ്ടു മാസത്തിൽ അധികം നീളുന്ന കാളിയൂട്ട് ഉത്സവം നടക്കും. വെള്ളായണി പോലുള്ള ക്ഷേത്രങ്ങളിൽ മൂന്ന് വർഷത്തിൽ ഒരിക്കൽ എഴുപതോളം ദിവസം നീളുന്ന ഉത്സവമാണുള്ളത്. ഏറ്റവും വലിയ തങ്ക തിരുമുടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണിത്. ഇത്തരത്തിൽ മാസങ്ങളോളമാണ് ഉത്സവം. ഈ ഉത്സവങ്ങൾക്കെല്ലാം ആധാരം ദാരിക നിഗ്രഹവും ധർമ്മ സ്ഥാപനവുമാണ്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആചാരങ്ങൾക്കും കർമ്മികൾക്കും ചില മാറ്റങ്ങൾ ഉണ്ടെങ്കിലും അവിടുത്തെയും ആഘോക്ഷ പൊരുൾ ദുഷ്ട നിഗ്രഹവും ധർമ്മ സ്ഥാപനവുമാണ്.

മുടിപ്പുരകളിൽ പൊതുവേ ഭദ്രകാളി ചരിതം ആണ് തോറ്റമായി പാടുന്നത്. ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് സ്തുതി തുടങ്ങുക. ഉത്സവം തുടങ്ങുന്ന ദിവസം രാത്രിയിൽ ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്ന് പാടി ആവാഹിച്ച് തിരുമുടിയിൽ കാപ്പുകെട്ടി കുടിയിരുത്തും. ഉത്സവത്തിന്റെ അവസാനദിവസം കാപ്പഴിച്ചു കുടിയിളക്കി തിരിച്ചു കൊടുങ്ങല്ലൂരിൽ എത്തിക്കും. ശാർക്കര, വെള്ളായണി, പട്ടാഴി ദേവീ ക്ഷേത്രങ്ങൾ നെല്ലിമൂട് മുലയന്താന്നി ഭദ്രകാളി ക്ഷേത്രം, പാച്ചല്ലൂർ, കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രങ്ങൾ , കുളത്തൂർ, കോവളം, ചെല്ലമംഗലം, അരയല്ലൂർ, പൊറ്റയിൽ മുടിപ്പുരകൾ കുണ്ടമൺ ഭാഗം ദേവീ ക്ഷേത്രം, കുണ്ടമൺ ഭദ്രകാളീക്ഷേത്രം , അരുമാനൂർ ദേവീ ക്ഷേത്രം, വെള്ളനാട് ദേവീ ക്ഷേത്രം, ജഗതി മഠത്തുവിള, പേട്ട, തൃക്കണ്ണാപുരം, മൈലമൂട്, മച്ചേൽ, കള്ളിക്കാട്, പള്ളിച്ചൽ, പുളിയറക്കോണം, ഇട്ടക വേലി നീലകേശി തുടങ്ങി നിരവധി മുടിപ്പുര ദേവീ ക്ഷേത്രങ്ങൾ തെക്കൻ കേരളത്തിന്റ പ്രത്യേകതയാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 984747555

error: Content is protected !!
Exit mobile version