Sunday, 6 Oct 2024

രാഹു – കേതു ദോഷങ്ങൾ തീരാൻ
ശിവ പൂജ ഉത്തമമായത് എങ്ങനെ?

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
രാഹു കേതുക്കളുടെ ഉത്ഭവകഥ അറിയാമോ?
അവർക്ക് പ്രത്യേകമായ ഗ്രഹപദവി സമ്മാനിച്ചത് ആരാണെന്ന് അറിയാമോ? സൂര്യചന്ദ്രന്മാരോട് രാഹുകേതുക്കൾക്ക് ഒരിക്കലും തീരാത്ത വൈരത്തിന്റെ
കാരണം അറിയാമോ? ഇതാ പുരാണപ്രസിദ്ധമായ ആ ഐതിഹ്യം:

ഉഗ്രകോപിയായ ദുർവാസാവ് മഹർഷിക്ക് ഒരിക്കൽ വളരെ വിശിഷ്ടമായ ഒരു ഹാരം ലഭിച്ചു. സർവ്വസംഗപരിത്യാഗിയായ തനിക്ക് അതിന്റെ ആവശ്യമില്ലാത്തതിനാൽ ദേവരാജാവായ ദേവേന്ദ്രന് അദ്ദേഹം ഈ ഹാരം സമ്മാനിച്ചു. ഇന്ദ്രനാകട്ടെ അദ്ദേഹം ഇരുന്ന ഐരാവതം എന്ന ആനയുടെ മസ്തകത്തിൽ ഈ ഹാരം വച്ചു. മാലയുടെ സുഗന്ധം മൂലം ധാരാളം വണ്ടുകൾ വന്നു തുടങ്ങി. വണ്ടുകളുടെ മൂളൽ ശല്യമായതോടെ ഐരാവതം മാലയെടുത്ത് നിലത്തെറിഞ്ഞു. താൻ കൊടുത്ത മാല വലിച്ചെറിഞ്ഞത് കണ്ട ദുർവാസാവ് ദേവന്മാരുടെ എല്ലാ ഐശ്വര്യവും നശിക്കട്ടെ എന്നും ജരാനരബാധിക്കട്ടെ എന്നും ശപിച്ചു. ഇങ്ങനെ ശാപബാധിതരായ ദേവന്മാർ ത്രിമൂർത്തികളുടെ നിർദ്ദേശപ്രകാരം അമൃത് നേടാൻ പാലാഴികടഞ്ഞ് രക്ഷപ്പെടാം എന്ന് തീരുമാനിച്ചു. അസുരന്മാരുടെ സഹായത്തോടെ പാലാഴിമഥനം നടത്തുകയും പാലാഴിയിൽ നിന്നും ധന്വന്തരീഭഗവാൻ അമൃതുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
ജരാനരബാധിച്ച ദേവന്മാരെ തോൽപ്പിച്ച് അസുരൻമാർ സ്വർഗ്ഗം പോലും കീഴടക്കിയിരുന്ന ഘട്ടത്തിലാണ് പാലാഴിമഥനം നടത്തിയത്. മരണവും ജരാനരകളും ഇല്ലാതാക്കാൻ തക്ക ശക്തിയുള്ള അമൃത് അസുരന്മാർക്ക് കൊടുക്കാതിരിക്കാൻ വിഷ്ണുഭഗവാൻ മോഹിനിയായി അവതരിച്ചു. മോഹിനിയിൽ ആകൃഷ്ടരായ എല്ലാവരോടുമായി അവർ പറഞ്ഞു: എല്ലാവരും വരിവരിയായി ഇരിക്കണം. അവസാനം കണ്ണ് തുറക്കുന്ന വ്യക്തിയെ ഞാൻ വിവാഹം കഴിക്കും. ഇതിൻ പ്രകാരം എല്ലാ ദേവന്മാരും അസുരന്മാരും വരിവരിയായി ഇരുന്നു. മോഹിനിയെ സ്വന്തമാക്കണം എന്ന ആഗ്രഹം മൂലം ആരും കണ്ണ് തുറന്നില്ല. മോഹിനിയാകട്ടെ അസുരന്മാരെ കബളിപ്പിച്ച് കൊണ്ട് ദേവന്മാർക്ക് മാത്രം അമൃത് വിളമ്പിത്തുടങ്ങി. അസുരനായ രാഹുവിന് ചതി മനസ്‌സിലാകുകയും ദേവന്മാരുടെ വരിയിൽ ദേവവേഷത്തിൽ ഇരിക്കുകയും ചെയ്തു. ദേവനാണ് എന്ന് തെറ്റിദ്ധരിച്ച് മോഹിനി രാഹുവിന് അമൃത് വിളമ്പി. ഈ സമയം സൂര്യചന്ദ്രന്മാർ രാഹുവിനെ കണ്ട് പിടിച്ച് മോഹിനിയോട് പറഞ്ഞു. മോഹിനി ഉടൻ തന്നെ വിഷ്ണുരൂപം സ്വീകരിച്ച് രാഹുവിനെ സുദർശനചക്രം കൊണ്ട് കഴുത്ത് മുറിച്ചു. എന്നാൽ അമൃതിന്റെ ശക്തിമൂലം രാഹു മരിച്ചില്ല. കഴുത്തിന് മുകളിലും, താഴെയുമായി രണ്ട് വ്യക്തികളായി തീർന്നു. അമൃത
രസം സേവിച്ച് അമരത്വം നേടിയ രാഹു കേതുക്കൾക്ക് പ്രത്യേകമായ ഗ്രഹപദവി മഹാദേവൻ സമ്മാനിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് രാഹു കേതു ദോഷങ്ങൾക്ക് ശിവ പൂജ ഏറ്റവും എളുപ്പമുള്ള ഫലപ്രദമായ പരിഹാരംമാകുന്നത്. ശിവലിംഗം മുഖ്യപ്രതിഷ്ഠയായ കാളഹസ്തി ദർശനത്തിലൂടെ തീരാത്ത രാഹു – കേതു ദോഷമില്ലെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യചന്ദ്രന്മാരോട് രാഹുകേതുക്കൾക്ക് ഒരിക്കലും തീരാത്ത ശത്രുതയാണ്. രാഹുകേതുക്കളുടെ സംബന്ധിച്ച കഥയുമായി ബന്ധപ്പെടുത്തിയാണ് ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും പൂർവ്വികർ കണക്കാക്കി വന്നത്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91-944-702-0655

Story Summary: Shiva Pooja The Most Powerful Remedy for Removing Rahu – Kethu Dosham

error: Content is protected !!
Exit mobile version