Saturday, 23 Nov 2024

രോഗം ശമിക്കാൻ കറുക പുഷ്പാഞ്ജലി; കടബാദ്ധ്യതകൾ തീർക്കാൻ മുക്കുറ്റി

മംഗള ഗൗരി
കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ ശമിക്കാൻ ക്ഷേത്രങ്ങളിൽ കറുകഹോമം നടത്താറുണ്ട്. പൊതുവെ രോഗശാന്തിയും ആരോഗ്യസിദ്ധിയുമാണ് കറുക പൂജ, കറുക പുഷ്പാഞ്ജലി, കറുക ഹോമം മുതലായവയുടെ ഫലം. ഭാഗ്യം വർധനവിനും കറുക പുഷ്പാഞ്ജലി നല്ലതാണ്. കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുന്നത് ഐശ്വര്യവും ജീവിത വിജയവും നൽകും.

കറുക കൂടാതെ മുക്കുറ്റിയും ഗണപതി ഭഗവാന് പ്രിയപ്പെട്ടതാണ്. കടബാദ്ധ്യതകൾ തീർക്കുക, വശ്യത എന്നിവയാണ് മുക്കുറ്റി പുഷ്പാഞ്ജലി, ഹോമം എന്നിവയുടെ പ്രധാന ഫലങ്ങൾ. ഗം ക്ഷിപ്ര പ്രസാദനായ നമഃ എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി. വിധിപ്രകാരം ഈ അർച്ചന നടത്തിയാൽ എല്ലാത്തരത്തിലുമുള്ള കാര്യതടസവും അതിവേഗം നീക്കുന്നതിന് സാധിക്കും. പെട്ടെന്ന് ആഗ്രഹ സിദ്ധിയുണ്ടാകുകയും ചെയ്യും. സാമ്പത്തികതടസം, വിദ്യാഭ്യാസതടസം, മംഗല്യതടസം, തൊഴില്‍തടസം എന്നിങ്ങനെ എത്ര വലിയ വിഘ്നവും അതിവേഗം ഒഴിവാകും.

നവഗ്രഹങ്ങളിൽ കേതുവിന്റെ അധിദേവതയായാണ് ഗണപതിയെ സങ്കല്പിക്കുന്നത്. ജാതകവശാൽ കേതുദശ അനുഭവിക്കുന്നവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം എന്നീ നക്ഷത്രക്കാരും ഗണപതിയെ ആരാധിച്ചാൽ ദോഷഫലങ്ങൾ അകന്നു പോകുകയും ഗുണഫലങ്ങൾ സിദ്ധിക്കുകയും ചെയ്യും.

ഗണപതിയുടെ അനുഗ്രഹം സിദ്ധിച്ചാൽ ഏതൊരു കർമ്മവും അനയാസം പൂർത്തിയാക്കാം. ശ്രീപാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായാണ് ഗണപതി അവതരിക്കുന്നത്. ശിവൻ പാർവ്വതിയെ വിവാഹം ചെയ്ത് കൈലാസത്തിൽ വസിക്കുകയായിരുന്നു. ഒരു നാൾ ശിവൻ നായാട്ടിനായി വനത്തിലേക്ക് പോയി. ഈ സമയത്ത് പാർവ്വതീദേവി ഒരു ദിവ്യബാലനെ സൃഷ്ടിച്ച് അന്ത:പുരത്തിന് കാവൽ നിറുത്തുകയും സ്‌നാനം ചെയ്യാൻ പോകുകയും ചെയ്തു. തിരികെ വന്ന ശിവനെ അന്ത:പുരത്തിൽ പ്രവേശിക്കുവാൻ ബാലൻ അനുവദിച്ചില്ല. കുപിതനായ ശിവൻ തന്റെ ശൂലായുധം കൊണ്ട് ബാലന്റെ ശിരസ്‌സ് വേർപേടുത്തി.

സ്‌നാനം കഴിഞ്ഞ് എത്തിയ പാർവ്വതി ശിരസില്ലാതെ കിടക്കുന്നതു കണ്ട് ദീനദീനം വിലപിക്കുവാൻ തുടങ്ങി. ഇതുകണ്ട ശിവൻ ഒരു ആനയുടെ ശിരസ്‌ ചേർത്തു കൊണ്ട് ഗണപതിയെ പുനർജനിപ്പിക്കുകയും തന്റെ ഗണങ്ങളുടെയെല്ലാം അധിപനാക്കുകയും ചെയ്തു. അങ്ങനെയാണ് ഗണപതി എന്ന പേരുണ്ടായത്. ഏത് കാര്യത്തിനും പ്രഥമഗണനീയൻ എന്ന ശ്രേഷ്ഠമായ സ്ഥാനവും ഭഗവാൻ മകനു നൽകി.

ഏതൊരു കർമ്മവും ആരംഭിക്കുന്നതിന് മുൻപായി ഗണപതിയെ പൂജിക്കേണ്ടതാണെന്നും അപ്രകാരം ചെയ്യാതിരുന്നാൽ ആ കർമ്മത്തിന് ഫലസിദ്ധി ഉണ്ടാകില്ലെന്നും ശ്രീപരമേശ്വരൻ തന്നെ ഗണപതിക്ക് വരം നൽകി. അന്നു മുതൽ ദേവന്മാരും ഋഷിമാരും മനുഷ്യരുമെല്ലാം സർവ്വവിഘ്‌നനിവാരണം, അഭീഷ്ടസിദ്ധി എന്നിവയ്ക്ക് ഗണപതിയെ പൂജിക്കുന്നു.

Story Summary: Significance and Benefits of Karuka Homam, Karuka Pushpanjali , Mukkutti Homam , Mukkotti Pushpanjali

error: Content is protected !!
Exit mobile version