Friday, 22 Nov 2024

രോഗദുരിത ശാന്തിക്ക് നിത്യവും ഇതെല്ലാം ജപിച്ചോളൂ, ഫലം തീർച്ച

മോഹനൻ നമ്പൂതിരി
എല്ലാവിധ രോഗദുരിത ശാന്തിക്കും ഏറ്റവും ഉത്തമമാണ് സൂര്യഭജനം. പ്രപഞ്ചത്തിന്റെ നിലനില്പിന് തന്നെ ആധാരമായ പ്രത്യക്ഷ ദൈവമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായി സങ്കല്പിക്കപ്പെടുന്ന സൂര്യഭഗവാനാണ് നവഗ്രഹങ്ങളിൽ പ്രധാനി. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുളള കഴിവ് വർദ്ധിക്കും. ഗായത്രീമന്ത്രം, സൂര്യസ്തോത്രം, ആദിത്യഹൃദയം എന്നിവയാണ് സൂര്യപ്രീതിക്കായി ജപിക്കേണ്ടത്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷമേ സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാവൂ. നിത്യവും ഒരേസമയത്ത് അതായത് രാവിലെ ആറു മണിക്കും ഏഴു മണിക്കും ഇടയ്ക്കായി ജപിക്കുന്നത് ഉത്തമമാണ്. അർത്ഥം മനസ്സിലാക്കി ജപിച്ചാൽ ഇരട്ടിഫലം ലഭിക്കും. നിത്യേന ജപിക്കുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുളളതുമാകും. ഗ്രഹപ്പിഴ ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും. അസ്തമയ ശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാൻ പാടില്ല. മന്ത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഗായത്രിയാണ്. ചൈതന്യവും ബുദ്ധിയും തരണേയെന്ന് സൂര്യനോട് നടത്തുന്ന പ്രാർഥനയാണത്.

ഗായത്രി മന്ത്രം
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ
പ്രചോദയാത്

സാരം: ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.

സൂര്യ സ്തോത്രം

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോഹ്നം സര്‍വ്വപാപഘ്നം
ഭാസ്കരം പ്രണമാമ്യഹം

ഈ സ്തോത്ര ജപത്തിലൂടെ ത്വക് രോഗം, നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു ശമനം ലഭിക്കുമെന്നാണ് വിശ്വാസം.

ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്താൻ അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രം. ഇത് ആപത്തിലും ഭയത്തിലും രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിന്റെ ഫലശുദ്ധി.

മോഹനൻ നമ്പൂതിരി, +91 628 221 1540
(ഇടുക്കി, തൂക്കുപാലം ശൂലപ്പാറ ശ്രീ മഹാദേവ – ദേവീ ക്ഷേത്രം മേൽശാന്തിയാണ് മോഹനൻ നമ്പൂതിരി)

error: Content is protected !!
Exit mobile version