രാമനാമം ജപിച്ച് വ്യാഴാഴ്ച ഹനുമാനെ ഭജിച്ചാൽ അതിവേഗം കാര്യസിദ്ധി
ജ്യോതിഷരത്നം വേണു മഹാദേവ്
ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളിലോ
ഹനുമദ്ജയന്തി ദിവസമോ അല്ലെങ്കിൽ അവരവരുടെ സൗകര്യാർത്ഥം വ്യാഴാഴ്ചകളിലോ ശനിയാഴ്ചകളിലോ ഹനുമാൻ സ്വാമിയെ തൊഴുത് പ്രാർത്ഥിച്ചാൽ വായുവേഗത്തിൽ ഫലം ലഭിക്കും. എവിടെ രാമായണ
കഥ പാരായണം ചെയ്യപ്പെടുന്നുവോ അവിടെയൊക്കെ ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്നതു കൊണ്ട്
ആഞ്ജനേയനെ പൂജിക്കുമ്പോൾ ശ്രീരാമദേവന് ഒരു ഇരിപ്പിടം നൽകുന്നതും നിവേദ്യം സമർപ്പിക്കുന്നതും പതിവാണ്. ഹനുമാനെ മാത്രമായും പൂജിക്കാവുന്നതാണ്. ഹനുമാൻ ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്തവർക്ക് വീട്ടിലിരുന്നും വൃത്തിയും ശുദ്ധിയും പാലിച്ച് സ്വാമിയെ ഉപാസിക്കാം. ഹനുമാന്റെ ഫോട്ടോ നന്നായി വൃത്തിയാക്കി പുഷ്പങ്ങളാൽ അലങ്കരിക്കണം. ഹനുമാൻ ചാലീസയോ അറിയുന്ന ഹനുമാൻ സ്തുതികളോ മന്ത്രങ്ങളോ
ജപിച്ച് പ്രാർത്ഥിക്കാം. തന്റെ പേരു പറയുന്നവരേക്കാൾ രാമനാമം ഉരുവിടുന്നവരെയാണ് ഹനുമാൻ പെട്ടെന്നു ശ്രദ്ധിക്കുക. അതുകൊണ്ട് അന്നേ ദിവസം ഹനുമാന്
പൂജ ചെയ്യുമ്പോൾ കഴിയുന്നിടത്തോളം രാമനാമം ജപിക്കുന്നതും ശ്രീരാമജയം എന്ന് ചെല്ലുന്നതും
എഴുതുന്നതും ഹനുമാന്റെ അനുഗ്രഹം നേടാൻ നല്ലതാണ്. ശുദ്ധിയും ശ്രദ്ധയുമാണ് ഹനുമദ് പൂജയ്ക്കും ഹനുമാൻ സ്വാമിയുടെ വഴിപാടുകൾക്കും അത്യന്താപേക്ഷിതമായ കാര്യങ്ങൾ. കഴിയുമെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും പുഷ്പം സമർപ്പിച്ച് പ്രാർത്ഥിച്ച് അതിനുശേഷം നിവേദ്യം നൽകിയാൽ നല്ലത്. വട, വെണ്ണ ഇവയ്‌ക്കൊപ്പം പഴവർഗ്ഗങ്ങളും നേദിക്കാവുന്നതാണ്. വട മാലയായി അണിയിക്കാതെ അതേപടിയും നേദിക്കാം. ഇവ ചെയ്യാൻ കഴിയാത്തവർ വെറ്റിലയും അടയ്ക്കയും വച്ച് പ്രാർത്ഥിക്കണം. നിർമ്മലമായ ഭക്തിയും സ്‌നേഹവും നിറഞ്ഞ മനസുമാണ് ഹനുമാന് വേണ്ടത് എന്നതിനാൽ ഈ മനസുള്ളവർക്കാണ് ഹനുമാൻ ഐശ്വര്യങ്ങളേകുക.
ശനി, ചൊവ്വാ ദോഷ പരിഹാരത്തിന് ഹനുമാൻ പൂജ ഉത്തമമാണ്.
മൂലമന്ത്രം
ഓം ഹം ഹനുമതേ നമ:
ആഞ്ജനേയ മന്ത്രം
1
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയേേ പ്രഭോ
2
ഓം നമോ ഭഗവതേ
ആഞ്ജനേയായ
മഹാബലായ സ്വാഹ:
ദ്വാദശനാമങ്ങൾ
ഹനുമാൻ അഞ്ജനാസൂനുർ
വായുപുത്രോ മഹാബല:
രാമേഷ്ട: ഫൽഗുന സഖ:
പിംഗാക്ഷോ അമിത വിക്രമ:
ഉദധിക്രമണശ്ചെൈവ:
സീതാശോക വിനാശന:
ലക്ഷ്മണ പ്രാണദാത ച
ദശഗ്രീവസ്യ ദർപഹാ
(നിത്യവും ജപിച്ചാൽ സർവ കാര്യവിജയം)
പ്രാർത്ഥനാ ശ്ലോകങ്ങൾ
1
യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം
2
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
(ശരണം പ്രപദ്യേ എന്നും പ്രചാരത്തിലുണ്ട്)
ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017