Saturday, 23 Nov 2024

യോഗിനി ഏകാദശി രോഗമുക്തിയേകും

2019 ജൂൺ 29 ശനിയാഴ്ച യോഗിനി ഏകാദശി

ഐതിഹ്യം,  ആചരണ രീതി

മഹാവിഷ്ണു പ്രീതിക്കായി ആചരിക്കുന്ന വ്രതമാണ് ഏകാദശി.
വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമത്രേ ഇത്. ജീവിതകാലത്ത് ചെയ്യുന്ന എല്ലാ പാപങ്ങളും ഏകാദശിവ്രതമെടുത്ത് മഹാവിഷ്ണുവിനെ പൂജിച്ചാൽ ഇല്ലാതാകും. ഏകാദശി വ്രതത്തിന് നിരവധി ഫലങ്ങള്‍ പറയുന്നുണ്ട്.

വ്രതമെടുത്ത് വിഷ്ണു ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത പുണ്യമുണ്ടാകും.

ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ്‌വിളക്ക് തെളിക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തിയുണ്ടാകും.

ഏകാദശി ദിവസം വിഷ്ണുവിന് താമരമാല ചാര്‍ത്തുന്നവര്‍ക്ക് മോക്ഷം ലഭിക്കും.

ഏകാദശി ദിവസം വിഷ്ണു ക്ഷേത്രം അലങ്കരിക്കുന്നവര്‍ക്ക് മുക്തി ലഭിക്കും.

പതിവായി ഏകാദശി വ്രതമെടുക്കുന്നവർക്ക് ഭഗവാന്റെ സമീപം വൈകുണ്ഠത്തില്‍ വസിക്കാനാകും.

ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഏകാദശി വ്രതമെടുത്താല്‍ കുടുംബത്തിൽ ഐശ്വര്യവും സത്‌സ്വഭാവികളായ മക്കളും ഉണ്ടാകും.

ഏകാദശി ദിവസം ഉറക്കമൊഴിഞ്ഞ് നാമജപത്തോടെ കഴിയുന്ന ദമ്പതിമാർ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും.

ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല.

സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിക്ക് ഭുരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിക്ക് ആനന്ദ പക്ഷ ഏകാദശി എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.

ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 ആകാം. ഇതിൽ ആഷാഡ മാസത്തിലെ അതായത് മിഥുനം – കർക്കടക മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് യോഗിനി ഏകാദശി. ഈ ഏകാദശി വ്രതമെടുത്താൽ ശാപമുക്തിയും രോഗമുക്തിയും പാപമോചനവുമാണ്
ഫലം. യോഗിനി ഏകാദശിക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ധനത്തിന്റെ ഈശ്വരനായ കുബേരന്റെ ആസ്ഥാനമായ അളകാപുരിയിൽ ഹേമന്‍ എന്നൊരു തോട്ടക്കാരനുണ്ടായിരുന്നു. ദിവസവും മാനസസരസില്‍നിന്നും ശിവപൂജക്ക് പുഷ്പങ്ങള്‍ കൊണ്ടുവരേണ്ട ചുമതല അയാള്‍ക്കായിരുന്നു.
ഒരു ദിവസം പൂജക്ക് വേണ്ട പുഷ്പങ്ങള്‍ എത്തിക്കാന്‍ അയാൾ വൈകി. കുപിതനായ കുബേരൻ ഹേമനെ ശാപിച്ചു. അയാൾ രോഗിയായി മാറി. ഹേമന്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയെ കണ്ട് തന്റെ രോഗ ദുരിതം അറിയിച്ചു; ശാപമോചനത്തിന് മാര്‍ക്കണ്ഡേയൻ ഒരു വഴി പറഞ്ഞു കൊടുത്തു.
ആ ഉപദേശപ്രകാരം ഹേമന്‍ യോഗിനി ഏകാദശി വ്രതം നോറ്റു തുടങ്ങി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഹേമന് രോഗമുക്തി നേടാനായി.

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങളിലായാണ് ഏകാദശി വ്രതം
ആചരിക്കുന്നത്.
ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണ
ഉപവാസമാണ് ഉത്തമം. ശാരീരിക പ്രശ്‌നങ്ങളാൽ അതിന് കഴിയാത്തവർ അരിഭക്ഷണം ഒഴിവാക്കി വ്രതമെടുക്കണം. . ഗോതമ്പ് കൊണ്ടുള്ള ലളിത വിഭവങ്ങളോ പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലങ്ങൾ എന്നിവയോ അവർക്ക് കഴിക്കാം. അവരും കഴിയുന്നതും കുറച്ചു മാത്രം കഴിക്കണം. ഒരു കാരണവശാലും അമിതാഹാരം പാടില്ല. ഏകാദശിനാളില്‍ കർശനമായും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തണം. വഴിപാട് ചെയ്യണം. പകലുറക്കം പാടില്ല.
ദ്വാദശിനാളില്‍ ഹരിവാസര സമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതം തീർക്കാൻ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കഴിച്ച് വ്രതമെടുക്കുന്നവരുമുണ്ട്. ദ്വാദശി കഴിയുന്നതിനു മുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണം.

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്നതാണ് ഹരിവാസര മുഹൂര്‍ത്തം. ഈ 12 മണിക്കൂർ ഒന്നുംതന്നെ
കഴിക്കാതിരിക്കുന്നത് നല്ലത്.. ഈ സമയത്ത് ഭൂമിയിലെങ്ങും ശ്രീ മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം കൂടുതലായി അനുഭവപ്പെടുമത്രേ. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു പൂജയ്ക്കും ഭജനത്തിനും പൂര്‍ണ്ണഫലസിദ്ധിയുണ്ടാകും. പുരാണ കാലം മുതൽ അനേക കോടി ഭക്തരുടെ അനുഭവമാണ് ഏകാദശി വ്രതാനുഗ്രഹം. ഈ ദിവസം വിഷ്ണു സന്നിധികളിൽ പ്രത്യേകിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്ന തിരക്ക് മാത്രം മതി ഏകാദശി മാഹാത്മ്യം വർണ്ണിക്കാൻ.

വേണു മഹാദേവ്
മൊബൈൽ: + 91 9847475559


error: Content is protected !!
Exit mobile version