രാജരാജേശ്വരി പ്രീതി ശത്രു ദോഷവും ദാരിദ്ര്യവും മാറ്റും
സാക്ഷാൽ ത്രിപുരസുന്ദരിയാണ് രാജരാജേശ്വരി.ലളിത, ശ്രീവിദ്യ, കോമേശ്വരി എന്നെല്ലാം അറിയപ്പെടുന്ന ദേവി ശിവന്റെ ശക്തിയാണ്. ശത്രുദോഷവും ദാരിദ്ര്യവുമകറ്റി സർവ്വ ഐശ്വര്യങ്ങളും നൽകുന്നതിൽ ഈ ദേവിക്ക് സമാനമായ മറ്റൊരു ദേവതയില്ല.
ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന മാനസികമായ വിദ്വേഷത്തിലൂടെയാണ് ശത്രുദോഷം തുടങ്ങുന്നത്. ഇത് കടുത്ത ശത്രുതയായി മാറുമ്പോൾ എതിരാളിയെ നശിപ്പിക്കാൻ ചില ദുഷ്ടമാനസർ ക്ഷുദ്രം, ആഭിചാരം തുടങ്ങിയ നീച കർമ്മങ്ങൾ ചെയ്യാറുണ്ട്. മറ്റ് ചിലർ കൗളാചാരപ്രകാരം രൗദ്ര ദേവതാ സങ്കല്പത്തിൽ ശത്രുവിന് ദോഷം വരണമെന്ന് വിളിച്ചപേക്ഷിക്കും. അതിനു വേണ്ടി അവർ ആ ദേവതയ്ക്ക് ഇഷ്ടമുള്ള നേർച്ചകളും നടത്താറുണ്ട്. എങ്കിലും ക്ഷുദ്രവും ആഭിചാരവും ചെയ്യുമ്പോഴാണ് കൂടുതൽ ദോഷം സംഭവിക്കുന്നത്. പൊതുവേ ഇങ്ങനെയാണെങ്കിലും എല്ലാ ആഭിചാര കർമ്മങ്ങൾക്കും ദോഷം സംഭവിയ്ക്കാറില്ല. ആരെ ഉദ്ദേശിച്ചാണോ ആഭിചാരം ചെയ്യുന്നത് ആ ആളിന് ഉത്തമമായ ദശാകാലവും ശക്തമായ ദെൈവാധീനവും ഉള്ള സമയമാണെങ്കിൽ ഏന്ത് ക്ഷുദ്രം ചെയ്താലും അത് അവരെ ബാധിക്കാറില്ല.മറ്റൊരു തരത്തിൽ നോക്കിയാൽ മാനസികമായും ശാരീരികമായും ഒരു വ്യക്തി ദുർബ്ബലമോ ചപലമോ ആകുന്ന അവസ്ഥയിലാണ് ശരിക്കും ശത്രുദോഷംതീവ്രമായി ബാധിക്കുന്നത്. ആര് എത്ര കടുത്ത ക്ഷുദ്രം ചെയ്താലും ദോഷസമയമല്ലെങ്കിൽ ഒന്നും ബാധിക്കില്ല. അഥവാ ഇനി ശത്രുദോഷം ബാധിച്ചാൽ തന്നെ രാജരാജേശ്വരിയെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ അതിൽ നിന്നും അതിവേഗം മുക്തി നേടാം. ഭദ്രകാളി, ദുർഗ്ഗ പ്രീതി നേടുന്നതും ഉത്തമമായ ശത്രുദോഷ പരിഹാര കർമ്മമാണ്.
കടുത്ത ശത്രുദോഷ മുക്തിക്ക് രാജരാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താൻ 48 ദിവസം വ്രതമെടുക്കുന്ന ഒരു പ്രത്യേക അനുഷ്ഠാന പദ്ധതിയുണ്ട്. ഈ 48 ദിവസവും രാവിലെ 6 മണിക്ക് മുൻപ് കുളിച്ച് ശരീരശുദ്ധിയോടെ, മന:ശുദ്ധിയോടെ പൂജാമുറിയിലിരുന്ന് രാജരാജേശ്വരിദേവിയെ പ്രാർത്ഥിക്കണം. ദേവിയുടെ ചിത്രം വച്ച് മാലയണിയിച്ച് വിളക്കും ചന്ദനത്തിരിയും കത്തിച്ചുവച്ച് വേണം പ്രാർത്ഥന. ഈ ദിവസങ്ങളിൽ മത്സ്യമാംസാദികൾ, മദ്യം, ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്. ഏത് പൂജാമുറിയിലിരുന്ന് പ്രാർത്ഥന തുടങ്ങുന്നുവോ ആ പൂജാമുറിയിൽ തന്നെ 48 ദിവസവും പൂജ തുടരണം. ദിവസവും രണ്ടുനേരം പൂജ നടത്തി പ്രാർത്ഥിക്കണം. ഇങ്ങനെ ചെയ്താൽ കടുത്ത ആഭിചാര പ്രയോഗ ദോഷങ്ങൾ വരെ അകന്നുപോകും. മാത്രമല്ല ഐശ്വര്യവും വശ്യശക്തിയുമുണ്ടാവും. ഭാഗ്യം, ഐശ്വര്യം, സമ്പൽസമൃദ്ധി, സർവ്വകാര്യവിജയം എന്നിവയാണ് രാജരാജേശ്വരി പ്രീതിയുടെ ഫലം.ലളിതാ സഹസ്രനാമം, ദേവീ ഭാഗവതം, സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങൾ, ലളിത ത്രിശതി തുടങ്ങിയവയാണ് രാജരാജേശ്വരിയെ പൂജിക്കുമ്പോൾ പാരായണം ചെയ്യേണ്ടത്.
– സരസ്വതി ജെ. കുറുപ്പ്
+91 90745 80476