Tuesday, 24 Sep 2024

മേടത്തിലെ ഷഷ്ഠിക്ക് സുബ്രഹ്മണ്യനെഉപാസിച്ചാൽ സല്‍പുത്രലാഭം, രോഗശാന്തി

ജ്യോതിഷരത്നം വേണു മഹാദേവ്

മേടമാസത്തിലെ ശുക്‌ളപക്ഷ ഷഷ്ഠി നാൾ സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചാൽ സല്‍പുത്രലാഭം രോഗശാന്തി എന്നിവ ലഭിക്കും. 2023 ഏപ്രിൽ 26 ബുധനാഴ്ചയാണ് മേടമാസത്തിലെ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച ഐതിഹ്യം. മുരുകപ്രീതിക്കുള്ള ഏറ്റവും പ്രശസ്തവും അത്ഭുതകരമായ ഫലസിദ്ധി ഉള്ളതുമായ വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിവസം ചെയ്യുന്ന ഏത് പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്.

മേടമാസത്തിലെ ശുക്‌ളപക്ഷ ഷഷ്ഠിനാളിലെ അനുഷ്ഠിക്കുന്ന വ്രതം കുമാരവ്രതം എന്നറിയപ്പെടുന്നു. ഈ വ്രതം അനുഷ്ഠിച്ചാല്‍ സ്‌കന്ദനെ പോലെ തേജസ്വിയും ദീര്‍ഘായുഷ്മാനുമായ പുത്രനെ സിദ്ധിക്കും. സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാര്‍ മരിച്ചു. ഇത് കണ്ടു സ്‌കന്ദന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിച്ചത്രേ. താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ ഒരു പര്‍വ്വതമാക്കി മാറ്റുകയും ചെയ്തു. ആ പര്‍വ്വതത്തിന് സ്‌കന്ദപര്‍വ്വതം എന്ന് പേര് വരികയും സ്‌കന്ദന്‍ ആ പര്‍വ്വതത്തില്‍ സ്ഥിരവാസമാകുകയും ചെയ്തു. ഇപ്രകാരം ചെയ്തത് മേട മാസത്തിലെ ഷഷ്ഠി തിഥിക്കായിരുന്നു. അന്ന് തന്നെ പൂജിക്കുന്ന ഭക്തർക്ക് രോഗശാന്തി സിദ്ധിക്കുമെന്നും ഭഗവാൻ അരുളിച്ചെയ്തു.

ഷഷ്ഠി വ്രതം നോൽക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം ഏറ്റവും ഉത്തമം. സാധിക്കുന്നവർ അങ്ങനെ ചെയ്യുക. പറ്റാത്തവർ യഥാശക്തി അനുഷ്ഠിക്കുക. പഴവർഗ്ഗങ്ങൾ മാത്രമായോ, ലഘുഭക്ഷണം എന്ന രീതിയിലോ വ്രതം ആചരിക്കാം. മത്സ്യമാംസാദി ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസമായി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്. ഈ ദിനം പരമാവധിസമയം ക്ഷേത്രത്തിൽ തന്നെ കഴിയണം. മുരുകമന്ത്രങ്ങൾ, സ്തോത്രങ്ങൾ ജപിക്കുക. സ്‌കന്ദപുരാണം പാരായണം ഉത്തമം.

ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം. ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.

സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം, കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ. അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 8921709017

Story Summary: Sashti Vritham 2023 April 26: Check out the Significance and Mantras


error: Content is protected !!
Exit mobile version