Friday, 22 Nov 2024

മുപ്പെട്ട് വെള്ളി നാളിൽ മഹാലക്ഷ്മിയും ഗണപതിയും അതിവേഗം പ്രസാദിക്കും

മംഗള ഗൗരി
ധനധാന്യ സമൃദ്ധിക്കും സർവൈശ്വര്യത്തിനും ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി അതായത് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമാണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച, ഫെബ്രുവരി 16 കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്. ഈ ദിവസം മഹാലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തി നേടാം. മുപ്പെട്ട് വെള്ളി ഗണപതി പ്രീതി നേടുന്നതിനും ഉത്തമ ദിവസമാണ്. ഈ ദിവസം ഗണേശ പ്രീതിക്ക് ഉപാസന നടത്തിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. മുപ്പെട്ട് വെള്ളി ലക്ഷ്മി വ്രതം എടുക്കാനും നല്ല ദിവസമാണ്.

മഹാലക്ഷ്മി പ്രീതിക്കായുള്ള വ്രതമായതിനാൽ പൂർണ്ണ ഉപവാസം വേണ്ട. പക്ഷേ അമിത ഭക്ഷണവും പാടില്ല. ദിവസം മുഴുവൻ മഹാലക്ഷ്മിയെയും ഗണപതിയെയും സ്മരിക്കണം. ദാന ധർമ്മങ്ങൾ നൽകണം. ലക്ഷ്മി, ഗണേശ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കണം. വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ഗം ഗണപതയേ നമഃ, ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഗണേശ അഷ്ടോത്തരം, ഗണേശ ദ്വാദശനാമ സ്തോത്രം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം, മഹാലക്ഷ്മി അഷ്ടോത്തരം എന്നിവ പാരായണം ചെയ്യുക. സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടകം രാവിലെയും വൈകിട്ടും ജപിക്കുക.

സാധാരണ ലക്ഷ്മിയെയും ഗണപതിയെയും പൂജിക്കാൻ മുപ്പെട്ട് വെള്ളി വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കും. അല്ലെങ്കിൽ ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി ഗണപതി ഹോമം, പാൽപ്പായസം എന്നിവ വഴിപാടായി നേദിക്കും. ഇതിൽ സ്വന്തം കഴിവിനൊത്തത് ചെയ്യുക. മുപ്പെട്ട് വെള്ളിയാഴ്ച ക്ഷേത്രദർശനം മുടക്കരുത്. അതുപോലെ വെള്ളി, ചൊവ്വ ദിനങ്ങളിൽ ധനം, സ്വർണ്ണം ഇവ കടമായി നൽകരുതെന്നും പറയുന്നു. എന്നാൽ ധനം സ്വീകരിച്ചാൽ അത് വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ പണം ചെലവ് ചെയ്താൽ വരവിനേക്കാൾ ചെലവ് വർദ്ധിക്കും.

ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ചയിൽ വരുന്ന ദിനങ്ങളെയാണ് മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്നാണ് പറയുന്നത്. യഥാക്രമം
ഇത് ശിവൻ, ദേവി, സുബ്രഹ്മണ്യൻ ഭദ്രകാളി, ശ്രീരാമൻ ശ്രീകൃഷ്ണൻ, മഹാവിഷ്ണു ഹനുമാൻസ്വാമി, ഗണപതി
മഹാലക്ഷ്മി, ധർമ്മശാസ്താ ഉപാസനയ്ക്ക് ഉത്തമമാണ്.

Story Summary: Significance and Benefits of worshipping Sree Mahalaxmi and Lord Ganesha on Muppettu Velli

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version