രാമനവമി ബുധനാഴ്ച; ദാമ്പത്യ ദുരിതംതീർക്കാം ; കിട്ടാക്കടം തിരിച്ചു വാങ്ങാം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ചൈത്രമാസം വെളുത്തപക്ഷത്തിലെ ഒൻപതാം നാളായ 2024 ഏപ്രിൽ 17 ബുധനാഴ്ച ശ്രീരാമനവമിയാണ്.
ഭാരതത്തിൻ്റെ മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര ദേവൻ അയോദ്ധ്യാപതി ദശരഥ മഹാരാജാവിൻ്റെയും
കൗസല്യാ ദേവിയുടെയും ജ്യേഷ്ഠ പുത്രനായി തിരു അവതാരമെടുത്ത പുണ്യദിനമാണ് രാമനവമിയെന്ന് വിശ്വസിക്കുന്നു. ചൈത്രമാസം ശുക്ലപക്ഷ നവമി തിഥിയും പുണർതം നക്ഷത്രവും ചേർന്ന മദ്ധ്യാഹ്ന വേളയിൽ ഭഗവാൻ മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതായാണ് ശ്രീരാമദേവൻ പിറവി കൊണ്ടത്. വസന്ത നവരാത്രിയുടെ സമാപനം കുറിക്കുന്ന ഈ ദിനം അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള രാമപഥം മുഴുവൻ എല്ലാവർഷവും മന്ത്രങ്ങൾ ജപിച്ചും സ്തുതികൾ ആലപിച്ചും ആഘോഷപൂർവമാണ് കൊണ്ടാടുന്നത്.
ശ്രീരാമദേവന്റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമായ ഈ ദിവസം ഈ ദിവസം സീതാദേവിയെയും ഹനുമാൻ സ്വാമിയെയും ലക്ഷ്മണനെയുമെല്ലാം ഭക്തർ രാമായണം വായിച്ചും മന്ത്രങ്ങൾ ജപിച്ചും ക്ഷേത്രങ്ങളിൽ വഴിപാട്
നടത്തിയുമെല്ലാം ആരാധിക്കുന്നു.
ദാമ്പത്യ ദുരിതങ്ങൾ തരണം ചെയ്യാം
ശ്രീരാമചന്ദ്രന്റെ അനുഗഹത്തിന് ശ്രീരാമനവമി പോലെ ഉത്തമമായ മറ്റൊരു ദിവസമില്ല. ഈ ദിവസം നടത്തുന്ന എല്ലാ പൂജാകർമ്മങ്ങളും പ്രാർത്ഥനകളും ശ്രീരാമന്റെ മാത്രമല്ല, സീതാദേവിയുടെയും ഹനുമാൻ സ്വാമിയുടെയും സൂര്യദേവന്റെയും നവഗ്രഹങ്ങളുടെയും അനുഗ്രഹങ്ങൾ സമ്മാനിക്കും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, പരസ്പര വശ്യതയുണ്ടാക്കുക, പ്രവൃത്തി മണ്ഡലത്തിൽ വിജയം നേടുക, സമൂഹത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ കൈവരിക്കുക എന്നിവയാണ് രാമനെ ആരാധിക്കുന്നതിന്റെ ഫലങ്ങൾ. ബുധൻ, വ്യാഴം ദിനങ്ങൾ
ഉപാസനയ്ക്ക് പ്രധാനമാണ്. മഹാവിഷ്ണുവിനുളള എല്ലാ വഴിപാടുകളും ശ്രീരാമദേവനും ഉത്തമമാണ്.
മൂലമന്ത്രം ജപം
ശ്രീരാമമൂലമന്ത്രം, ശ്രീരാമ അഷ്ടോത്തരം, അഷ്ടകം, സഹസ്രനാമം എന്നിവയെല്ലാം ഭഗവത് പ്രീതി നേടാൻ
ഗുണകരമാണ്. ഓം രാം രാമായ നമഃ എന്നതാണ് ഭഗവാന്റെ മൂലമന്ത്രം. തുളസിയിലകൊണ്ട് ഈ മൂലമന്ത്രം
അർച്ചന ചെയ്യുന്നത് അഭീഷ്ടദായകമാണ്. അർച്ചനയ്ക്ക് താമരയും ഉത്തമമാണ്. ശ്രീരാമസ്വാമിയുടെ അനുഗ്രഹം ലഭിക്കുന്നതിന് അതികഠിനമായ തപശ്ചര്യകൾ ഒന്നും തന്നെ വേണ്ട നിഷ്കളങ്കമായ ഭക്തിമാത്രമാണ് ആവശ്യം.
ഹരേ രാമ ഹരേ രാമ മന്ത്രം
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രം യാതൊരുവിധ ശുദ്ധചാരനിയമങ്ങളും കൂടാതെ തന്നെ ശ്രീരാമ ഉപാസനയ്ക്ക് ജപിക്കാവുന്നതാണ്. രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. 2 നേരവും കുളിക്കണം. ആരോഗ്യം അനുവദിക്കാത്തവർക്ക് കൈകാൽ കഴുകി ജപിക്കാം.
കിട്ടാനുള്ള ധനം ലഭിക്കാൻ
ശ്രീരാമം സരസീരുഹാക്ഷമമലം എന്ന് തുടങ്ങുന്ന ശ്രീരാമ ശ്ലോകം പതിവായി ജപിക്കുന്നത് ഐശ്വര്യസമൃദ്ധിക്കും ധനവർദ്ധനവിനും കടബാധ്യതകളകലാനും നല്ലതാണ്. ഒരു ബുധനാഴ്ച അല്ലെങ്കിൽ ശ്രീരാമനവമിക്ക് തുടങ്ങി 41 ദിവസം രാവിലെയും വൈകിട്ടും ഈ ശ്ലോകം 8 പ്രാവശ്യം ജപിച്ച് ശ്രീരാമചന്ദ്രനെ പ്രാർത്ഥിക്കുക. ഭാഗ്യം തെളിയും. കിട്ടാനുള്ള ധനം ലഭിക്കും. കിട്ടുന്ന ധനം നിലനിൽക്കും :
ശ്രീരാമം സരസീരുഹാക്ഷമമലം
ദൂർവ്വാങ്കുരശ്യാമളം
വിദ്യുത്കോടി നിഭപ്രഭാംബരധരം
വീരാസനാധിഷ്ഠിതം
വാമാങ്കോപരിസംസ്ഥിതം
ജനകജാമാലിംഗ്യ താം ബാഹുനാ തത്വം
ചാവര പാണിനാ മുനി ഗണാനാ
ജ്ഞാപയന്തം ഭജേ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Story Summary: Sree Rama Navami 2023 : Date, Significance and Mantras
Copyright 2024 Neramonline.com. All rights reserved