Monday, 7 Oct 2024

രുദ്ര ഗായത്രി അപാര ശക്തിയുള്ള മന്ത്രം;പരാജയഭീതി അകറ്റി അഭീഷ്ടങ്ങൾ നൽകും

മംഗള ഗൗരി
അതിശക്തമാണ് മന്ത്രങ്ങൾ. എന്തിനോട് കൂടി ഓം ചേരുന്നുവോ അത് മന്ത്രമാകും. അത്യപാരമായ ആത്മീയോർജ്ജം കുടികൊള്ളുന്ന ഓരോ മന്ത്രവും ആ മൂർത്തിയിലേക്ക് ഏകാഗ്രതയിലൂടെ എത്തിച്ചേരാൻ ഭക്തരെ സഹായിക്കും. അക്ഷരങ്ങൾ ക്രമനിബദ്ധമായി സജ്ജീകരിച്ചിരിക്കുന്ന ഏത് മന്ത്രവും ജപിക്കുമ്പോൾ ദിവ്യമായൊരു പ്രകമ്പനം നമ്മിൽ സൃഷ്ടിക്കപ്പെടും. ഇത് പ്രപഞ്ചത്തിൽ പ്രതിദ്ധ്വനിക്കുമ്പോൾ ജപിക്കുന്നവരുടെ മനസിൽ ശാന്തിയും സമാധാനവും സന്തോഷവും നിറയും. എല്ലാ മന്ത്രങ്ങളുടെയും രാജാവായാണ് ഗായത്രി മന്ത്രത്തെ കരുതുന്നത്. ആ ഗായത്രി മന്ത്രത്തിന്റെ ശിവഭാവമാണ് രുദ്രഗായത്രി; ശിവഗായത്രി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ശിവമന്ത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഭക്തരുടെ ഉള്ളിലുള്ള എല്ലാഭയവും നിഗ്രഹിക്കുമെന്നതാണ്. എല്ലാ മനുഷ്യരും എന്തിനെയെങ്കിലുമെല്ലാം ഭയക്കുന്നു എന്നത് സത്യമാണ്. സ്വാഭാവികമായി നമ്മെ ബാധിക്കുന്ന ഈ ഭയങ്ങളും അമാനുഷികമായ ബാധകൾ കാരണമുള്ള ഭീതികളും ശിവഭജനയിലൂടെ അതിജീവിക്കാൻ കഴിയും. വ്യക്തികളിൽ നിന്നും അശുഭോർജ്ജത്തെ നിർമ്മാർജനം ചെയ്ത് ശുഭത്വം നിറയ്ക്കും. എല്ലാ മനോമാലിന്യങ്ങളും നശിപ്പിക്കും. നിരാശയും ദുർചിന്തകളും പരാജയഭീതിയും മാനസിക സമ്മർദ്ദവും അകറ്റിക്കളയും – ഇതെല്ലാമാണ് ശിവ മന്ത്രങ്ങളുടെ പ്രത്യേകത. അതു പോലെ ജീവിത ദു:ഖങ്ങളും രോഗങ്ങളും അകറ്റുന്നതിനും ശിവമന്ത്രങ്ങൾ ഭക്തരെ സഹായിക്കുന്നു.

അത്ഭുതഫലസിദ്ധിയുള്ള ശിവ മന്ത്രങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒന്നായാണ് രുദ്ര ഗായത്രി മന്ത്രത്തെ കണക്കാക്കുന്നത്. ഈ മന്ത്രജപം ഭീതിയും ദുഃഖങ്ങളും മാത്രമല്ല അഭിഷ്ടസിദ്ധിയും മന:ശാന്തിയും നമുക്ക് പ്രദാനം ചെയ്യും. കുറഞ്ഞത് 108 തവണയെങ്കിലും നിത്യവും ജപിക്കണം. ഏകാഗ്രതയോടെ തികഞ്ഞ വിശ്വാസത്തോടെ, ഭക്തിയോടെ, നിഷ്ഠയോടെ ജപിച്ചാൽ അത്ഭുതകരമായ ഫലം ആർക്കും അനുഭവിച്ചറിയാം. ബുദ്ധിശക്തിയും അറിവും വിവേകവും നൽകി എന്നെ അനുഗ്രഹിക്കണേ എന്നാണ് ദേവാധിദേവനായ, ഉത്തമ പുരുഷനായ മഹാദേവനോട് രുദ്ര ഗായത്രി മന്ത്രത്തിൽ ഭജിക്കുന്നത്. ഞായർ, തിങ്കൾ, പ്രദോഷം ദിവസങ്ങൾ രുദ്രഗായത്രി ജപിക്കാൻ ശ്രേഷ്ഠമാണ്.

ശിവഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാ ദേവായ ധീമഹി
തന്നോ രുദ്രപ്രചോദയാത്

Story Summary: Rudra Gayathri Mantra, Power, Benefits and Meaning


error: Content is protected !!
Exit mobile version