Wednesday, 3 Jul 2024

രോഗങ്ങൾ ശമിപ്പിക്കും, സമ്പത്ത് കൂട്ടും, ദീര്‍ഘായുസേകും: ഇത് എന്നും ജപിക്കൂ

അശോകൻ ഇറവങ്കര
ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, ഈ മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്‍ന്ന മറ്റൊരു സ്‌തോത്രവുമില്ല.

ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതാസഹസ്രനാമം. മാര്‍ക്കണ്ഡേയ പുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ ദേവിയെ ആരാധിക്കാന്‍ ലഭിച്ച അമൂല്യരത്‌നങ്ങളാണ്.
ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യ – ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണ് ലളിതാസഹസ്രനാമം. വശിനി തുടങ്ങിയ വാഗ്‌ദേവതമാരാണ് ദേവിയുടെ ആയിരം നാമങ്ങളുള്ള ഈ സ്‌ത്രോത്രം രചിച്ചത്. നമസ്‌കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, ഐശ്വര്യം, പ്രാര്‍ത്ഥന എന്നീ ആറുലക്ഷണങ്ങളാണ് ഒരു സ്‌തോത്രത്തിന് വേണ്ടത്. ഇവയെല്ലാം ഒത്തിണങ്ങിയതാണ് ലളിതാസഹസ്രനാമം. ഇത്രയേറെ ഭോഗമോക്ഷപ്രദമായ സ്‌തോത്രം വേറൊരിടത്തുമില്ല.

എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനില്‍പ്പിനും അഭിവൃദ്ധിക്കും ജന്മസാഫല്യത്തിനും ആശ്രയിക്കുന്നത് ജഗദംബയെ ആകയാല്‍ ജഗദംബ ‘ശ്രീമാതാ’വായിരുന്നു. പരാശക്തിയെ അമ്മയായി കരുതി ശിശുഭാവനയോടെ ഈ മഹാസ്‌തോത്രം ഉരുവിടാന്‍ ഏവര്‍ക്കും അധികാരമുണ്ട് എന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ നാമമായ ‘ശ്രീമാതാ’.

മാതൃഭാവനയോടെ ദേവിയെ ആരാധിക്കുന്ന ഭക്തന് ദേവീപ്രസാദത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയില്‍തന്നെ ദേവി പ്രസാദിക്കും. കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ് വേണ്ടത് ചെയ്യുന്നവളാണ് അമ്മ. കുഞ്ഞിന്റെ നന്മമാത്രമാണ് അമ്മമാര്‍ക്കുള്ളത് . അമ്മയുടെ കണ്ണില്‍ മക്കളുടെ തെറ്റുകുറ്റങ്ങൾ ഒന്നും തന്നെ പാപങ്ങളല്ല. കര്‍മ്മവും കര്‍മ്മഫലവും എല്ലാം ദേവിയുടെ മായതന്നെ ആകയാല്‍ ആ കര്‍മ്മഫലക്ലേശം അനുഭവിക്കുന്ന മക്കളുടെ നേര്‍ക്ക് അമ്മയുടെ ദയാപൂര്‍വമായ ദൃഷ്ടി പതിയുന്നതിനാല്‍ അവര്‍ താപത്രയങ്ങളില്‍ നിന്ന് മുക്തരാകുന്നു. ദേവീസ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ ഇരുട്ട് ദേവീസ്മരണയുണ്ടാകുന്ന നിമിഷം തന്നെ നശിക്കും. പൂര്‍വപുണ്യം കൊണ്ടുമാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ.

മഹാമായയുടെ സഹസ്രനാമങ്ങളില്‍ ഏതെങ്കിലും ഒന്ന് ഭക്തിപൂര്‍വം കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്താല്‍ സര്‍വപാപങ്ങളും സൂര്യകിരണങ്ങള്‍ക്ക് മുന്നില്‍ ഇരുട്ടെന്ന പോലെ മാഞ്ഞുപോകും. അപ്പോള്‍പ്പിന്നെ സഹസ്രനാമം ജപിച്ചാല്‍ നീങ്ങാത്ത പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്‍ പോലും ദേവ്യുപാസകനെ അങ്ങോട്ട് ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായ ദേവിക്ക് ഈ ഭൂമിയിലെ എത്ര നിസ്സാരമായ വസ്തുക്കളാണ് നാം അര്‍പ്പിക്കുന്നത്. എങ്കിലും ഭക്തനോടുള്ള സ്‌നേഹം നിമിത്തം ദേവി അവയെല്ലാം സ്വീകരിക്കും. അര്‍പ്പിക്കുന്ന വസ്തുവല്ല ഭക്തരുടെ ഭക്തിയാണ് ദേവിയെ തൃപ്തയാക്കുന്നത്. കുഞ്ഞു കരയുമ്പോള്‍ കുറെ കരയട്ടെ എന്ന് ഏതെങ്കിലും അമ്മ വിചാരിക്കുമോ, അതുപോലെ ഭക്തന്‍ കുറെ കഷ്ടപ്പെടട്ടെ എന്ന് ദേവി ഒരിക്കലും വിചാരിക്കില്ല.

നമ്മുടെ പ്രാര്‍ത്ഥനയിലെല്ലാം തെറ്റുകള്‍ സംഭവിക്കാം. അശ്രദ്ധകൊണ്ടോ പരിചയക്കുറവ് കൊണ്ടോ, ഇങ്ങനെ സംഭവിക്കാം. ഇതിലൊന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് മഹാമായ നമുക്ക് ഉറപ്പുതരുന്നു. ‘അവ്യാജ കരുണാമൂര്‍ത്തി’എന്ന നാമം കൊണ്ട് അടിവച്ചടിവച്ചു നടക്കുന്ന മക്കള്‍ക്ക് അടിപതറിയാല്‍ അമ്മയ്ക്ക് ദേഷ്യമല്ല, വാത്സല്യവും കരുണയുമാണെന്ന് നമ്മോട് പറയുന്നു.

മക്കളെ വീഴാതെ കൈപിടിച്ച് നേര്‍വഴിക്ക് നടത്തേണ്ടത് അമ്മയുടെ കടമയാണ്. അമ്മ അത് നിറഞ്ഞ മനസ്സോടെ ചെയ്തുകൊള്ളും. കരുണാമയിയായ അമ്മ ഉപാസകന്റെ മനസ്സിലെയും പ്രവൃത്തിയിലെയും അജ്ഞാനം നീക്കി ജ്ഞാനം പ്രദാനം ചെയ്യും. ദേവിയെ പ്രാര്‍ത്ഥിക്കുന്നതിന് പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ലളിതാസഹസ്രനാമത്തിന്റെ ആരംഭവും അവസാനവും അമ്മ എന്നു കീര്‍ത്തിച്ച് കൊണ്ടാണ്. ശ്രീമാതായിൽ തുടങ്ങി ലളിതാംബികായൈ എന്ന നാമത്തിൽ അവസാനിക്കുന്നു. എല്ലാം അമ്മയില്‍ നിന്നാരംഭിക്കുന്നു. അമ്മയില്‍ തന്നെ ലയിച്ചു തീരുന്നു.

ലളിതാസഹസ്രനാമ സ്‌തോത്രം സര്‍വരോഗങ്ങളെയും ശമിപ്പിക്കുന്നതും എല്ലാ സമ്പത്തിനെയും വര്‍ധിപ്പിക്കുന്നതും, കാലമൃത്യുവിനെ നിവാരണം ചെയ്യുന്നതും ദീര്‍ഘായുസ്സു നല്‍കുന്നതുമാണ്. ഉടന്‍ സിദ്ധി നല്‍കുന്ന ശ്രീദേവിയുടെ വിശേഷപ്രീതിക്ക് പാത്രമാകുന്ന ഈ സ്‌തോത്രം എത്ര ക്ലേശിച്ചായാലും എല്ലാ ദിവസവും ജപിക്കണം. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാല്‍ പരിസേവിതയായി ലക്ഷ്മി സരസ്വതി തുടങ്ങിയവരാല്‍ പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര്‍ ഋഷിമാര്‍ യക്ഷകിന്നര ഗന്ധര്‍വന്മാര്‍ തുടങ്ങിയവരാല്‍ സ്തുതിക്കപ്പെടുന്നവളായി, അഖില പ്രപഞ്ചത്തിനും ഭരണകര്‍ത്രിയായി മണിമയ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ശിവശക്തൈക്യ രൂപിണിയായ ശ്രീ ആദിപരാശക്തിക്ക്, അമ്മയ്ക്ക് പ്രണാമം.

അശോകൻ ഇറവങ്കര

Story Summary: Significance, Divinity and Benefits of Lalitha Sahasra Nama Japam


error: Content is protected !!
Exit mobile version