Tuesday, 26 Nov 2024

മൃത്യുഭയം, നരകഭയം മാറ്റി മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദീപാവലി

പ്രൊഫ. ദേശികം രഘുനാഥൻ

തുലാമാസത്തിലെ കൃഷ്ണ ചതുർത്ഥി ദിവസമാണ് ദീപാവലി. ഉപാസകന്റെ ഉള്ളിലുള്ള മാലിന്യങ്ങളും ദുഃഖങ്ങളും അകറ്റി ഉള്ളിൽ വെളിച്ചം നിറക്കുകയാണ് ദീപാവലി ആഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്. തിന്മയുടെ മേൽ നന്മയുടെ ആധിപത്യത്തിന്റെ സ്മരണയായും അജ്ഞാനം മാറി പ്രജ്ഞാന പ്രകാശം ലഭിക്കുന്നതിന്റെ പ്രതീകമായും ദീപാവലിയെ കരുതുന്നു.

ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച ദിവസമായും
ശ്രീരാമൻ രാവണനെ വിജയിച്ച് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം നടത്തിയ ദിവസമായും പ്രധാനമായും സങ്കല്പിക്കുന്ന ദീപാവലിയെ കൗമുദി എന്നും പറയും. കു എന്നാൽ ഭൂമി. മുദി- സന്തോഷിപ്പിക്കുന്നത്. ഭൂമിയിൽ സന്തോഷം നിറഞ്ഞ തുളുമ്പുന്ന ദിവസം എന്ന അർത്ഥത്തിലാണ് കൗമുദി എന്ന് കൂടി വിളിക്കുന്നത്.

പല കഥകളാണ് ദീപാവലിയെക്കുറിച്ച് നിലവിലുള്ളത്. ബംഗാളിൽ ശ്യാമ പൂജ അഥവാ കാളിപൂജ. ദീപാവലി ജൈനമത വിശ്വാസികൾക്കും പ്രധാനമാണ്. ഈ ദിവസമാണ് അവരുടെ ആചാര്യനായ മഹാവീരൻ പരമപദം പ്രാപിച്ചത്.ഗുജറാത്തികൾ, സിന്ധികൾ, മാർവാടികൾ തുടങ്ങി ആ സേതു ഹിമാലയം ദീപാവലി ആഘോഷിക്കുന്നു.

ശ്രീരാമൻ രാവണനെ വിജയിച്ചത് വിജയദശമി ദിവസമാണെന്നും തുടർന്ന് സീതയേയും കൊണ്ട് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം നടത്തി രാജാവായി ഭരണമാരംഭിച്ച ശുഭദിനമാണ് ദീപാവലിയെന്നും വിശ്വാസമുണ്ട്. പത്മപുരാണത്തിൽ സത്യഭാമ ഭഗവാൻ കൃഷ്ണനോട് ദീപാവലിയെക്കുറിച്ച് ചോദിക്കുന്നു. അവിടെ ഇങ്ങനെ വർണ്ണിക്കുന്നു. യമനാമങ്ങൾ ജപിച്ചു ചതുർത്ഥിനാൾ പുലർച്ചെ കുളിച്ച് യമനാമങ്ങളോടെ തർപ്പണം ചെയ്തു ദേവതാപൂജ നടത്തുക, വിളക്കു വയ്ക്കുക, തുടർന്ന് വൈകുന്നേരം വീട്ടിലെല്ലായിടത്തും മുറ്റത്തും മതിലിലും ദീപം തെളിക്കുക. പിറ്റേന്ന് പിതൃപൂജ ചെയ്തു അന്നദാനം നടത്തിയാൽ മൃത്യുഭയം, നരകഭയം മാറി പിതൃപ്രീതിവന്നു ഒരു വർഷം മഹാലക്ഷ്മി വീട്ടിൽ അനുഗ്രഹം ചൊരിയുമെന്ന് പരാമർശിക്കുന്നു.

നരകാസുരകഥയിൽ കണ്ണന്റെ കൂരമ്പ് ഏറ്റ് നരകൻ നിലം പതിച്ചു. തുടർന്ന് നരകനെ അനുഗ്രഹിക്കാൻ കണ്ണൻ തയ്യാറായി. അപ്പോൾ തനിക്കു പ്രത്യേകം വരം വേണ്ടെന്ന് നരകൻ. ശ്രീകൃഷ്ണ ഭഗവാൻ വീണ്ടും നിർബന്ധിച്ചപ്പോൾ അടിയന്റെ ജീവൻ നഷ്ടമാകുന്ന ഈ ദിനത്തിൽ മംഗളസ്‌നാനവും ആരതിയും ആചരിച്ച് പ്രാർത്ഥിക്കുന്ന ഭക്തർ നരകത്തിൽ പോകാതിരിക്കാൻ അനുഗ്രഹിക്കണം എന്നു നരകൻ കണ്ണനോട് പറഞ്ഞു. കൃഷ്ണൻ സമ്മതിച്ചു. ഇങ്ങനെയാണത്രേ ദീപാവലിക്ക് നരക ചതുർത്ഥിയെന്ന് കൂടി പേരുള്ളത്.

നരകാസുരന്റെ പരിരക്ഷകരിൽ മുൻപനായ മുരൻ മുരാരിയായ ഭഗവാനോട് ഏറ്റുമുട്ടി. ഭഗവാൻ സുദർശനം കൊണ്ട് മുരന്റെ ജീവൻ ഇല്ലാതാക്കി. തുടർന്ന് കൃഷ്ണൻ നരകനേയും മക്കളെയും വധിച്ച് നരകൻ തടവിലാക്കിയ സ്ത്രീകളെ മോചിപ്പിച്ച കൃഷ്ണൻ ദ്വാരകയിലേക്ക് പുറപ്പെട്ടു. നരകനെ നശിപ്പിച്ചതും ഭഗവാൻ തിരിച്ച് ദ്വാരകയിലെത്തിയതുമായ ദിവസമായതു കൊണ്ട് ദ്വാരകാവാസികൾ ഇതിനെ നരകചതുർത്ഥി എന്ന് വിളിച്ച് ആനന്ദത്തോടെ ഭഗവാനെ ദീപങ്ങളോടെ എതിരേറ്റ സ്വീകരിച്ച ദിവസമായും ദീപാവലി അറിയപ്പെടുന്നു. ഈ കഥയുമായി ബന്ധപ്പെട്ട് സനാതന സംസ്‌കാരത്തിന്റെ പ്രധാനമായ ഒരു തത്ത്വം വിശദമാക്കുന്നു,:
സത്യം സ്വർഗ്ഗാസ്യസോപാനം അതായത് നരകത്തിൽ നിന്ന് കരകയറാനും സ്വർഗ്ഗത്തിലെത്താനുമുള്ള സോപാനമാണ് സത്യം. സത്യം അതാണ് യഥാർത്ഥ്യ സർവ്വേശ്വരനെന്നറിയുക.

ചുരുക്കത്തിൽ ജ്ഞാന പ്രകാശം അന്തരംഗത്തിൽ ഉറപ്പിച്ചു. അജ്ഞാനാന്ധകാരം അകറ്റുകയാണ് ഓരോ ജീവിതത്തിന്റെയും പരമമായ ധർമ്മം എന്ന സനാതന സന്ദേശം. വർഷാവർഷം പൂർവ്വാധികം സ്മരിച്ച് മുന്നേറുന്ന ഭാരതീയ പ്രജ്ഞാനത്തിന്റെ വിശ്വപ്രകാശ പ്രതീകമാണ് ദീപാവലി ആഘോഷം.

പ്രൊഫ. ദേശികം രഘുനാഥൻ
+91 8078022068

Story Summary: Myth and believes of Deepavali Festival

error: Content is protected !!
Exit mobile version