Friday, 20 Sep 2024

മുപ്പെട്ടു തിങ്കളും തിരുവാതിരയും ഇതാ
ഒന്നിച്ച് ; ഉപാസിച്ചാൽ മൂന്നിരട്ടിഫലം

ജ്യോതിഷരത്നം വേണു മഹാദേവ്
തിരുവാതിരയും തിങ്കളും ചേർന്നു വന്നാൽ തന്നെ വിശേഷം; അപ്പോൾ തിരുവാതിരയും മുപ്പെട്ടു തിങ്കളും ഒന്നിച്ചു വന്നാലോ? അതും സുപ്രധാനമായ, ശിവ ഭഗവാന്റെ തിരുനാളായ ധനുമാസത്തിരുവാതിര. എല്ലാം കൊണ്ടും ദിവ്യമായ ഈ ദിവസം ഉപാസനയ്ക്ക് ശ്രേഷ്ഠം തന്നെ. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് മൂന്നിരട്ടിഫലം ഉറപ്പ്.

എല്ലാ മലയാള മാസത്തിലെയും ആദ്യം വരുന്ന തിങ്കളാഴ്ചയെ മുപ്പെട്ട് തിങ്കൾ എന്ന് അറിയപ്പെടുന്നു.
ഒരു സാധാരണ തിങ്കളാഴ്ച നടത്തുന്ന വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടിഫലം മാസാദ്യത്തിലെ
തിങ്കളാഴ്ചകളിൽ വ്രതം നോറ്റാൽ ലഭിക്കും എന്നാണ് വിശ്വാസം. ഉമാമഹേശ്വരപ്രീതി നേടാൻ ഉത്തമ ദിവസമായ തിങ്കളാഴ്ച പാർവ്വതിദേവീ സമേതനായ ശിവഭഗവാനെ ഭജിച്ചാൽ തൽക്ഷണം ആഗ്രഹങ്ങൾ സഫലമാകുമത്രേ. അതുപോലെ ശിവപാർവതി പ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമായാണ് ധനുമാസ തിരുവാതിരയെ വിശേഷിപ്പിക്കുന്നത്. കുടുംബ ഭദ്രത, ദാമ്പത്യ വിജയം, മംഗല്യ ഭാഗ്യം എന്നിവയ്ക്ക് അതിവേഗം അനുഗ്രഹം ലഭിക്കുന്ന ദിവസമാണ് തിരുവാതിര എന്നത് വെറും പരമ്പരാഗത വിശ്വാസമല്ല, അനുഭവം തന്നെയാണ്. തിരുവാതിര വ്രതം
അനുഷ്ഠിച്ചാൽ എല്ലാ ദാമ്പത്യ വിഷമങ്ങളും മാറിക്കിട്ടും.

ഭദ്രമായ കുടുംബ ജീവിതത്തിനും വിവാഹ ഭാഗ്യത്തിനും മാത്രമല്ല ജാതകത്തിലെ ചന്ദ്രദോഷങ്ങൾ മാറാനും വൈധവ്യ ദോഷനിവാരണത്തിനും കുടുംബശ്രേയസിനും മുപ്പെട്ട് തിങ്കൾ, തിരുവാതിര വ്രതങ്ങൾ നല്ലതാണ്. അതിനാൽ 2021 ഡിസംബർ 20 തിങ്കളാഴ്ച തിരുവാതിര വ്രതം എടുക്കുന്നവർക്ക് അത്ഭുതകരമായ ഫലസിദ്ധി ഉറപ്പാണ്.

വ്രതദിനത്തിന്റെ തലേന്ന് 19 ന് ഞായറാഴ്ച രാവിലെ കുളിച്ച് ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നതോടെ വ്രതം ആരംഭിക്കും. അന്ന് ഒരിക്കലെടുക്കണം. ഉച്ചയ്ക്ക് മാത്രം അരിയാഹാരം. മറ്റ് സമയങ്ങളിൽ പഴങ്ങളോ ലഘുവായി ഗോതമ്പ് ഭക്ഷണമോ കഴിച്ച് ശിവപാർവതി സ്മരണയോടെ കഴിയണം. മത്സ്യമാംസം കഴിക്കരുത്. വ്രതദിവസം പൂർണ്ണ ഉപവാസം പറ്റിയാൽ നല്ലത്. അല്ലെങ്കിൽ ഒരിക്കൽ ആചരിക്കാം. തിങ്കളാഴ്ച ദിവസം ശിവക്ഷേത്രം ദർശനം നടത്തി വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കണം. ഓം നമ: ശിവായ മന്ത്രം രണ്ടു ദിവസവും കുറഞ്ഞത് 108 തവണ ജപിക്കണം. പാർവതി ദേവിയെ ധ്യാനിച്ച് ഓം ഹ്രീം ഉമായൈ നമ: ജപിക്കുന്നതും നല്ലത്.

പാർവതീ പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാ മഹേശ്വര സ്തോത്രം. ഉമാ മഹേശ്വര സ്തോത്രം ചൊല്ലി ഭജിച്ചാൽ സർവസൗഭാഗ്യങ്ങളും ദീർഘായുസ്സും മംഗളവും ഉണ്ടാകും എന്നാണു ഫലശ്രുതി. സന്ധ്യയ്ക്കു നെയ് വിളക്കിനു മുന്നിൽ ഇരുന്നു ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. ഇതിനൊപ്പം ഏത് ശിവ പാർവതി മന്ത്രവും സ്തോത്രവും ജപിക്കാം. ശിവാഷ്ടോത്തരം, ശിവ സഹസ്രനാമം, ലളിതാ സഹസ്രനാമം ഇവ ഇതിൽ ചിലത് മാത്രമാണ്. ജലധാര, കുവളദളാർച്ച, സ്വയംവര പുഷ്പാഞ്ജലി, ഉമാ മഹേശ്വര പൂജ ഇവയാണ് ഈ ദിനം നടത്താവുന്ന വഴിപാടുകളിൽ പ്രധാനം. പിറ്റേന്ന് കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

ഉമാമഹേശ്വര സ്‌തോത്രം
1
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
2
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്‌കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
3
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീര വിലേപനാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
4
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖൈ്യ രഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
5
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചര രഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
6
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈക ഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
7
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
8
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
9
നമഃ ശിവാഭ്യാം രചിതാഭയാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
10
നമഃ ശിവാഭ്യാം ജനമോഹനാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്‌ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
11
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം
12
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാര്‍വതീഭ്യാം

സ്‌തോത്രം ത്രിസന്ധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വസൗഭാഗ്യഫലാനി ഭുംക്തേ
ശതായുരന്തേ ശിവലോകമേതി


ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Story Summary : Significance of Thiruvathira Vritham along with Muppettu Thinkal Vritham

Copyright 2021 Neramonline.com. All rights reserved

error: Content is protected !!
Exit mobile version