മേടത്തിലെ പൗര്‍ണ്ണമിയിൽ ദേവീപ്രീതി നേടിയാൽ ധാന്യവർദ്ധന, സമ്പദ് സമൃദ്ധി
മംഗളഗൗരി
ദേവീപ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ ദിവസമാണ് പൗര്‍ണ്ണമി. എല്ലാ മാസവും പൗർണ്ണമി നാൾ സന്ധ്യയ്ക്ക്
വീട്ടിൽ വിളക്ക് തെളിയിച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പൗർണ്ണമിപൂജയിലും
മറ്റും പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും സഹായിക്കും. ഒരിക്കൽ എടുത്ത് പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഉച്ചയ്ക്ക് മാത്രം ഊണും രണ്ട് നേരം പഴവര്‍ഗ്ഗവുമാണ് ഒരിക്കൽ കൊണ്ട് ഉദ്ദേശിക്കുന്ന ഭക്ഷണസമ്പ്രദായം. മത്സ്യ മാംസാദികൾ ഒഴിവാക്കണം.
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിനും ഓരോ ഫലം
ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. മേടത്തിൽ നോൽക്കുന്ന പൗർണ്ണമി വ്രതം ധാന്യവർദ്ധനവിനും സമ്പദ് സമൃദ്ധിക്കും
ജീവിത പുരോഗതി നേടുന്നതിനും ഉത്തമമാണ്. ഇത് ചൈത്രമാസത്തിൽ വന്നാൽ ചിത്രാപൗർണ്ണമി എന്നാണ്
അറിയപ്പെടുന്നത്. ഹനുമദ് ജയന്തി കൊണ്ടാടുന്നത് ചിത്രാ പൗർണ്ണമി നാളിലാണ്. 2024 ഏപ്രിൽ 23 ചൊവ്വാഴ്ച ചിത്രാ പൗർണ്ണമിയും പൗർണ്ണമി പൂജയുമെല്ലാമാണ്. മറ്റ് മാസങ്ങളിൽ പൗർണ്ണമി വ്രതം നോറ്റാലുള്ള ഫലം. ചിങ്ങം: കുടുംബഐക്യം. കന്നി: സമ്പത്ത് വർദ്ധന. തുലാം: വ്യാധി നാശം. വൃശ്ചികം: സത്കീർത്തി. ധനു: ആരോഗ്യവർദ്ധന. കുംഭം: ദുരിത നാശം. മീനം: ശുഭചിന്തകൾ വർദ്ധിപ്പിക്കും. ഇടവം: വിവാഹതടസം മാറും. മിഥുനം: പുത്രഭാഗ്യം. കർക്കടകം: ഐശ്വര്യ വർദ്ധന
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ സൂര്യോദയത്തിന് മുമ്പ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി ദേവീ സ്തുതികൾ ജപിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ദേവി സ്തുതികൾ ജപിക്കണം. ഭഗവതി സേവയ്ക്ക് ഏറെ വിശേഷദിവസമാണ് വെളുത്തവാവ്. ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാ പ്രീതിക്ക് ഏറ്റവും ഉത്തമമാണ് പൗര്‍ണ്ണമി ദിനാചരണം. പൗർണ്ണമി ദിവസം ചെയ്യുന്ന ഏത് ദേവീ ഉപാസനയും പൂജാകര്‍മ്മങ്ങളും പെട്ടെന്ന് ഫലം നല്കും. ശൈവ–വൈഷ്ണവ–ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പൗർണ്ണമി ഉത്തമമാണ്.
ലളിതാ സഹസ്രനാമം, ദുർഗ്ഗാ മൂലമന്ത്രം ഓം ദും ദുർഗ്ഗായൈ നമഃ , ദുർഗ്ഗാ സപ്തശ്ലോകി, അഷ്ടോത്തരം സ്തോത്രങ്ങളുടെ രാജാവായി പ്രകീർത്തിക്കുന്ന, ഏത്ര കടുത്ത വിപത്തിൽ നിന്നും കരകയറ്റുന്ന ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം തുടങ്ങിയവ ജപിക്കുന്നത് ക്ഷിപ്രഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം കേൾക്കാം :
എല്ലാ വെളുത്തവാവിനും വ്രതം നോൽക്കുന്നത് സർവ്വദോഷ ശമനത്തിന് ഏറെ നല്ലതാണ്. ചന്ദ്രദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഈ ആചരണം. പൗർണ്ണമി നോൽക്കുന്ന കുട്ടികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും. പൗര്‍ണ്ണമിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 18 മാസം ചിട്ടയായി പൗർണ്ണമി നോൽക്കുന്നത് ദുരിതശാന്തിക്കും ഇഷ്ടകാര്യസിദ്ധിക്കും ഗുണകരമാണ്.
Story Summary: Significance Of Powrnami Vritham
Copyright 2024 Neramonline.com. All rights reserved