മൗനവ്രതം കഴിവും ആയുസും ബുദ്ധിയും കൂട്ടും
വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം മൗനവ്രതമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ മൗനവ്രതത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. പൂജ, ജപം, സേവനം, ധ്യാനം, തുടങ്ങിയ സാധനകൾ പോലെ പ്രധാനമാണ് മൗനവ്രതം. പ്രാർത്ഥന, ജപം,ധ്യാനം എന്നിവയ്ക്കൊപ്പം മൗനവ്രതവും സാധനയാക്കിയാൽ ആർക്കും ഈശ്വര കൃപ നേടാനും മനസിനെ നിശ്ചലമാക്കാനും സാധിക്കുമെന്ന് ഗീത പത്ത്, പതിനൊന്ന് അദ്ധ്യായങ്ങളിൽ വിവരിക്കുന്നു.അതിസൂക്ഷ്മമായ ആത്മീയ സാധനയായി മൗനവ്രതത്തെ കണക്കാക്കണമെന്ന് ശ്രീകൃഷ്ണൻ ഉപദേശിക്കുന്നു.മൗനവ്രതത്തിന്റെ ഏറ്റവും വലിയ മേന്മ അത് നമ്മുടെ വാക്കുകളെ ശുദ്ധമാക്കുമെന്നതാണ്.
മൗനവ്രതം ശീലിച്ചാൽ വാക്കുകൾ നമുക്ക് നിയന്ത്രിക്കാനാവും. അനാവശ്യമായ വാക്കുകൾ നമ്മുടെ സംഭാഷണങ്ങളിൽ നിന്നും ഒഴിവാകും. ആരെയും മുറിപ്പെടുത്തുന്നതൊന്നും നാവിൽ നിന്നും വീഴില്ല. കൈ വിട്ട ആയുധവും വാവിട്ട വാക്കും ഒരു പോലെ മാരകമാണ്. നാവു നിയന്ത്രിച്ചാൽ തന്നെ ജീവിതം സുന്ദരമാകും. കോപം നിയന്ത്രിക്കാനാവുമെന്നതാണ് മറ്റൊരു ഗുണം.
മൗനം ആചരിക്കുമ്പോഴുണ്ടാകുന്ന പരമോന്നതമായ അനുഭൂതിയിൽ ഈശ്വരനുമായി ഹൃദയ സംവാദം നടത്താനാകും. മൗനം ആയൂർദൈർഘ്യം നൽകും. കഴിവും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും. മൗനം മനുഷ്യന്റെ ശാരീരികോർജ്ജവും മാനസികോർജ്ജവും നിലനിർത്തുന്നതിനു പുറമെ ശരീരം, മനസ്, ഹൃദയം എന്നിവയ്ക്ക് സ്വസ്ഥതയും നൽകും.
മൗനമാണ് ഏറ്റവും ഉന്നതമായ സാധന.
മൗനം ഒഴികെ മറ്റൊന്നിനും ഹൃദയത്തിലെ അശാന്തിയുടെ തിരമാലകളെ നിശ്ചലമാക്കാനാകില്ലെന്ന് സായിബാബ പറഞ്ഞിഞ്ഞിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത് മൗനവ്രതം ജീവിതം അർത്ഥപൂർണ്ണമാക്കുമെന്നാണ്. ബാഹ്യവും ആന്തരികവുമായി വ്യക്തിയെ മൗനവ്രതം ശുദ്ധമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.ഒരു വ്യക്തി നിശ്ചലതയുടെയും മൗനത്തിന്റെയും അവസ്ഥയിലെത്തിയാൽ പരമമായ ശാന്തിയും ആനന്ദവും അനുഭവിക്കും. ദിവസവും ഏതാനും സമയം മൗനമായിരിക്കാൻ ശീലിക്കുക.
പരിപൂർണ്ണമൗനത്തിലിരുന്ന് ഈശ്വരന്റെ ശബ്ദത്തിന് കാതോർക്കുക. ഈശ്വരന് നിശ്ശബ്ദതയിലൂടെ സംവദിക്കാൻ കഴിയും. ആദ്യമൊന്നും ശ്രദ്ധ കിട്ടിയെന്നു വരില്ല. ചിന്തകളുടെ വേലിയേറ്റം ഉണ്ടായെന്നു വരാം. പക്ഷെ ശാന്തരാകുക. ആ നിശ്ശബ്ദതയിൽ ഈശ്വരന്റെ സന്ദേശം അറിയാനാകും. ഉടനടി ഫലത്തിന് ഇച്ഛിക്കേണ്ട. അശ്രാന്ത പരിശ്രമം കൊണ്ടേ വിജയിക്കാനാകൂ.ശിവപ്രീതികരമായ വ്രതമാണിതെന്ന് പുരാണങ്ങൾ പറയുന്നു. വർഷത്തിലൊരിക്കൽ 16 ദിവസം മൗനവ്രതമാചരിക്കണമെന്ന് പുരാണങ്ങൾ നിർദ്ദേശിക്കുന്നു.