രേണുകാത്മജ ക്ഷേത്രം എവിടെയാണ് ?
ശ്രീരേണുകാത്മജ ക്ഷേത്രം എവിടെയാണെന്ന് അറിയാമോ? രേണുകാത്മജൻ ആരാണെന്ന് അറിയാത്തതിനാലാണ് ഈ ക്ഷേത്രം ഏതെന്ന് പെട്ടെന്ന് മനസ്സിലാകാത്തത് .രേണുകാത്മജൻ എന്നാൽ രേണുകയുടെ പുത്രൻ. ജമദഗ്‌നിയിൽ രേണുകയ്ക്കുണ്ടായ പുത്രൻ – പരശുരാമൻ.മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് പരശുരാമൻ; ദുഷ്ട ശക്തികളെക്കൊണ്ട് വീർപ്പുമുട്ടിയ ഭൂമിദേവിയുടെ സങ്കടം തീർക്കാനാണ് ഗർവ്വിഷ്ഠനും കോപിഷ്ഠനും ഉഗ്രപ്രതാപശാലിയുമായ പരശുരാമൻ അവതരിച്ചത്. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ പരശുരാമൻ ത്രേതായുഗത്തിൽ ശ്രീരാമന്റെയും ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും കർണ്ണന്റെയുമെല്ലാം ഗുരുവായിരുന്നു.
തന്റെ ആയുധമായ പരശു കൊണ്ട് സമുദ്രത്തില്‍ നിന്ന് കേരളക്കരയെ വീണ്ടെടുത്തത് മഹാബ്രാഹ്മണനായ പരശുരാമനാണെന്നാണ് ഐതിഹ്യം. ഭാര്‍ഗ്ഗവപുത്രന്‍ രാമനാണ് ദക്ഷിണഭാരതത്തിലെ പ്രസിദ്ധ ബ്രാഹ്മണക്ഷേത്രങ്ങളത്രയും സ്ഥാപിച്ചതത്രേ. അച്ഛന്റെ ആജ്ഞ പാലിച്ച് അമ്മ രേണുകയെ കഴുത്തറുത്തു കൊന്നതിലൂടെ ഇതിഹാസങ്ങളിലെ വിവാദപുരുഷനുമാണ് പരശുരാമൻ.നിഗ്രാഹാനുഗ്രഹശക്തിയുള്ള ശ്രീ മഹാവിഷ്ണുവിന്റെ പരശുരാമവതാരത്തിന് തിരുവനന്തപുരത്ത് തിരുവല്ലത്താണ് ക്ഷേത്രമുള്ളത്. കിഴക്കേക്കോട്ടയിൽ നിന്ന് കോവളത്തേക്കുള്ള വഴിയിൽ അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്താം. വരാഹപുരാണത്തില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തെ ക്കുറിച്ച് പരാമര്‍ശമുണ്ട്.
ജഗദ്ഗുരു ആദിശങ്കരാചാര്യരാണ് പരശുരാമപ്രതിഷ്ഠ നടത്തിയതത്രെ.ശങ്കരാചാര്യസ്വാമികളുടെ മാതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന് കര്‍മ്മം ചെയ്യാന്‍ വിലക്കുണ്ടായി. അങ്ങനെ മാതാവിന്റെ ഒന്നാം ആണ്ടുബലി ദിവസം സ്വാമികൾ ഈ പുണ്യസ്ഥലത്ത് എത്തി. കരമനയാർ, കിള്ളിയാർ, നെയ്യാർ എന്നീ പവിത്രനദികളുടെ സംഗമസ്ഥലമായ ഇവിടെ കുളിച്ച് കരയിൽ കയറി ഇരുന്ന് പ്രാർത്ഥനയിൽ മുഴുകി.അപ്പോൾ ആദ്യം പ്രത്യക്ഷപ്പെട്ടത് പരശുരാമസ്വാമികളാണ്. പിന്നെ ബ്രഹ്മാവ്,അതിനുശേഷം ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. മൂന്നുപേരെയും മനസിൽ ധ്യാനിച്ചതിന്റെ കാരണം അവർ സ്വാമികളോടന്വേഷിച്ചു. എന്റെ മാതാവിന്റെ ആദ്യ ആണ്ട് ശ്രാദ്ധമാണ് ഇന്ന്. അതിന് ചെയ്യേണ്ടതെന്തൊക്കെ എന്ന ഉപദേശം ചോദിക്കാനാണ് ധ്യാനത്തിലിരുന്നത്, സ്വാമികൾ പറഞ്ഞു.
ശ്രാദ്ധം ഉണ്ണുന്നതിന് പരശുരാമനും ആചാര്യൻ ആകുന്നതിന് ബ്രഹ്മദേവനും ഏകോദിഷ്ഠ ദാനത്തിന് ശ്രീപരമേശ്വരനും സമ്മതിച്ചു. തുടർന്ന് സ്വാമികൾ മാതാവിന്റെ ശ്രാദ്ധം ഊട്ടിയശേഷം തീർത്ഥക്കടവിൽ എത്തി പിണ്ഡം ജലത്തിലിടാൻ തുടങ്ങി. തൽക്ഷണം മഹാവിഷ്ണു മത്സ്യമായി നാല് കൈകളോടുകൂടി പ്രത്യക്ഷപ്പെട്ടു.സ്വാമികൾ കൈയിലിരുന്ന പിണ്ഡം മത്സ്യത്തിനു നൽകി. തുടർന്ന് രണ്ട് കൈയിലുമായി ചെളിയിൽ മത്സ്യമൂർത്തിയെ ആവാഹിച്ച് ഇന്ന് ക്ഷേത്രം ഇരിക്കുന്നിടത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം ദേവൻമാർ ആചാരാനുഷ്ഠാനപ്രകാരം ദക്ഷിണ നൽകി അനുഗ്രഹം ഏറ്റുവാങ്ങി. ആദ്യം പ്രത്യക്ഷമായ പരശുരാമനെയും രണ്ടാമത് പ്രത്യക്ഷപ്പെട്ട ബ്രഹ്മാവിനെയും വടക്കോട്ടും മൂന്നാമത് പ്രത്യക്ഷമായ ശ്രീപരമേശ്വരനെ കിഴക്കോട്ടുമായി പ്രതിഷ്ഠിച്ച് സ്വാമികൾ ശ്രാദ്ധമൂട്ടിയ സ്ഥലത്താണ് ഇന്നും ബലികർമ്മങ്ങൾ നടക്കുന്നത്. ഇവിടെ ഭഗവാൻ പരശുരാമൻ ശ്രാദ്ധമൂണ്ണുന്നതായാണ് സങ്കല്പം. സാധാരണ സ്ത്രീകൾ കിഴക്കോട്ട് തിരിഞ്ഞിരുന്നാണ് ബലിയിടുക. ഭഗവാൻ വടക്കോട്ട് തിരിഞ്ഞിരിക്കുന്നതിനാൽ ഇവിടെ സ്ത്രീകൾക്ക് തെക്കോട്ടു തിരിഞ്ഞിരുന്ന് ബലിയിടാം.
ബലിയിടുന്നതിന് ഇല്ലം വല്ലം നെല്ലി എന്നാണ് പ്രമാണം.ബലി വിധികൾ അറിയാവുന്നയാളെ വരുത്തി വീട്ടില്‍ പിതൃകര്‍മ്മം നടത്താം. അത് ഇല്ലം. അതായത് സ്വന്തം വീട്. വല്ലം തിരുവല്ലം, നെല്ലി തിരുനെല്ലി.പരശുരാമന്‍ പ്രധാന പ്രതിഷ്ഠയായ കേരളത്തിലെ ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമസ്വാമി സന്നിധി. ബ്രഹ്മാവിനും ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയുള്ളതുകൊണ്ട് ത്രിമൂര്‍ത്തി സംഗമസ്ഥാനമാകുന്നു. ക്ഷേത്രമതില്‍ കെട്ടിനകത്തുവെച്ചാണ് ഇവിടെ ബലി, തിലഹോമം തുടങ്ങിയവ നടത്തുന്നത്. പിതൃദോഷശാന്തിക്ക് നിത്യവും പിണ്ഡവും തിലഹോമവും ഇവിടെ നടക്കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറര മുതല്‍ പത്തര വരെയാണ് ബലി സമയം.
– സരസ്വതി ജെ. കുറുപ്പ് +91 90745 80476