Friday, 22 Nov 2024

മേടത്തിരുവാതിര ആദിശങ്കര ജയന്തി ; അന്നപൂർണ്ണേശ്വരി സ്തോത്രം പിറന്ന കഥ

മംഗള ഗൗരി
2024 മേയ് 12, 1199 മേടം 29: വൈശാഖമാസത്തിലെ ശുക്ലപഞ്ചമി. മേടത്തിരുവാതിര. ഭാരതത്തിന്റെ ആദ്ധ്യാത്മികസൂര്യന്റെ തിരു അവതാര തിരുനാൾ. കേരളത്തിന് മേടമാസത്തിരുവാതിര ദിവസം തത്വജ്ഞാന ദിനമാണ്. എല്ലാ വിദ്യകളുടെയും ഗുരുവായ, ദക്ഷിണാമൂർത്തിയുടെ അംശാവതാരമായി ജഗദ്ഗുരു ആദിശങ്കരൻ കാലടിയിൽ അവതരിച്ച പുണ്യദിനം.

അജ്ഞാന തിമിരാന്ധകാരത്തിൽ നിന്നും ഭാരതത്തെയും സനാതന ധർമ്മത്തെയും പുനരുദ്ധരിച്ച ശങ്കരാചാര്യർ വ്യാസനും വാല്മീകിക്കും ശേഷം നമ്മുടെ ആദ്ധ്യാത്മിക വളർച്ചയ്ക്ക് അനശ്വരമായ സംഭാവന നല്കിയ പുണ്യാത്മാവാണ്. ജൈന, ബുദ്ധമതങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടന്ന് ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച ശങ്കരൻ ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ജനിച്ചു. പിതാവിന്റെ വിയോഗ ശേഷം സന്ന്യാസിയായി. വെറും 32 വയസ്സുവരെ മാത്രമാണ് സ്വാമികൾ ജീവിച്ചത്.

മൂകാംബിക, ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങിയ നിരവധി മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ആദിശങ്കരനെ ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഭാരതമാകെ സഞ്ചരിച്ച് തത്ത്വചിന്തകരുമായി ചർച്ചകളിലും തർക്കങ്ങളിലും ഏർപ്പെട്ട ജഗദ്ഗുരുവാണ് അദ്വൈത ദർശനത്തിന് യുക്തിഭദ്രമായ ആവിഷ്കാരം നിർവ്വഹിച്ചത്. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. വിവേകചൂഢാമണി, മനീഷാപഞ്ചകം, ശിവാനന്ദലഹരി, സൗന്ദര്യലഹരി, ഭജഗോവിന്ദം, ഗണേശ പഞ്ചകം, ഹനുമദ് പഞ്ചകം, കനകധാരാ സ്തോത്രം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു.

ഇതിൽ കനകധാരാ സ്തോത്രം രചിച്ചതിനെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്. അതു പോലെ തന്നെ ഒരു ഐതിഹ്യം അന്നപൂർണ്ണാഷ്ടകത്തിൻ്റെ പിറവിക്കും പറയുന്നുണ്ട്. ദേവീമഹാത്മ്യം എന്ന കൃതിയിൽ ആ ഐതിഹ്യം പ്രൊഫ. ദേശികം രഘുനാഥൻ പറയുന്നുണ്ട്: അത് ഇങ്ങനെ: ആദിശങ്കരൻ ഒരിക്കൽ കാശിയിൽ മണികർണ്ണികയിൽ കുളിക്കാൻ പോയി. നടന്നുപോകുന്ന വഴി വളരെ ഇടുങ്ങിയതാണ്. ഒരു യുവതി മരിച്ചുപോയ അവളുടെ ഭർത്താവിന്റെ ജഡവുമായി ആ ഇടവഴിയിൽ കുറുകെ ഇരിക്കുന്നത് സ്വാമികൾ കണ്ടു. ഭർത്താവിന്റെ തല മടിയിൽ വച്ച് അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു.

ഇവരെ മറികടന്ന് വേണം ശങ്കരാചാര്യർക്ക് അപ്പുറം പോകാൻ. ആചാര്യർ ആ യുവതിയോട് പറഞ്ഞു: ഭവതി ഒന്ന് മാറിയിരുന്ന് എനിക്ക് പോകാൻ വഴി തന്നാലും.

അത് കേട്ട യുവതി ആചാര്യനോട് പറഞ്ഞു: എന്നോട് അഭ്യർത്ഥിച്ച നിങ്ങൾ എന്ത് കൊണ്ട് ഈ ശവത്തോട് പറഞ്ഞില്ല?
ഉടനെ ആചാര്യൻ പറഞ്ഞു : അമ്മേ ശവത്തിന് മാറാൻ കഴിയുമോ?

ഉടനെ യുവതി ചോദിച്ചു: ശക്തിശൂന്യമായ ബ്രഹ്‌മത്തിന് ജഗത് കർത്തൃത്വം സാധിക്കുമെങ്കിൽ ജഡത്തിന് എന്ത്‌ കൊണ്ട് മാറാൻ കഴിയില്ല.

ഇതു പറഞ്ഞതും മൃതദേഹവുമായി ആ യുവതി അപ്രത്യക്ഷയായി.
ശങ്കരാചാര്യർ അവിടെയെല്ലാം തിരഞ്ഞു. യുവതിയെ കണ്ടില്ല. ഇതെന്ത് എന്നറിയാതെ ആചാര്യർ കുഴങ്ങി.

അപ്പോൾ ഒരശരീരികേട്ടു:
മകനെ അമ്മ അന്നപൂർണ്ണ മകന് ശക്തി മാഹാത്മ്യം അനുഭവവേദ്യമാക്കാൻ നടത്തിയതാണ് ഈ ലീല. ഈ അശരീരി തീർന്നയുടനെ ആചാര്യസ്വാമികൾ ഇങ്ങനെ പ്രാർത്ഥിച്ചു:

അന്നപൂർണ്ണേമഹാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം
ഭിക്ഷാംദേഹിച പാർവ്വതി

മഹാപൂർണ്ണയും അന്നപൂർണ്ണയുമായ ശിവ പ്രാണേശ്വരി അടിയന് ജ്ഞാനവൈരാഗ്യ മോക്ഷ സിദ്ധികൾ നൽകി അനുഗ്രഹിച്ചാലും എന്ന് പ്രാർത്ഥിച്ചു. തുടർന്ന് ആത്മീയ ജീവിതത്തിൽ ദേവിയുടെ പ്രഭാവം അനുഭവിച്ചറിഞ്ഞാണ് സൗന്ദര്യലഹരി എന്ന വിശ്രുതി കൃതി സ്വാമി എഴുതിയത്.

ആദിമൂലശക്തി അമ്മ ആചാര്യരെ ഇങ്ങനെ ബോധ്യപ്പെടുത്തി:
ശക്തിബന്ധമാണ് സർവ്വകർമ്മങ്ങൾക്കും ആധാരം. ശക്തിബന്ധമില്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ ഒരു കർമ്മവും സാധ്യമല്ല. ആ നിമിഷം പ്രപഞ്ചം നിശ്ചലം. അതേ പ്രപഞ്ചത്തിന്റെ ചലന – ചാലക – ശോഭന ശക്തിയാണ് ദേവി. പ്രപഞ്ചത്തെ പ്രകാശമാനമാക്കുന്നത് ദേവിയാണ്.

അന്നപൂർണ്ണേശ്വരി ധ്യാനം
തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ
രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ
ഭ്രൂമീരാമാഭ്യാം യുതാ
ദർവ്വീഹാടക ഭാജനം ച ദധതീ
രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാ
ധ്യേയാന്നപൂർണ്ണേശ്വരി

അന്നപൂർണ്ണേശ്വരി സ്തോത്രം
നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാര ബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ഉർവീ സര്‍വജനേശ്വരി ജയകരി മാതാ കൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണി സുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യ മാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രാണകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം

അന്നപൂർണ്ണേശ്വരി സ്തോത്ര മഹാത്മ്യം

Story Summary: Adi Shankaracharya Jayanti 2024 and Story behind Annapoorna Stotram

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version