Friday, 22 Nov 2024

രുദ്രാക്ഷം ധരിച്ച് പഞ്ചാക്ഷരി ജപിച്ചാല്‍ സര്‍വ്വകാര്യ വിജയം; ബ്രഹ്മചര്യം നിര്‍ബന്ധമില്ല

മംഗള ഗൗരി
ശിവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് രുദ്രാക്ഷത്തിന്റെ പ്രത്യേകത. ശിവന്റെ കണ്ണില്‍ നിന്നും രുദ്രാക്ഷം ഉണ്ടായതായി പുരാണം പ്രതിപാദിക്കുന്നു.
പാപശാന്തിയാണ് രുദ്രാക്ഷ ധാരണത്തിന്റെ പ്രധാനഫലം. പല ജന്മങ്ങളിൽ ചെയ്ത പാപങ്ങള്‍ പോലും രുദ്രാക്ഷ ധാരണത്തിലൂടെ നീങ്ങും.

പാപമോചനവും പുണ്യവും ഭദ്രകരമായ ജീവിതവും അതിവേഗം നൽകുന്ന ദിവ്യമായ ഒരു വസ്തുവാണ്
രുദ്രാക്ഷമെന്ന് ശ്രീ മഹാദേവൻ അരുളിച്ചെയ്തിട്ടുണ്ട്.
പാപമോചനം ലഭിക്കാത്തതാണ് ദുരിതങ്ങൾക്കെല്ലാം
കാരണം. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്താലെ പാപമോചനം ലഭിക്കൂ. കടമകൾ നിറവേറ്റാത്തതും പാപത്തിന് കാരണമാണ്. പിതൃബലി, വിവിധ വ്രതാനുഷ്ഠാനങ്ങൾ, രുദ്രാക്ഷ ധാരണം തുടങ്ങിയവയാണ് പാപമോചന മാർഗ്ഗങ്ങൾ. പാപങ്ങൾ അകറ്റിയ ശേഷം പ്രാർത്ഥിച്ചാൽ അതിവേഗം ഫലം ലഭിക്കും.

ഒരവസരത്തിൽ തുളസിയുടെയും കൂവളത്തിന്റെയും മഹാത്മ്യം വിവരിച്ച ശേഷം ശ്രീ മഹാദേവൻ നാരദർക്ക് തുദ്രാക്ഷ മാഹാത്മ്യം വിവരിച്ചതായി പുരാണങ്ങളിലുണ്ട്: സമഗ്രമായി അതു പറയാൻ തുടങ്ങിയാൽ കാലമേറെ വേണ്ടിവരും. അതിനാൽ സാരം കൈവിടാതെ സംക്ഷേപിച്ചു പറയാം – ഭഗവാൻ നാരദരോട് പറഞ്ഞു. ജന്മാന്തരങ്ങളിലൂടെ കുന്നുകൂടിയ പാപങ്ങളെല്ലാം രുദ്രാക്ഷ സ്പർശത്താൽ വിട്ടകലും. ആരാണോ ഭൂമിയിൽ രുദ്രാക്ഷം ധരിച്ചു ജീവിക്കുന്നത് അവർ ഏറ്റവും പരിശുദ്ധരായിരിക്കും. ആചാരങ്ങളും ആദരവും പാലിക്കേണ്ടതെങ്ങനെയെന്ന് രുദ്രാക്ഷധാരിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

108 രുദ്രാക്ഷം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. 64, 54, 48 എന്നീ സംഖ്യകളും ആകാം. രുദ്രാക്ഷം ധരിക്കുന്ന വ്യക്തി ബ്രഹ്മചാരി ആയിരിക്കണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ അശുദ്ധിയാകാതെ രുദ്രാക്ഷം സൂക്ഷിക്കണമെന്ന് മാത്രം. ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രുദ്രാക്ഷം ഗുരുവില്‍ നിന്നും സ്വീകരിക്കണം. വെള്ളിയോ, സ്വര്‍ണമോ കെട്ടി ധരിക്കാം. പക്ഷേ രുദ്രാക്ഷം ശരീരത്തില്‍ സ്പര്‍ശിക്കണം. രുദ്രാക്ഷത്തിന്റെ എണ്ണത്തില്‍ പല സമ്പ്രദായങ്ങളുണ്ട്. അമാവാസി ദിനങ്ങളില്‍ രുദ്രാക്ഷം ധരിച്ച്, ഭസ്മം ധരിച്ച് പഞ്ചാക്ഷര മന്ത്രം ജപിച്ചാല്‍ സര്‍വ്വകാര്യ വിജയമാണ് ഫലം.

ഒന്നു മുതൽ 21 വരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് സാധാരണയുള്ളത്. അഞ്ചോ ആറോ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് കൂടുതൽ. രുദ്രാക്ഷത്തിന്റെ മുകളറ്റം മുതൽ താഴെയറ്റം വരെ കാണുന്ന അതിർവരമ്പുകളാൽ വേർതിരിക്കപ്പെട്ട ഖണ്ഡങ്ങളെ മുഖം എന്നു പറയുന്നു.

error: Content is protected !!
Exit mobile version