Sunday, 6 Oct 2024

മുളക് അരച്ച് പൂശിയാൽ 90 ദിനങ്ങൾക്കുള്ളിൽ
ആഗ്രഹ സാഫല്യമേകുന്ന മാസാനിയമ്മൻ

മംഗള ഗൗരി
ശിവലിംഗം പോലുള്ള നീതിക്കല്ലിൽ മുളക് അരച്ച് പൂശിയാൽ പ്രാർത്ഥനകൾ സഫലമാകുന്ന ഒരു ക്ഷേത്രം തമിഴ്‌നാട്ടിലുണ്ട്. കോയമ്പത്തൂർ ജില്ലയിൽ പൊള്ളാച്ചിയിൽ നിന്ന് 17 കിലോമീറ്റർ മാറി ആനമലയിലുള്ള അരുൾമുഖം മാസാനിയമ്മൻ ക്ഷേത്രം. കോയമ്പത്തൂരിൽ നിന്ന് 59 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസവും രാവിലെ അനേകായിരം ഭക്തരാണ് ദർശനത്തിന് എത്തുന്നത്. ആളിയാർ പുഴയുടെ സമീപമാണ് പ്രസിദ്ധമായ ഈ ക്ഷേത്രമുള്ളത്.

മാസാനി അമ്മൻ ക്ഷേത്രം

ശത്രുദോഷം, ആഭിചാരദോഷം, കിട്ടാക്കടം തിരികെ ലഭിക്കൽ, കച്ചവടത്തിലെ നഷ്ടം മാറുന്നതിനുമൊക്കെ യാതൊരു വിധ ഹോമവും നടത്താതെ മാസാനിയമ്മൻ ദർശന ശേഷം വലത് വശത്ത് കാണുന്ന നീതിക്കല്ലിൽ നിങ്ങൾ മുളക് അരച്ച് പൂശിയാൽ മതി 7 അല്ലെങ്കിൽ 21 അതുമല്ലെങ്കിൽ 90 ദിവസങ്ങൾക്കുള്ളിൽ ആഗ്രഹസാഫല്യം ഉണ്ടാകും. കാര്യസിദ്ധി ആഗ്രഹിക്കുന്ന ഭക്തർ മൂന്ന് തവണയാണ് നീതിക്കല്ലിൽ മുളകരച്ച് തേയ്ക്കേണ്ടത്. അതിനു ശേഷം തിരിഞ്ഞ് നോക്കാതെ ആഗ്രഹിച്ച കാര്യം മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങണം. വഴിപാടിന് ശേഷം നേരേ സ്വന്തം വീട്ടിലേക്കു തന്നെ മടങ്ങണം. പ്രാർത്ഥനയുടെ ഫലം പൂ‍ര്‍ണമായും കിട്ടുന്നതിന് വേണ്ടിയാണിത്. 90 ദിവസത്തിനുള്ളിൽ ആഗ്രഹിച്ച കാര്യം നടന്നിരിക്കുമെന്നാണ് വിശ്വാസം. ആഗ്രഹം പൂർത്തീകരിച്ച ശേഷം വീണ്ടും ക്ഷേത്രത്തിലെത്തി മുളകരച്ചു തേച്ച നീതിക്കല്ലിൽ കരിക്ക് കൊണ്ട് അഭിഷേകം നടത്തി ദേവിയോട് നന്ദിയും പ്രകടിപ്പിക്കണം. അപ്പോഴേ ഈ വഴിപാട് പൂർത്തിയാകുകയുള്ളൂ.

നീതിക്കല്ല്

എഴുതി സമർപ്പിച്ചാലും കാര്യസിദ്ധി
നമ്മുടെ ആഗ്രഹങ്ങൾ ഒരു കടലാസിൽ എഴുതി മാസാനി അമ്മന്റെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള വഴിപാടും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ കൗണ്ടറിൽ ചെറിയൊരു സംഖ്യ നൽകുമ്പോൾ ലഭിക്കുന്ന കടലാസിൽ നമ്മുടെ ആഗ്രഹം എഴുതി സമർപ്പിക്കണം. ആഗ്രഹസാഫല്യം ലഭിച്ച ശേഷം വീണ്ടും ക്ഷേത്രത്തിൽ എത്തി വഴിപാട് സമർപ്പിക്കണം. വഴി തെറ്റി നടക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നീതി ദേവതയായ മാസാനി അമ്മനെ പൂജിച്ച കറുപ്പുനൂൽ കൈയ്യിൽ ധരിച്ചാൽ എല്ലാത്തരത്തിലുമുള്ള ബാധാനിവർത്തിയും ലഭിക്കും.

ശയനരൂപത്തിലുള്ള നീതിദേവത
മാസാനി അമ്മന്റെ ശയനരൂപത്തിലുള്ള പ്രതിഷ്ഠയ്ക്ക് 17 അടിയോളം നീളമുണ്ട്. ഈ വിഗ്രഹത്തിന്റെ രണ്ടു കൈകൾ നിരപ്പായും 2 കൈകൾ മുകളിലേക്ക് ഉയർത്തിയും കാണപ്പെടുന്നു. ഉയർത്തിയ കൈകളിൽ തലയോട്ടിയും സർപ്പവുമാണുള്ളത്. താഴെത്തെ കരങ്ങളിൽ പടഹവും ത്രിശൂലവും കാണം. ശിരസ് കിഴക്കും പാദങ്ങൾ പടിഞ്ഞാറുമായി ശയിക്കുന്ന അമ്മന്റെ കാൽച്ചുവട്ടിൽ ഒരു അസുര ശിരസ്സുണ്ട്. കേരളത്തിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ആന്ധ്രയിൽ നിന്നും നീതിദേവതയായ മാസാനിയമ്മനെ ദർശിക്കാൻ ആയിരങ്ങളാണ് എത്തുന്നത്.

അമാവാസിയിൽ 24 മണിക്കൂറും ദർശനം
ക്ഷേത്രത്തിലെ ദർശന സമയം രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ്. അമാവാസി നാളിൽ 24 മണിക്കൂറും ദർശനം ലഭിക്കും. അവധി ദിവസങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ദൂരസ്ഥലങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തിച്ചേർന്ന് പൂജകളിൽ പങ്കെടുക്കുന്നത് പതിവാണ്. ദർശനം സുഗമമാക്കാൻ 10,50,100 രൂപയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. സൗജന്യമായി പ്രവേശനം ലഭിക്കുന്ന വരിയുമുണ്ട്. ഓരോ പൂജകൾക്കും അർച്ചന നടത്തുന്നതിനും പ്രത്യേകം ടിക്കറ്റ് എടുക്കണം.
ശിവരാത്രിയിൽ മായന പൂജ
ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന മായന പൂജ, ആദി പെരുക്ക്, രഥോത്സവം, പൊങ്കൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ . മാസാനി അമ്മൻ പ്രതിഷ്ഠ കൂടാതെ ഇടത്ത് പേച്ചിയമ്മ, മൂലയിൽ ദുർഗ്ഗ, മഹിഷാസുരമർദ്ദനി, വലത്ത് സപ്തകന്യകകൾ, കറുപ്പുസ്വാമി, വിനായകപെരുമാളും ഭുവനേശ്വരിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ദുഷ്ടതയെ എതിർത്ത അമ്മൻ
ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പലരും പല വിധത്തിലുള്ള ഐതിഹ്യങ്ങൾ പറയപ്പെടുന്നു. അതിലൊന്ന് : പണ്ട് ഈ സ്ഥലം നന്നാവൂർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടം ഭരിച്ചിരുന്നത് നാന്നൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിനടുത്ത് ഒരു വലിയ മാവിൻതോട്ടം ഉണ്ടായിരുന്നു. ആ മാവിൻ തോട്ടത്തിൽ നിന്നും മാമ്പഴം ശേഖരിക്കാനും കഴിക്കാനും രാജകുടുംബത്തിന് മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളൂ. തോട്ടം കാത്തു സൂക്ഷിക്കുന്നതിന് കാവൽക്കാരെയും നിയമിച്ചിരുന്നു. അതിനിടെ തോട്ടത്തിനടുത്ത് പുഴയിൽ കുളിക്കാനായി ആ നാട്ടിലെ പ്രഭുകുടുംബത്തിലെ ഒരു യുവതി എത്തി. കുളിക്കിടയിൽ ഒരു മാങ്ങ ജലത്തിലൂടെ ഒഴുകി വരുന്നത് കണ്ടപ്പോൾ കൊതി പൂണ്ട് അവർ ആ മാമ്പഴമെടുത്ത് കഴിച്ചു. ഇതു കണ്ട തോട്ടം കാവൽക്കാർ ആ യുവതിയെ നീരാട്ട് വേഷത്തിൽ തന്നെ പിടിച്ചു കൊണ്ട് പോയി രാജ സന്നിധിയിൽ ഹാജരാക്കി. യുവതി എത്ര കരഞ്ഞു പറഞ്ഞിട്ടും ആ രാജാവ് ദയ കാട്ടിയില്ല. യുവതിയെ വിട്ടയയ്ക്കാൻ തയ്യാറായതുമില്ല. തുടർന്ന് യുവതിയുടെ അച്ഛനും ബന്ധുക്കളുമെത്തി. അച്ഛൻ യുവതിയുടെ തൂക്കത്തിനുള്ള സ്വർണ്ണവും 81 ആനകളും പിഴയൊടുക്കാമെന്ന് പറഞ്ഞിട്ടും അഹങ്കാരിയും ക്രൂരനുമായ രാജാവ് യുവതിയെ വെറുതെ വിട്ടില്ല. കുപിതരായ യുവതിയും ബന്ധുക്കളും രാജാവും രാജസൈന്യവുമായി യുദ്ധത്തിലേർപ്പെട്ടു. വാശിയേറിയ ആ യുദ്ധത്തിനൊടുവിൽ വിജയമംഗലത്ത് വച്ച് അവർ രാജാവിനെ കൊന്നു. പക്ഷേ യുദ്ധത്തിൽ യുവതിയും കൊല്ലപ്പെട്ടു. രാജാവിന്റെ ദുഷ്ടതയെ എതിർക്കാൻ ധൈര്യം കാണിച്ച യുവതിയെ അടക്കം ചെയ്ത സ്ഥലത്ത് സ്ത്രീകൾ ആരാധന തുടങ്ങി. ഈ സ്ഥലം പിന്നീട് മാസാനി അമ്മൻ ക്ഷേത്രമായി മാറി എന്നുമാണ് ഒരു കഥ. മാത്രമല്ല ക്ഷേത്രത്തിനു സമീപമുള്ള ആളിയാർ നദിയിൽ കുളിച്ചാൽ പാപദോഷങ്ങൾ അകലുമെന്നും വിശ്വസിക്കപ്പെടുന്നു.

ദുർഗ്ഗാ ദേവിയുടെ സന്നിധി
മാസാനി അമ്മനെക്കുറിച്ച് ഒരു പുരാണകഥയും പ്രസിദ്ധമാണ്. രാമായണവുമായി ബന്ധപ്പെട്ടതാണ് ആ കഥ. വിശ്വാമിത്രമഹർഷി തപസ്സ് അനുഷ്ഠിച്ച് ധാരാളം വരം നേടി. ഒടുവിൽ രാജർഷി പട്ടം നേടുന്നതിന് കനകനാച്ചി മലയിൽ തപസ്സ് അനുഷ്ഠിച്ചു. എന്നാൽ ഒരു രാക്ഷസി പലതരത്തിൽ ഉപദ്രവിച്ച് അദ്ദേഹത്തിന്റെ തപസ്സ് മുടക്കാൻ ശ്രമിച്ചു. ഗത്യന്തരമില്ലാതെ വിശ്വാമിത്രമഹർഷി ദശരഥ മഹാരാജാവിന്റെ അടുക്കലെത്തി തപസ്സ് പൂർത്തിയാക്കാനായി രാമലക്ഷ്മണൻമാരുടെ സഹായം തേടി. സഹായിക്കാമെന്ന് സമ്മതിച്ച് അവർ ഒപ്പം തിരിച്ചു. പുറപ്പെടുന്നതിന് മുൻപായി അവർ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചു. തുടർന്ന് ദേവി അവർക്കു മുമ്പിൽ പ്രത്യക്ഷമായി ഇപ്രകാരം അരുളിച്ചെയ്തു: നിങ്ങൾ അവിടെ ചെന്ന് എന്റെ ഒരു രൂപം നിർമ്മിച്ച് അതിനെ പൂജിക്കുക. രാക്ഷസിയെ വധിക്കും മുൻപായി ആ പ്രതിഷ്ഠയെ നശിപ്പിക്കുക. ശേഷം മാത്രമേ രാക്ഷസിയെ വധിക്കാവൂ. എന്നാൽ രാമലക്ഷ്മണൻമാർ അവരെ വധിക്കും മുമ്പ് ഈ പ്രതിഷ്ഠ നശിപ്പിക്കാൻ മറന്നു. എന്നാൽ വധിച്ചശേഷം പ്രതിഷ്ഠയുടെ കാര്യം ഒർമ്മിച്ച അവർ പ്രതിഷ്ഠ നശിപ്പിക്കാൻ തുടങ്ങിയപ്പോൾ ദേവി തന്നെ വീണ്ടും പ്രത്യക്ഷയായി അരുതെന്ന് വിലക്കി. അതാണ് മാസാണി അമ്മൻ ക്ഷേത്രമായി മാറിയതെന്നാണ് ഈ ഐതിഹ്യം.

Story Summary: Significance of Arulmigu Masani Amman Temple, Anaimalai, Pollachi

error: Content is protected !!
Exit mobile version