Friday, 22 Nov 2024

മേടത്തിരുവാതിര ചൊവ്വാഴ്ച ; ജ്ഞാനസൂര്യന്റെ അവതാരത്തിരുനാൾ

മംഗള ഗൗരി

നാളെ 2023 ഏപ്രിൽ 25. വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി.
മേടമാസത്തിലെ തിരുവാതിര നക്ഷത്രം. കേരളത്തിന് ഇത് തത്വജ്ഞാന ദിനം. സർവ വിദ്യകളുടെയും ഗുരുവായ, ദക്ഷിണാമൂർത്തിയായ, ശിവഭഗവാന്റെ അംശാവതാരമായി ജഗദ്ഗുരു ആദി ശങ്കരൻ കാലടിയിൽ അവതാരമെടുത്ത പുണ്യദിനം.
സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം

ശ്രുതി സ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവദ് പാദം
ശങ്കരം ലോക ശംകരം

ശങ്കരം ശങ്കരാചാര്യം
കേശവം ബാദരായണം
സൂത്രഭാഷ്യകൃതോവന്ദേ
ഭഗവന്തോ പുനഃപുനഃ

ഈശ്വരോ ഗുരുരാത്മേതി
മൂർത്തി ഭേദവിഭാഗിനേ
വ്യോമവത് വ്യാപ്ത ദേഹായാ
ദക്ഷിണാമൂർത്തയേ നമഃ
അജ്ഞാനത്തിന്‍റെ ഇരുളിൽ നിന്നും ഭാരതത്തെയും സനാതന ധർമ്മത്തെയും പുനരുദ്ധരിച്ച ജ്ഞാനസൂര്യൻ ആദി ശങ്കരാചാര്യരുടെ ജന്മദിനമായി കേരളീയ രീതിയിൽ മേടമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ വരുന്നു.

വ്യാസനും വാല്മീകിക്കും ശേഷം ഭാരതത്തിൽ ആദ്ധ്യാത്മിക വളർച്ചയ്ക്ക് അനശ്വര സംഭാവന നല്കിയ പുണ്യാത്മാവാണ് ജഗദ്‌ഗുരു ശങ്കരാചാര്യർ. ജൈന, ബുദ്ധമതങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച ശങ്കരൻ വേദാന്തത്തിലെ അദ്വൈത ചിന്തയുടെ വക്താവാണ്. അദ്വൈതത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ശങ്കരാചാര്യർ കേരളത്തിൽ കാലടിയിൽ ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ജനിച്ചു. പിതാവിന്റെ വിയോഗ ശേഷം സന്ന്യാസിയായി മാറിയ ആചാര്യ സ്വാമികൾ 32 വയസ്സു വരെ മാത്രമാണ് ജീവിച്ചതെന്ന് അനുമാനിക്കുന്നു.

മൂകാംബിക, ഗുരുവായൂർ , ചോറ്റാനിക്കര തുടങ്ങിയ നിരവധി മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ആദി ശങ്കരനെ ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഭാരതമാകെ സഞ്ചരിച്ച് തത്ത്വചിന്തകരുമായി ചർച്ചകളിലും തർക്കങ്ങളിലും ഏർപ്പെട്ട ജഗദ്ഗുരു മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. വിവേകചൂഢാമണി, മനീഷാപഞ്ചകം, ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി, ഭജഗോവിന്ദം, ഗണേശ പഞ്ചകം, ഹനുമദ് പഞ്ചകം, കനകധാരാ സ്തോത്രം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു.

ഇതിൽ കനകധാരാ സ്തോത്രം രചിച്ചതിനെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട്. ഒരിക്കൽ ഭിക്ഷാടത്തിന്റെ ഭാഗമായി ജഗദ്ഗരു ഒരു ഭവനം സന്ദർശിച്ച് അവിടെ ഉണ്ടായിരുന്ന വൃദ്ധയോട് , അവിടുത്തെ ദാരിദ്ര്യം അറിയാതെ ഭിക്ഷ യാചിച്ചു. ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധ സ്വാമിക്ക് നൽകി. സംതൃപ്തനായ ശങ്കരാചാര്യർ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അവിടെ നിന്നു തന്നെ അപ്പോൾ പാടിയതാണ് കനകധാരാ സ്തോത്രം. ഈ സ്തുതിയിൽ പ്രസന്നയായ സാക്ഷാൽ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് ഐതിഹ്യം.

കുടജാദ്രിയിലെ തപസിനൊടുവിൽ തന്റെ മുന്നിൽ പ്രത്യക്ഷയായ സരസ്വതി ദേവിയെ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് ആനയിച്ചത് ശങ്കരാചാര്യരാണെന്നാണ് മറ്റൊരു ഐതിഹ്യം. യോഗബലത്തിലൂടെ ആകാശത്തിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടായിരുന്ന ശങ്കരാചാര്യരാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയത്. ഒരു മണ്ഡലകാലം ഗുരുവായൂരിൽ ഭജനമിരുന്ന് ആചാര്യർ ക്രമപ്പെടുത്തിയ ആചാരങ്ങൾ തെല്ലും ലോപം വരാതെ ഇന്നും പാലിക്കുന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ അനുദിനമുള്ള ചൈതന്യ വർദ്ധനവിന് കാരണം. ക്ഷേത്രത്തിൽ വടക്കേ നടയ്ക്ക് സമീപം ഇപ്പോൾ ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. ഇവിടെയിരുന്നണത്രേ ആചാര്യ സ്വാമികൾ ഗോവിന്ദാഷ്ടകം രചിച്ചത്.

അദ്വൈത സിദ്ധാന്തം നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിന് ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിച്ചു. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെ പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. സ്വാമികൾ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ.

ശൃംഗേരിമഠത്തിലെ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിൽ ഒന്ന് ഉണ്ടായിരിക്കും. ബ്രഹ്മചാരികള്‍ ചൈതന്യയായി അറിയപ്പെടും. യജുര്‍വേദമാണ് ശൃംഗേരിമഠത്തിലെ മുഖ്യവേദം. അഹം ബ്രഹ്മാസ്മിയാണ് അവിടുത്തെ മഹാവാക്യം.

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിലെ സ്വാമിമാർ തീര്‍ത്ഥന്‍ എന്ന് അറിയപ്പെടുന്നു. ഈ മഠത്തിലെ ബ്രഹ്മചാരികളുടെ പേരിൽ സ്വരൂപ എന്ന് കാണും. തത്ത്വമസി യാണ് മഹാവാക്യം. മുഖ്യ അദ്ധ്യയന ഗ്രന്ഥം സാമവേദമാണ്.

ബദരിയില്‍ സ്ഥാപിച്ചത് ജ്യോതിര്‍മഠ‍ം. ശ്രീമഠ‍ം എന്നും ഇത് അറിയപ്പെടുന്നു. ഗിരി, പര്‍വ്വത, സാഗര എന്നിവയിലാണ് ഈ മഠത്തിലെ സന്യാസിമാരുടെ പേരുകൾ അവസാനിക്കുക. ബ്രഹ്മചാരികള്‍ ആനന്ദന്മാരാണ്. അഭ്യാസ ഗ്രന്ഥം അഥര്‍വ്വവേദം.
അയം ആത്മാ ബ്രഹ്മ എന്നതാണ് ഇവിടെ മഹാവാക്യം.

കിഴക്ക് പുരിയിലാണ് ഗോവര്‍ദ്ധനമഠ‍ം. വനം, അരണ്യ എന്നിവയിലാണ് ഇവിടുത്തെ സന്ന്യാസിമാരുടെ നാമം അവസാനിക്കുക. ബ്രഹ്മചാരികളുടെ പേരിൽ പ്രകാശം കാണും.മുഖ്യവേദം ഋഗ്വേദം. പ്രജ്ഞാനം ബ്രഹ്മ മഹാവാക്യം.

ഈ നാലു മഠങ്ങൾ വഴി ഭാരതത്തിന്റെ അദ്ധ്യാത്മിക ശ്രേയസ്സിന് വേണ്ടതെല്ലാം ശങ്കരാചാര്യർ ചെയ്തു. അതോടെയാണ് ഇവിടെ ഹൈന്ദവ നവോത്ഥാനം സംഭവിച്ചത്.

Story Summary: Adi Shankaracharya Jayanti 2023 : Date, Importance and Celebrations

error: Content is protected !!
Exit mobile version