Saturday, 23 Nov 2024

മേയ്‌ 4 വരെ കാര്യം കഠിനം; പ്രാർത്ഥന തുടരുക

ഡോ. ആറ്റുകാൽ രാധാകൃഷ്ണൻ

സാധാരണ  ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട വ്യാഴം ഇത്തവണ മൂന്നു പ്രാവശ്യമാണ് രാശി മാറുന്നത്. 2019 നവംബർ 4, 2020 മാർച്ച്‌ 29,  2020 ജൂൺ  29 എന്നീ തീയതികളിൽ. 2019  നവംബർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം 2020 മാർച്ച്‌ 29 ന് മകരത്തിലേക്ക് പകർന്നു. മൂന്നു മാസത്തിനുള്ളിൽ ഒരിക്കൽക്കൂടി മാറുന്നുമുണ്ട്. 2020 ജൂൺ 29ന് തിരിച്ച് ധനുവിലേക്ക് വരും. ഏഴ് മാസത്തിനുള്ളിൽ 3 തവണ സംഭവിക്കുന്ന വ്യാഴമാറ്റം  അതിചാരമാണ്. ഇതിന്റെ ഫലം സംബന്ധിച്ച പ്രമാണം ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണുന്നത് ഇങ്ങനെ:

ഏക സംവത്സരേ  ജീവേത്രയ 

രാശിമുപാഗതേ സപ്തകോടിജനാൻ ഹന്തി:

ലോകേ ബഹു വിനാശകൃത്

പാടില്ലാത്ത, പതിവില്ലാത്ത മാറ്റങ്ങൾ.  ഇതിന്റെ ഫലമോ, ഒരു സംവത്സരത്തിനുള്ളിൽ ജീവൻ അതായത് വ്യാഴം മൂന്നു രാശികളിൽ സഞ്ചരിച്ചാൽ  ലോകത്തുള്ള കോടിക്കണക്കിന് ജനങ്ങൾക്ക് പലവിധ നാശനഷ്ടങ്ങൾ ഉണ്ടാകാം. ഈ പ്രമാണത്തിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് ശനിയുടെയും ചൊവ്വയുടെയും മറ്റും ഗ്രഹസ്ഥിതികൾ. മകരത്തിൽ സ്വക്ഷേത്ര ബലവാനായി ശനി, ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എന്നിവരോടൊപ്പം തീരെ ശക്തി ഇല്ലാത്ത നീചരാശിയിലെ വ്യാഴം. ഈ ഗ്രഹസ്ഥിതി 2020 മേയ്‌ 4 ന്  ചൊവ്വ കുംഭത്തിലേക്ക് മാറും വരെ എന്തായാലും തുടരും. അതു കഴിയും വരെ പൊതുവെ നല്ല കാലം എന്ന് പറയാനേ വയ്യ. കുജ, ശനി, ഗുരുക്കൾ ഒന്നിച്ചാലോ സമ സപ്തമ സ്ഥിതിയിൽ വന്നാലോ ആണ് വസുന്ധരായോഗം ഭവിക്കുന്നത്. അത് സംബന്ധിച്ച പ്രമാണം ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണുന്നത് ഇങ്ങനെ:

യദാര സൗരീ സുര രാജ മന്ത്രിണാ 

സഹൈക രശൗ സമ സപ്തമേപിവാ 

ഹിമാദ്രി ലങ്കാ പുരമദ്ധ്യ വർത്തിനീ 

ത്രിഭാഗശേഷം കുരുതേ വസുന്ധരാ


സൗരി  അതായത് ശനിയും സുരരാജ – ഗുരുവും മന്ത്രി – കുജനും ഒരു രാശിയിലോ സമസപ്തമ സ്ഥിതിയിലോ വന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗത്ത്  പല അനിഷ്ട സംഭവങ്ങളും ഉണ്ടാവാം. മാരക രോഗങ്ങളുടെ വ്യാപനം മൂലം ജനസംഖ്യ കുറയാം, വായു, അഗ്നി സംബന്ധമായ അസ്വസ്ഥതയും മരണഭീതിയും  വേട്ടയാടാം. പ്രകൃതിക്ഷോഭങ്ങളുണ്ടാകാം. അങ്ങനെ പലതും പലതും സംഭവിക്കാം. മനുഷ്യർക്ക്  ആകെ ആശങ്കകൾ ബാധിക്കാം. ഗ്രഹങ്ങളുടെ സ്വാധീനം ഓരോ അണുവിലും പ്രതിഫലിക്കും. വസുന്ധരാ യോഗകാലം ഇങ്ങനെയൊക്കെ ആവും എന്നാണ് ആചാര്യന്മാർ പറയുന്നത്. കർമ്മങ്ങൾ  നടത്തി ഇതിന്റെ ദോഷകാഠിന്യം കുറയ്ക്കണം. കൂടാതെ ഉപാസനകൾ- നാമജപം, സൽകർമങ്ങൾ എന്നിവ പരമാവധി വർദ്ധിപ്പിക്കണം. എല്ലാ സൽകർമ്മങ്ങളും കൂട്ടായി നടത്താൻ പറ്റാതെ വന്നേക്കാം. വ്യാഴം പിഴച്ചാൽ അതാണ് സ്ഥിതി.  ആളുകൾ കൂടും എന്ന കാരണത്താൽ കൂട്ടായ ജപം, സത്‌സംഗം, സപ്താഹയജ്ഞങ്ങൾ എന്നിവപോലുള്ള ആദ്ധ്യാത്മിക കാര്യങ്ങൾപോലും മുടങ്ങും.  അതുകൊണ്ട് നാമജപം വീട്ടിൽ നടത്തണം. അതിൽ വിഷമിക്കുകയൊന്നും വേണ്ട. നമ്രാണാം സന്നിധത്സേ – എവിടെ നമസ്കരിക്കുന്നോ അവിടെ ഭഗവാൻ സാന്നിദ്ധ്യപ്പെടും എന്നുണ്ടല്ലോ.  

സപ്തദ്വീപ നിവാസിനാം പ്രാണിനാം അക്ഷയ്യമുപതിഷ്ഠതു 

ഏഴു ഭൂഖണ്ഡങ്ങളിലേയും സർവ്വ ചരാചരങ്ങൾക്കും ആയുരാരോഗ്യം ഭവിക്കട്ടെ . ഈ സമയത്ത് മൃത്യുഞ്ജയ മന്ത്രജപവും ധന്വന്തരി മന്ത്രജപവും പതിവാക്കുന്നത് നല്ലതാണ്.

മൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹേ 

സുഗന്ധിം പുഷ്ടി വർദ്ധനം

ഉർവ്വാരുകമിവ ബന്ധനാത്

മൃത്യോർമുക്ഷീയമാമൃതാത്

ധന്വന്തരി മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

ധന്വന്തരീമൂർത്തയെ അമൃത കലശ ഹസ്തായ

സർവാമയ വിനാശായ

ത്രൈലോക്യനാഥായ മഹാവിഷ്ണുവേ നമഃ

ഡോ. ആറ്റുകാൽ രാധാകൃഷ്ണൻ + 91 9447471711
(ഏഷ്യനെറ്റിന്റെ അസ്ട്രോളജിക്കൽ കൺസൾട്ടന്റാണ് ലേഖകൻ)

error: Content is protected !!
Exit mobile version