Sunday, 22 Sep 2024

രോഗദുരിതങ്ങൾ അകറ്റാൻ 28 ദിവസം ബാലകാളീ മന്ത്രജപം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

സംഹാരരുദ്രയായ മഹാകാളി. തുറിച്ച കണ്ണുകളും ചോരയിറ്റു വീഴുന്ന നീട്ടിയ നാവും ശിരസുകൾ കോർത്ത മാലയും കൈകൾ കോർത്ത ഉടുവവസ്ത്രവും നാലു തൃക്കൈകളും അഴിച്ചിട്ട തലമുടിയുമായി നിൽക്കുന്ന ഭദ്രകാളി. ഭദ്രകാളി എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഈ രൂപമാണ്. അപ്പോൾ ഭക്തിയെക്കാൾ മനസിൽ വരുന്നത് ഭയമാണ്. എന്നാൽ ഇത് അമ്മയുടെ ശത്രുസംഹാരരൂപം മാത്രമാണ്. ദേവി എല്ലാവരുടെയും അമ്മയാണ്. സർവ്വമംഗളയാണ്. അഭയവും വരവും നൽകുന്ന ജഗദ് ജനനിയാണ്. അതായത് സർവ്വ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ജീവിത വിജയം നൽകുന്ന പ്രപഞ്ചത്തിന്റെ അമ്മ .

ശത്രുദോഷ ശാന്തിക്കും തമോഗുണ പ്രധാനമായ വിഷയങ്ങൾക്കുമാണ് ഭക്തർ ഭദ്രകാളിയെ കൂടുതൽ ആശ്രയിക്കുന്നത്. ജാതകപ്രകാരം പല ഉത്തമ യോഗങ്ങൾ ഉണ്ടായിട്ടും അനുഭവയോഗം ഇല്ലാത്തവർ ധാരാളമാണ്. ഇതിന് പ്രധാന കാരണം മുജ്ജന്മ പാപങ്ങളാലുണ്ടാകുന്ന ശത്രുദോഷമാണ്.
ചില ദുഷ്ട മനസുകൾ തങ്ങളുടെ വിരോധികളുടെ വളർച്ച തടസപ്പെടുത്താനും അവരുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും കാളീമന്ത്രം കൊണ്ട് ദുർമന്ത്രവാദം ചെയ്യാറുണ്ട്. ഈ ദോഷം മാറുന്നതിനും മഹാകാളിയെയാണ് ഉപാസിക്കേണ്ടത്.

ശത്രുദോഷങ്ങൾ അകറ്റി ദുരിതവും ദു:ഖവും മാറ്റി സന്തോഷകരമായ ജീവിതത്തിന് ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ വ്രതമെടുക്കുന്നത് ഉത്തമമാണ്. പാപശാന്തി, രോഗശാന്തി, കടബാധ്യത മാറുക, പ്രേമസാഫല്യം, ഇഷ്ടവിവാഹ ലബ്ധി, സന്താനഭാഗ്യം, ഉദ്യോഗവിജയം, വിദ്യാലാഭം എന്നിവയ്ക്കെല്ലാം കാളീമന്ത്രങ്ങൾ പ്രയോജനപ്രദമാണ്. ശത്രുദോഷത്തിലൂടെ ഉണ്ടായ രോഗപീഢകൾ, ദുരിതങ്ങൾ, പ്രേതബാധാദി ദു:ഖങ്ങൾ എന്നിവ മാറുന്നതിന് ബാലകാളീ മന്ത്രജപം വളരെ നല്ലതാണ്. 24 തവണ വീതം രാവിലെയും വൈകിട്ടും 28 ദിവസം മുടങ്ങാതെ ജപിക്കുക. അശുദ്ധി കാരണം 28 ദിവസം തുടർച്ചയായി ജപിക്കാൻ കഴിയാത്ത സ്ത്രീകൾ അശുദ്ധിയുടെ 7 ദിവസം കഴിഞ്ഞ് ജപം തുടർന്ന് 28 ദിവസം പൂർത്തിയാക്കണം. മന്ത്രം ജപിക്കും മുമ്പ് ധ്യാനം മൂന്നു പ്രാവശ്യം ജപിക്കണം. ചുവന്ന വേഷഭൂഷാദികളണിഞ്ഞും മുറിച്ച തലകൾ കൊണ്ടുള്ള മാലയണിഞ്ഞും ഭൂതപ്രേത പിശാചുക്കളോടുകൂടിയ ഭാവത്തിലും ഭയാനകമായ കാളിയെ ഈ ധ്യാനത്തിൽ സ്മരിക്കുന്നു എന്നാണ് ധ്യാനത്തിന്റെ അർത്ഥം.
രോഗശാന്തിയും, ആരോഗ്യവും ഉണ്ടാകുമെന്ന് മാത്രമല്ല പാപശാന്തിക്കും ബാലകാളീ മന്ത്രജപം
ഗുണകരമാണ്.

ധ്യാനം
രക്താംഗീം രക്തവസ്ത്രാം കരിവരവിലസത്
കുണ്ഡലാം ചണ്ഡദംഷ്ട്രാം
കണ്‌ഠോദ്യന്മുണ്ഡമാലാം പരിസര വിലസദ്
ഭൂതപൈശാച വൃന്ദാം
ഘോരാം ഘോരാട്ടഹസാം കരകലിത
കപാലാസി രൗദ്രാം ത്രിനേത്രാം
ശത്രൂണാം പ്രാണഹന്ത്രീം ശിശുശശിമകുടാം
ഭാവയേത് ഭദ്രകാളീം

മന്ത്രം
ഓം ഐം ക്ലീം സൗ: കാളികേ കാളികേ ദേവീ സർവ്വകാന്തി പ്രദായിനീ പാപശാന്തിം ദു:ഖശാന്തിം, സർവ്വശാന്തിം ദദാതുമേ ഹുംഫട് കാളീ ശത്രുദോഷ പ്രശമനീ നിത്യം നിത്യം നമോ നമ:

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!
Exit mobile version