Friday, 22 Nov 2024

മുപ്പെട്ട് വെള്ളി സാമ്പത്തിക ദുരിതവും തടസങ്ങളും അതിവേഗം മാറ്റാൻ ഉത്തമം

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മിദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി ദിവസം അതിവിശേഷമാണ്. മുപ്പെട്ട് വെള്ളിയാഴ്ച നാളിൽ ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത ധനപരമായ ബുദ്ധിമുട്ടുകളിൽ നിന്നും മോചനവും നേടാം. മുപ്പെട്ട് വെള്ളിയാഴ്ച ഗണപതി പ്രീതി വരുത്തുന്നതിനും ഉത്തമമാണ്. ഈ ദിവസം ഗണേശ പ്രീതി നേടിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യാഭിവൃദ്ധി ഉണ്ടാകും.

ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ച വരുന്ന ദിനങ്ങളെയാണ് മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട്
ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്ന് പറയുന്നത്. സൂര്യൻ, ചന്ദ്രൻ , ചൊവ്വ തുടങ്ങിവ സൗരയൂഥത്തിന്റെ ഭാഗങ്ങളാകയാൽ അവയുടെ രശ്മികൾ സൂര്യരശ്മികളോട് ചേർന്നാണ് ഭൂമിയിലെത്തുക. ഓരോ ദിവസവും ഉദയഹോരയിൽ അതായത് ഉദയമണിക്കൂറിൽ ഏത് ഗ്രഹത്തിന്റെ രശ്മിയാണോ സൂര്യനോട് ചേർന്ന് ഭൂമിയിൽ പതിക്കുക ആ ഗ്രഹത്തിന്റെ പേരാണ് ആ ദിവസത്തിനുള്ളത്. അതിനാൽ ശുക്രന്റെ സ്വാധീനം ഭൂമിയിൽ ലഭിക്കുന്ന ദിവസം വെള്ളിയാഴ്ചയായി. ഇത്തരത്തിൽ ഈ മീന മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, 2024 മാർച്ച14 മുപ്പെട്ട് വെള്ളിയാണ്.

മുപ്പെട്ട് വെള്ളി മഹാലക്ഷ്മി പ്രീതിക്കായുള്ള വ്രതമായതിനാൽ പൂർണ്ണ ഉപവാസം വേണ്ട. പക്ഷേ അമിത ഭക്ഷണവും പാടില്ല. മഹാലക്ഷ്മിയെയും ഗണപതിയെയും ദിവസം മുഴുവൻ സ്മരിക്കണം. ദാന ധർമ്മങ്ങൾ നൽകണം. ലക്ഷ്മി, ഗണേശ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കണം. രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ഗം ഗണപതയേ നമഃ , ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഗണേശ അഷ്ടോത്തരം, ഗണേശ ദ്വാദശനാമം, മഹാലക്ഷ്മി ധ്യാനം, മൂലമന്ത്രം, അഷ്ടോത്തരം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടോത്തരം രാവിലെയും വൈകിട്ടും ജപിക്കുക.

സാധാരണ ലക്ഷ്മിയെയും ഗണപതിയെയും പൂജിക്കാൻ മുപ്പെട്ട് വെള്ളി വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കും. അല്ലെങ്കിൽ ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി ഗണപതി ഹോമം, പാൽപ്പായസം എന്നിവ വഴിപാടായി നേദിക്കും. ഇതിൽ സ്വന്തം കഴിവിനൊത്തത്
ചെയ്യുക. എന്തായാലും ഗണപതി, ഭഗവതി ക്ഷേത്ര ദർശനം മുടക്കരുത്.

ഗണേശ ദ്വാദശനാമ സ്തോത്രം
പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം ത്രിതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം
വികട മേവ ച സപ്തമം
വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

മഹാലക്ഷ്മി ധ്യാനം, അഷ്ടോത്തരം

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Significance and Benefits of Muppettu Velli, Chathurthi falling together

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version