Monday, 7 Oct 2024

രോഗം, മംഗല്യതടസം, സന്താനദുരിതം,
കലഹം, മന:ക്ലേശം മാറാൻ നാഗപഞ്ചമി

ബ്രഹ്മശ്രീ ഗോപകുമാരന്‍ പോറ്റി
സര്‍പ്പദേവതകള്‍ക്ക് കന്നി, തുലാം മാസ ആയില്യം പോലെ പ്രധാനപ്പെട്ട ഒന്നാണ് നാഗപഞ്ചമി. ശ്രാവണ മാസം കറുത്ത പക്ഷത്തിലെ പഞ്ചമിതിഥിയാണ് കേരളത്തിൽ നാഗപഞ്ചമിയായി ആചരിക്കുന്നത്. നാഗദേവതാ പ്രീതികരമായ കർമ്മങ്ങൾക്ക് ഏറ്റവും അനുകൂലമായ ഫലം ലഭിക്കുന്ന ദിനങ്ങളില്‍ ഒന്നാണിത്.

2021 ജൂലൈ 28, ബുധനാഴ്ചയാണ് കേരളത്തില്‍ നാഗപഞ്ചമി ആചരിക്കുന്നത്. ഉത്തരേന്ത്യയില്‍ ശ്രാവണ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ് നാഗപഞ്ചമി. സര്‍പ്പപ്രീതിക്ക് പൂജയും, വഴിപാടുകളും നടത്തുന്ന നാഗപഞ്ചമി ശ്രീകൃഷ്ണന്‍ കാളിയന്റെ മേല്‍ നേടിയ വിജയത്തിന്റെ അനുസ്മരണമാണ് ഒരു കൂട്ടര്‍ക്ക്. നാഗകുലത്തെ ഉന്മൂലനം ചെയ്യാന്‍ കുരുവംശ രാജാവ് ജനമേജയന്‍ സംഘടിപ്പിച്ച സര്‍പ്പസത്രത്തില്‍ നിന്നും ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ച ദിനമാണ് മറ്റൊരു ഐതിഹ്യപ്രകാരം നാഗപഞ്ചമി പിതാവ് പരീക്ഷത്തിനെ ദംശിച്ച അഷ്ട നാഗങ്ങളിലൊന്നായ തക്ഷകനോട് പകവീട്ടാനാണ് ജനമേജയന്‍ സര്‍പ്പങ്ങളെ ഒന്നൊന്നായി അഗ്‌നിയില്‍ ഹോമിക്കുന്ന സര്‍പ്പസത്രം നടത്തിയത്.

പഞ്ചമി നാഗങ്ങളുടെ തിഥിയായാണ് സങ്കല്പിക്കുന്നത്. അനന്തന്‍, വാസുകി, മുതലായ സര്‍പ്പ ദേവതകളെ നൂറും പാലും നല്‍കിയും സുഗന്ധപുഷ്പങ്ങള്‍ അര്‍ച്ചിച്ചും കമുകിന്‍ പൂക്കുലയും വഴിപാടുകളും സമര്‍പ്പിച്ചാണ് നാഗപഞ്ചമി നാളിൽ പൂജിക്കുന്നത്. സര്‍പ്പക്കളമെഴുത്ത്, സര്‍പ്പം തുള്ളൽ, സര്‍പ്പം പാട്ട് എന്നിവയും ഈ ദിവസം പതിവാണ്. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്.

നാഗപഞ്ചമി നാളില്‍ നാഗങ്ങള്‍ക്ക് ക്ഷീരാഭിഷേകം നടത്തിയാല്‍ വാസുകി, തക്ഷന്‍, കാളിയന്‍, മണിഭദ്രന്‍ , ഐരാവതന്‍, ധൃതരാഷ്ട്രന്‍ ,കാര്‍കോടകന്‍ , ധനഞ്ജയന്‍ എന്നീ അഷ്ടനാഗങ്ങളും പ്രസാദിക്കും. അവരുടെ അനുഗ്രഹത്താല്‍ സകല സൗഭാഗ്യങ്ങളും സമൃദ്ധിയും കൈവരും. നാഗപഞ്ചമി വ്രതമെടുക്കുന്നവര്‍ ചതുര്‍ത്ഥി മുതല്‍ വ്രതം തുടങ്ങണം. പകല്‍ ഒരിക്കലുണ്ട് മറ്റ് നേരങ്ങളില്‍ ഫലങ്ങള്‍ ഭക്ഷിച്ച് നാഗ പ്രാര്‍ത്ഥനയോടെ കഴിയണം. സസ്യാഹാരമേ കഴിക്കാവൂ. ബ്രഹ്മചര്യം പാലിക്കണം. നാഗ സന്നിധികളിൽ ദര്‍ശനം നടത്തുന്നതും പൂജ കണ്ടു തൊഴുന്നതും ഉത്തമമാണ്. ഈ ദിവസം ശുദ്ധിയോടും, ഭക്തിയോടും, വ്രതമെടുത്താൽ ജാതക വശാലുള്ള എല്ലാ ദോഷങ്ങളും അകലും. സര്‍പ്പങ്ങളെ ഉപദ്രവിക്കുക, ചിത്രകൂടം തകർക്കുക, സര്‍പ്പ സാന്നിദ്ധ്യം ഉള്ള ജലത്തിന് അശുദ്ധി വരുത്തുക. സര്‍പ്പബന്ധമുള്ള വൃക്ഷം മുറിക്കുക, നാഗപൂജയില്‍ മുടക്കുക, സര്‍പ്പ സാന്നിദ്ധ്യമുള്ള ഭൂമി നഷ്ടപ്പെടുത്തുക തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്ന നാഗദോഷം, രോഗപീഡകള്‍, മംഗല്യതടസം, സന്താനദുരിതം, കുടുംബകലഹം, മന:ക്ലേശം തുടങ്ങിയവ അകലാനും നാഗപഞ്ചമിവ്രതം സഹായിക്കും. രാഹു, കേതു ദോഷങ്ങള്‍ കാരണമുള്ള വിവാഹ തടസം, സന്താനദുരിതം, സന്താനമില്ലായ്മ എന്നീ ദോഷങ്ങളെല്ലാം പരിഹരിക്കുന്നതിന് വ്രതാചരണം ഉത്തമമാണ്. നാഗപഞ്ചമി അതിവിപുലമായി ആഘോഷിക്കുന്നത് പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ ദേശങ്ങളില്‍ പാമ്പുകളെ കുടത്തില്‍ സൂക്ഷിച്ച ശേഷം ഈ ദിവസം തുറന്നു വിടുന്ന പതിവുണ്ട്.

നാഗങ്ങള്‍ മാതാവായ കദ്രുവിന്റെ ശാപത്താല്‍ സദാ ചുട്ടുനീറുകയാണ്. അനുജത്തി വിനതയെ പന്തയത്തില്‍ തോല്പിക്കാന്‍ കള്ളം പറയാന്‍ കദ്രു മക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ സത്യമുള്ള സര്‍പ്പങ്ങള്‍ അതിന് തയ്യാറായില്ല. ക്ഷുഭിതയായ കദ്രു നിങ്ങളെ അഗ്‌നിദഹിപ്പിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ നീറുന്ന സര്‍പ്പങ്ങളെ വെളളത്തില്‍ പാലൊഴിച്ചുള്ള സ്‌നാനം കുളിര്‍പ്പിക്കുന്നു എന്നാണ് വിശ്വാസം. സര്‍പ്പങ്ങള്‍ക്ക് അഭിഷേകം സമര്‍പ്പിക്കുന്നവരെയും അവരുടെ കുടുംബത്തെയും സര്‍പ്പ ഭയം തീണ്ടില്ല; എക്കാലവും അവര്‍ക്ക് സര്‍പ്പങ്ങള്‍ അഭയവും നല്‍കുമെന്ന് ഒരു വേള യുധിഷ്ഠിരന്റെ സംശയത്തിന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ മറുപടി നല്‍കിയതായി പുരാണത്തിലുണ്ട്. നാഗകോപ പരിഹാരത്തിന് നാഗപഞ്ചമി വ്രതം ഉത്തമമാണെന്നും ഭഗവാന്‍ അരുളി ചെയ്തിട്ടുണ്ട്. ചതുര്‍ത്ഥി നാളില്‍ ഒരു നേരം മാത്രം സാത്വിക ഭക്ഷണം കഴിച്ച് പഞ്ചമി നാളില്‍ ഉപവസിച്ച് പാലും നിവേദ്യവും പുഷ്പവും ചന്ദനവുമെല്ലാം സമര്‍പ്പിച്ച് ആരാധിക്കണം. ഈ വ്രതമെടുക്കുന്നവര്‍ക്കും അവരുടെ സന്തതികള്‍ക്കും ബന്ധുക്കള്‍ക്കും മേല്‍ഗതിയുണ്ടാകും. ഒരു തരത്തിലുള്ള സര്‍പ്പഭയവും ബാധിക്കില്ല. നാഗപഞ്ചമി വ്രത വേളയിലെ സര്‍പ്പ ദോഷ നിവാരണ മന്ത്രം ഇതാണ്:

ഓം കുരു കുല്ലേ ഹും ഫട് സ്വാഹാ.

12 മാസത്തെയും കൃഷ്ണ പക്ഷ പഞ്ചമികള്‍ വിശേഷമാണ്. ഓരോ മാസത്തെയും പഞ്ചമിക്ക് ഒരോ നാഗങ്ങളത്രേ അധിപതി. ഭാദ്രപദത്തില്‍ അനന്തന്‍, ആശ്വിനത്തില്‍ വാസുകി, കാര്‍ത്തിക മാസത്തില്‍ ശംഖന്‍, മാര്‍ഗ്ഗശീര്‍ഷത്തില്‍ പത്മന്‍, പൗഷത്തില്‍ കംബളന്‍, മാഘത്തില്‍ കാര്‍ക്കോടകന്‍ , ഫാല്‍ഗുനത്തില്‍ അശ്വരഥന്‍, ചൈത്രത്തില്‍ ധൃതരാഷ്ട്രന്‍ , വൈശാഖത്തില്‍ ശംഖപാലന്‍, ജ്യേഷ്ഠത്തില്‍ കാളിയന്‍, ആഷാഢത്തില്‍ തക്ഷകന്‍, ശ്രാവണത്തില്‍ പിംഗളന്‍ ഇങ്ങനെ കണക്കാക്കണം.

ബ്രഹ്മശ്രീ ഗോപകുമാരന്‍ പോറ്റി
(മേല്‍ശാന്തി അന്തന്‍കാട് നാഗരാജാക്ഷേത്രം)
+91-628 243 4247

Story Summary: Significance and Benefits of Naga Panchami Vritham

error: Content is protected !!
Exit mobile version