Monday, 30 Sep 2024

മൂകാംബിക ദർശനത്തിനെത്തുന്നവർ മൂന്നു നേരത്തെ പൂജയും തൊഴണം

സാക്ഷാൽ ആദിപരാശക്തിയാണ് മൂകാംബികാ
ദേവി. മൂന്ന് ദേവീസങ്കൽപങ്ങളും സമന്വയിക്കുന്ന അപൂർവ്വ ദേവി സന്നിധി. അതുകൊണ്ടാണ് ഇവിടെ ഒരോ ദിവസവും മൂന്ന് നേരങ്ങളിലായി മൂന്ന് ഭാവങ്ങളിൽ ദേവിയെ പൂജിക്കുന്നത്. രാവിലെ മഹാകാളിയുടെയും ഉച്ചയ്ക്ക് മഹാലക്ഷ്മിയുടെയും രാത്രിയിൽ മഹാസരസ്വതിയുടേയും സങ്കൽപത്തിലുള്ള പൂജകളും അലങ്കാരങ്ങളുമാണ് ഇവിടെ നടത്താറുള്ളത്. ദർശനത്തിനെത്തുന്ന ഭക്തർ
ഒരു ദിവസം നടക്കുന്ന മൂന്നു നേരത്തെ പൂജകളിലും പങ്കെടുക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

മൂകാംബികാദേവിയുടെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് ആദിശങ്കരനാണ്. ശംഖ ചക്ര വരദായ ഹസ്തയായ ദേവി ഇവിടെ പത്മാസനസ്ഥയാണ്. ദേവിയുടെ മാറിടത്തിൽ അതിവിശിഷ്ടമായ ഒരു
രത്നം പച്ചനിറത്തിൽ പ്രകാശിക്കുന്നത് കാണാം. ഇത് അമൂല്യമായ മരതക മണിരത്നമാണ്.

ദേവിയുടെ വിഗ്രഹത്തിനു മുൻപിൽ കാണുന്ന
ജ്യോതിർലിംഗം സ്വയം ഭൂവാണ്. ഇതാണ് അഭിഷേക വിഗ്രഹം. ഇതിലാണ് അർച്ചനകളും ചെയ്യാറുള്ളത്. ദേവിയുടെ വിഗ്രഹം ആചാര്യൻ പ്രതിഷ്ഠിക്കുന്നതിന് ആയിരക്കണക്കിന് വർഷം മുൻപേ തന്നെ ഇവിടെ
പൂജിക്കപ്പെടുന്ന ശിവലിംഗമാണിത്. ഇതിനെ കുറിച്ച്
സ്കന്ദപുരാണത്തിൽ വിവരിക്കുന്നുണ്ട്. ഈ
ജ്യോതിർലിംഗത്തിന്റെ ഇടതു ഭാഗത്തിന് വലിപ്പം കൂടുതലുണ്ട്. വലതുഭാഗത്തിന് വലിപ്പം കുറവാണ്. അഭിഷേകവും അർച്ചനയും കഴിഞ്ഞ് ജ്യോതിർലിംഗം സ്വർണ്ണത്തളിക കൊണ്ട് മൂടി വയ്ക്കാറാണ് പതിവ്. എങ്കിലും ഭക്തരുടെ അപേക്ഷ മാനിച്ച് പുരോഹിതൻ തളികനീക്കി ചിലപ്പോൾ ദർശനം നൽകാറുണ്ട്.

ദേവീസാന്നിദ്ധ്യം കൊണ്ട് 108 ദുർഗ്ഗാലയങ്ങളിലും ശിവസാന്നിദ്ധ്യത്താൽ 108 ശിവാലയങ്ങളിലും ഉൾപ്പെടുന്ന ദിവ്യസന്നിധിയാണിത്. നാല് ഭാവങ്ങളിൽ ശിവനും (പാർഥേശ്വരൻ, പ്രാണലിംഗേശ്വരൻ, ചന്ദ്ര മൗലീശ്വരൻ, നഞ്ചുണ്ടേശ്വരൻ) പഞ്ചമുഖഗണപതി ഭഗവാനും മുരുകനും വീരഭദ്രനും ഹനുമാനും വിഷ്ണുവും ഗോപാലകൃഷ്ണസ്വാമിയും നാഗദൈവങ്ങളുമാണ് പരിവാരദേവതകൾ.

മൂകാംബികയിലെ കുങ്കുമം ദിവ്യമായ പ്രസാദമാണ്. നിത്യവും അഞ്ച് പൂജകളും മൂന്ന് ശീവേലിയുമുണ്ട്. രാവിലെ 5 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ തുടങ്ങും. അതു കഴിഞ്ഞാണ് സ്വയംഭൂലിംഗത്തിൽ അഭിഷേകം. തുടർന്ന് ഒറ്റ നാളികേരം കൊണ്ട് ഗണപതിപൂജ നടക്കും. ഉഷപൂജ,
ദന്താധാവന പൂജ, മംഗളാരതി, പഞ്ചാമൃതാഭിഷേകം, നിവേദ്യം എതിരേറ്റു പൂജ, ശീവേലി, ഉച്ചപൂജ, ഉച്ച ശീവേലി എന്നിവ കഴിഞ്ഞ് ഒന്നരയ്ക്ക് നട അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നട തുറക്കും. മഹാദീപാരാധന, പ്രദോഷപൂജ, പഞ്ചാമൃതാഭിഷേകം, നിവേദ്യം, അത്താഴ
ശീവേലി, അത്താഴ പൂജ മംഗളാരതി എന്നിവയാണ് വൈകിട്ടത്തെ പ്രധാന വിശേഷങ്ങൾ. അത്താഴ
ശീവേലിക്ക് സരസ്വതി മണ്ഡപത്തിൽ എഴുന്നള്ളിച്ച്
ഇരുത്തുന്ന വിഗ്രഹ ദർശനം വിദ്യാഭിവൃദ്ധിക്ക്
അതിവിശേഷമാണ്. ശീവേലിക്ക് അകത്ത് രണ്ട്
പ്രദക്ഷിണ ശേഷം പുറത്ത് വന്ന് തിടമ്പ് തലയിലേറ്റിയും പല്ലക്കിലേറ്റിയും മഞ്ചലിൽ ഏറ്റിയും പ്രദക്ഷിണമുണ്ട്. മഹാപൂജ തുടങ്ങിയ വിശേഷങ്ങൾക്ക് ദേവിയെ രഥത്തിലിരുത്തി ഭക്തർ രഥം വലിച്ച് പ്രദക്ഷിണം വയ്ക്കും. അപ്പോൾ തന്ത്രി രഥത്തിലിരുന്ന് നാണയം വർഷിക്കും. ഈ നാണയം കിട്ടുന്നവർക്ക് ഒരു വർഷം പണത്തിന് മുട്ടു വരില്ല. കലാകാരന്മാർ തങ്ങളുടെ സർഗ്ഗശേഷി സരസ്വതി മണ്ഡപത്തിൽ നേർച്ചയായി അവതരിപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

മൂകാംബികയെ തൊഴുത് പ്രാർത്ഥിക്കുമ്പോൾ
മൂന്ന് മഹാദേവീ ഭാവങ്ങളും സങ്കല്പിക്കണം. മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും സമ്മേളിക്കുന്ന ആദിപരാശക്തിയായി അമ്മയെ ആരാധിച്ചാൽ സർവൈശ്വര്യവും വന്നുചേരും. ഐശ്വര്യത്തിനും വിദ്യാവിജയത്തിനും ബിസിനസ് വളർച്ചയ്ക്കും മൂകാംബികയുടെ തിരുസന്നിധിയിൽ
പ്രത്യേകം പ്രത്യേകം പൂജകളുണ്ട്. സഹസ്രനാമ കുങ്കുമാർച്ചന, സർവ്വാലങ്കാരം, ചണ്ഡികാഹോമം എന്നിവയാണ് ഐശ്വര്യത്തിന് ഇവിടെ നടത്തുന്ന വഴിപാടുകൾ. 41 ദിവസം ദേവിക്ക് നേദിച്ച മഹാത്രിമധുരം കഴിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയ്ക്ക് നല്ലതാണ്. ചണ്ഡികാഹോമം നടക്കുന്നത് ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്. രാവിലെ 9 മുതൽ 12 വരെയാണ് ചണ്ഡികാഹോമം നടത്തുന്നത്.

സഹസ്ര കുങ്കുമാർച്ചന, ത്രിശതി ഭസ്മാർച്ചന, പഞ്ചാമൃതം, ഹരിവന നിവേദ്യം, പരിവാര പൂജ , ക്ഷീരാഭിഷേകം, പുഷ്പാഞ്‌ജലി, ത്രിമധുരം, ഉത്തമ മഹാത്രിമധുരം, ഫല പഞ്ചാമൃതം തുടങ്ങിയ പൂജകളാണ് ശ്രീ കോവിലിനുള്ളിൽ നടത്താറുള്ളത്. ഇതിൽ പ്രധാനം അലങ്കാര പൂജയാണ്. അലങ്കാര പ്രിയയായ ദേവിയെ ഒരു ദിവസം മൂന്ന് സങ്കൽപത്തിൽ ഒരുക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്.
മീന മാസത്തിലെ ഉത്രം നാളിൽ ഉത്സവം തുടങ്ങും. നവരാത്രികാലം വലിയ ആഘോഷമാണ്. അപ്പോൾ വൻ തിരക്ക് പതിവാണ്.

പി.എം ബിനുകുമാർ
+919447694053

error: Content is protected !!
Exit mobile version