Thursday, 21 Nov 2024

യൗവ്വനയുക്തരായി ആരോഗ്യത്തോടെ ജീവിക്കാൻ ഇതാണ് മാർഗ്ഗം

പി എം ബിനുകുമാർ
അരോഗദൃഢഗാത്രരായി, യൗവ്വനയുക്തരായി എന്നെന്നും ജീവിക്കാൻ സഹായിക്കുന്ന പലതരം വ്യായാമങ്ങൾ ഒന്നിച്ചു ചേർന്ന മഹത്തായ യോഗാഭ്യാസമാണ് സൂര്യനമസ്കാരം. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും വ്യായാമം ലഭിക്കും, മനസ്‌ ഏകാഗ്രമായി നിൽക്കും, മന‌സും ശരീരവും ആരോഗ്യകരമായിരിക്കാൻ സഹായിക്കും ഇതെല്ലാമാണ് സൂര്യനമസ്കാരത്തിന്റെ സവിശേഷതകൾ. ഇക്കാര്യങ്ങൾക്കെല്ലാം ഏറ്റവും ഉത്തമമായ ഒരു യോഗാസനം വേറെയില്ല. രാവിലെ സൂര്യൻ ഉദിച്ചു വരുന്ന സമയമാണ് സൂര്യനമസ്കാരം ചെയ്യാൻ ഉത്തമം. 24 യോഗാസന മുറകൾ ചെയ്യുന്ന ഫലം ഒരു സൂര്യനമസ്കാരം കൊണ്ട് മാത്രം ലഭിക്കും. ദിവസവും 10 തവണ സൂര്യനമസ്കാരം ചെയ്യണം. വെറും നിലത്ത് ചെയ്യരുത്.

ഓരോ സൂര്യനമസ്‌കാരവും പന്ത്രണ്ട് തരത്തിലുള്ള വ്യായാമ അവസ്ഥകളും ശ്വാസ നിയന്ത്രണവും ഉൾക്കൊള്ളുന്നതാണ്. അതു കൊണ്ടുതന്നെയാണ് ഇത് ഏറ്റവും ആരോഗ്യദായകമായി മാറുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ആവശ്യമായ വ്യായാമം ലഭിക്കുന്നതിലൂടെ സൂര്യനമസ്കാരം നമ്മെ എല്ലാത്തരം രോഗങ്ങളിൽ നിന്നും അകറ്റി കാത്തു രക്ഷിക്കുന്നു.

12 തരം അപൂർവ്വങ്ങളായ, ഭംഗിയായി ക്രമീകരിച്ച ചലനങ്ങളോടെ ശരീരത്തിനാകമാനം നല്ല വ്യായാമവും പുതിയ ഉത്സാഹവും നൽകുന്ന സൂര്യനമസ്‌കാരം ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ്. ഇത് പരിശീലിക്കുന്നതിലൂടെ നമുക്ക് ശരീരത്തെ പൂർണ്ണമായും നിയന്ത്രണത്തിലാക്കാൻ സാധിക്കും. തടി കുറയ്ക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിറുത്താനും ഉറക്കക്കുറവ് പരിഹരിക്കാനും ആർത്തവ ക്രമക്കേടുകൾ തീർക്കാനും വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലുകളുടെ ബലത്തിനുമെല്ലാം ഇത് സഹായിക്കും.

ഇതിലൂടെ നമ്മുടെ ശരീരം സമ്പൂർണ്ണമായും ചലിക്കപ്പെടുന്നതിനാൽ ഓരോ അവയവവും ഏറ്റവും നല്ല നിലയിൽ സംരക്ഷിക്കപ്പെടുന്നു. മുടക്കാതെ കൃത്യമായി ചെയ്തു കൊണ്ടിരുന്നാൽ തീർച്ചയായും ഓരോ അവയവവും ഏറ്റവും നല്ല രീതിയിൽ തന്നെ കാത്തുസൂക്ഷിക്കപ്പെടും; അവ പ്രവർത്തന ക്ഷമമാവുകയും ചെയ്യും. ശരീരത്തിന് അപാരമായ ബലവും ചലനശേഷിയും ലഭിക്കും.

സൂര്യനമസ്‌കാരം ചെയ്യുന്നതിലൂടെ കഴുത്ത്, ചുമൽ, കൈകൾ, തുടകൾ, പാദങ്ങൾ, പൃഷ്ഠം, ഉദര പേശികൾ എന്നിവ സുശക്തമാകും. നേത്ര പാർശ്വങ്ങളിലുള്ള പേശികൾ പ്രവർത്തന നിരതമാകും. അതുവഴി കാഴ്ച ശക്തിയും വർദ്ധിക്കും. കൈകാൽ മുട്ടുകളുടെ പിടിത്തം ഇല്ലാതാകും. ശരീരഭാരം കൈകളുടെ മണികണ്ഠത്താൽ താങ്ങപ്പെടുന്നതിനാൽ അവയ്ക്ക് നല്ല കരുത്ത് ലഭിക്കും.

ഉദരഭാഗം ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യും എന്നതിനാൽ ഉദരസംബന്ധമായ എല്ലാ അസുഖങ്ങളും സൂര്യനമസ്‌കാരം ഇല്ലാതാക്കും. ഉദരത്തിന്റെ ബാഹ്യ ആന്തരിക ഭാഗങ്ങൾക്ക് നല്ല വ്യായാമം ലഭിക്കും. സൂര്യനമസ്കാരത്തിന്റെ മറ്റൊരു മെച്ചം ഇതിലൂടെ രക്തചംക്രമണം നല്ല നിലയിലാകുമെന്നതാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തപ്രവാഹം വർദ്ധിക്കും. ശരീരം മുഴുവൻ നവോന്മേഷം ലഭ്യമാകും. ശരീരത്തിലെ നാഡീവ്യൂഹം ബലപ്പെടും. തലച്ചോറിന്റെ പ്രവർത്തനം നല്ല നിലയിലാകും.അതുവഴി ആയുരാരോഗ്യം വർദ്ധിക്കും.

ശരീരത്തിലുള്ള എല്ലാ ഗ്രന്ഥികളുടെയും പ്രവർത്തനം കാര്യക്ഷമമാകും. സൂര്യനമസ്‌കാരത്തിലെ ക്രമമായ ശ്വസന വ്യായാമങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തനം നല്ല നിലയിലാക്കും. ഹൃദയത്തിന്റെ പ്രവർത്തനവും ക്രമീകരിക്കപ്പെടുന്നതിലൂടെ ശാരീരികാരോഗ്യം ഉയർന്ന നിലയിലെത്തിക്കും. സൂര്യനമസ്‌കാരം നട്ടെല്ലിനും മികച്ച വ്യായാമം നൽകും എന്നതിനാൽ നട്ടെല്ല് സംബന്ധമായി ഉണ്ടാകാവുന്ന വേദനകൾ ഇല്ലാതാകും. എന്ന് മാത്രമല്ല നട്ടെല്ലിലുണ്ടാകുന്ന ക്രമക്കേടുകൾ ശരിയാക്കാനും ഇത് ഉപകരിക്കും.

ഇടുപ്പ്, പൃഷ്ഠങ്ങൾ, തുടകൾ എന്നിവിടങ്ങളിലെയും മറ്റ് ഭാഗങ്ങളിലെയും കൊഴുപ്പും അനാവശ്യ തടിയും ഇല്ലാതാക്കും. രക്തത്തിലുള്ള കൊഴുപ്പിന്റെ അളവ് ക്രമീകരിക്കും. വൻകുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി മലബന്ധം ഇല്ലാതാകും. ദഹനക്കേട് മുതുക്‌വേദന എന്നിങ്ങനെ പല ശാരീരിക വിഷമതകളും ഇല്ലാതാകും. മാനസിക സംഘർഷങ്ങൾ ഇല്ലാതായി മനസ്‌ ശാന്തമാക്കും. ചിന്താശേഷിയും ബുദ്ധി ശക്തിയും വർദ്ധിക്കും. മികച്ച യോഗാചാര്യന്റെ നിർദ്ദേശങ്ങൾ പാലിച്ച് സൂര്യ നമസ്കാരം ശീലിക്കുന്നതാണ് ഉത്തമം.

പി എം ബിനുകുമാർ,
+91 94476 94053

error: Content is protected !!
Exit mobile version