രോഗമുക്തിക്കും ആരോഗ്യത്തിനും 14 അത്ഭുതമന്ത്രങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
രോഗനിവാരണത്തിനും ആരോഗ്യസിദ്ധിക്കും ആർക്കും ആശ്രയിക്കാവുന്ന ഏറ്റവും ഫലപ്രദമായ വൈഷ്ണവ സങ്കൽപമാണ് ധന്വന്തരിമൂർത്തി. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യം,
കൂർമ്മം, വരാഹം, നരസിംഹം തുടങ്ങി ശ്രീരാമൻ, ശ്രീകൃഷ്ണൻ, കല്ക്കി വരെ എത്തുന്ന ദശാവതാരങ്ങൾക്ക് പുറമെയുള്ള ഭഗവാന്റെ മറ്റൊരു സങ്കൽപമാണ് ധന്വന്തരി. ഏത് രോഗത്തേയും ഹനിക്കാൻ ശക്തിയുള്ള ധന്വന്തരിമൂർത്തിയെ ഭജിച്ചാൽ ക്ഷിപ്രഫലം ഉണ്ടാകും. പുരാണ പ്രസിദ്ധമായ പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് ധന്വന്തരിയുടെ അവതാരം. ജരാനരകളും മരണവും അകറ്റുന്നതിന് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ വാസുകി കാളകൂട വിഷം ഛർദ്ദിച്ചു. സർവ്വവും സംഹരിക്കുന്ന ആ വിഷം പ്രപഞ്ച രക്ഷയ്ക്കായി ശ്രീ മഹാദേവൻ സേവിച്ചു. പാർവ്വതി ദേവി വിഷം കണ്ഠത്തിലുറപ്പിച്ച് ഭഗവാനെ നീലകണ്ഠനാക്കി ലോക രക്ഷ ചെയ്തു. ദേവൻമാരും അസുരന്മാരും വീണ്ടും പാലാഴി കടഞ്ഞപ്പോൾ ഒരു കൈയ്യിൽ അമൃതകലശവും മറുകൈയിൽ ദണ്ഡുമായി ധന്വന്തരി പാലാഴിയിൽ നിന്നും ഉയർന്നു വന്നു. അബ്ജൻ എന്നാണ് ധന്വന്തരിയുടെ മറ്റൊരു നാമം. കാശി രാജവംശത്തിൽ ധന്വന്റെ പുത്രനായി അബ്ജൻ, ധന്വന്തരി എന്ന പേരിൽ അവതരിച്ചു എന്നും ഈ ധന്വന്തരിയെയാണ് ആയുർവേദത്തിന്റെ ദേവനായി കണക്കാക്കുന്നതെന്നും ഐതിഹ്യമുണ്ട്.
ബ്രഹ്മാവിൽ നിന്നും ജാതമായ ആയുർവേദത്തെ എട്ട് ഭാഗങ്ങളാക്കി ചിട്ടപ്പെടുത്തിയത് ധന്വന്തരി ആണെന്നാണ് വിശ്വാസം. കഥകൾ എന്തു തന്നെയായാലും അത്ഭുത ശക്തിയുള്ള മൂർത്തിയാണ് ധന്വന്തരി. ശാസ്ത്രീയമായ ഉപാസനാ വിധികളോടെ ധന്വന്തരി മന്ത്രം ജപിച്ചാൽ മതി പെട്ടെന്ന് ഫലം ലഭിക്കാറുണ്ട്. അനേക ലക്ഷം ആളുകളുടെ അനുഭവമാണ് ഈ വിശ്വാസത്തിന് ആധാരം. ധന്വന്തരിയുടെ രൂപം മനസ്സിൽ സങ്കല്പിച്ച് നിത്യവും രാവിലെ ധന്വന്തരി ഗായത്രി ജപിച്ച ശേഷം ധന്വന്തരിയുടെ ധ്യാനശ്ലോകവും തുടർന്ന് ധന്വന്തരി മൂലമന്ത്രവും ജപിച്ചാൽ അളവറ്റ ധന്വന്തരി കടാക്ഷം ഉണ്ടാകും. രോഗശാന്തിയും ആരോഗ്യലബ്ധിയും ലഭിക്കും . നിത്യേന രാവിലെ കുളിച്ച് ഉദയത്തിന് മുൻപ് ജപിക്കണം. 12, 21, 36,41 തുടങ്ങി സ്വന്തം കഴിവിനും സാഹചര്യത്തിനും അനുസരിച്ച് യഥാശക്തി ഈ ശ്ലോകം ജപിക്കാം. എത്ര ജപിക്കുന്നോ അത്രയും നല്ലത്. മൂലമന്ത്രം 2 നേരവും ജപിക്കാം. രാവിലെ മാത്രമായും ജപിക്കാറുണ്ട്.
ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
ശ്രീ ധന്വന്തരി ധ്യാനശ്ലോകം
ചക്രം ശംഖം ജളൂകം ദധതമമൃത കുംഭം
ച ദോർഭിശ്ചതുർഭി:
സൂക്ഷ്മ സ്വച്ഛാതി ഹൃദ്യാം
ശുക പരിവിലസ മൗലിമം ഭോജ നേത്രം
കാളാംഭോദോജ്വലാംഗം കടി തടവിലസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരീം തം നിഖില ഗദവന
പ്രൗഢ ദാവാഗ്നി ലീലം
( നാല് കൈകളോടു കൂടി ചക്രം, ശംഖ്, നീരട്ട –
ജളൂകം, അമൃതകുംഭം, എന്നിവ ധരിച്ച് മഞ്ഞപ്പട്ട്
ഉടുത്ത് നിൽക്കുന്ന രീതിയിലാണ് ധന്വന്തരിയെ ധ്യാനിക്കേണ്ടത്)
ശ്രീ ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ ധന്വന്തരയേ
അമൃത കലശ ഹസ്തായ സർവ്വാമയ
വിനാശകായ ത്രൈലോക്യ നാഥായ
മഹാ വിഷ്ണവേ സ്വാഹ
ധന്വന്തരി പ്രാർത്ഥനാ മന്ത്രം
ഓം നമോ ഭഗവതേ ധന്വന്തരായ പരമാത്മനേ
ചിദാനന്ദായ സത്യപരാക്രമായ ശ്രീം നമ:
( മന:ശാന്തിക്ക് ഗുണകരമാണ് ഈ പ്രാർത്ഥനാ മന്ത്ര ജപം. 36 വീതം 2 നേരം ജപിക്കാം. 36 ദിവസം ജപിച്ചാൽ തന്നെ നല്ല മന:ശാന്തിയുണ്ടകും)
ചതുർദശ ധന്വന്തരി മന്ത്രങ്ങൾ
ഓം സർവ്വശക്തി സ്വരൂപിണേ നമ:
ഓം സച്ചിദാനന്ദ വിഗ്രഹായ നമ:
ഓം രമയാ പരിസേവിതായ നമ:
ഓം രോഗഹാരക മൂർത്തയേ നമ:
ഓം യജ്ഞേശ്വരായ നമ:
ഓം സുസത്വായ നമ:
ഓം കാലചക്ര പ്രവർത്തകായ നമ:
ഓം മഹാ യോഗിനേ നമ:
ഓം സർവ്വാന്തര്യാമിണേ നമ:
ഓം മേധാ മൂർത്തേയേ നമ:
ഓം അമൃത ദായിനേ നമ:
ഓം ശാശ്വതായ നമ:
ഓം ജഗദേക ബീജായ നമ:
ഓം സർവ്വലോകൈക നാഥായ നമ:
(ആയുരാരോഗ്യസിദ്ധിക്ക് അത്യുത്തമമാണ് ഈ 14 മന്ത്രങ്ങൾ. അത്ഭുതശക്തിയുള്ള ഈ മന്ത്രങ്ങൾ ധന്വന്തരമൂർത്തിയെ മനസ്സിൽ ധ്യാനിച്ച് ധന്വന്തര ഗായത്രിയും ധ്യാനവും മൂലമന്ത്രവും ജപിച്ച ശേഷം നിത്യേന 18 പ്രാവശ്യം ആവർത്തിച്ച് ചൊല്ലുക. മന്ത്രോപദേശമോ, വ്രതനിഷ്ഠകളോ ഈ മന്ത്ര ജപത്തിന് നിർബന്ധമില്ല. വിളക്ക് കൊളുത്തി വച്ച് ജപിക്കണം)
തൃശൂരിനടുത്ത് നെല്ലുവായിലെ ധന്വന്തരി ക്ഷേത്രം, ചേർത്തല മരുത്വാർവട്ടം, തോട്ടുവ (പെരുമ്പാവൂർ, എറണാകുളം), പ്രായിക്കര (മാവേലിക്കര, ആലപ്പുഴ), ആനയ്ക്കൽ (വടക്കുംകര തൃശൂർ), കൂഴക്കോട്ട് (കോഴിക്കോട് ചാത്തമംഗലം) എന്നിവയാണ് കേരളത്തിലെ പ്രശസ്തമായ ധന്വന്തരി ക്ഷേത്രങ്ങൾ. ധന്വന്തരി സങ്കല്പത്തിൽ ചില ക്ഷേത്രങ്ങളിൽ വിഷ്ണുവിനെ തന്നെയാണ് പൂജിക്കുന്നത്. തമിഴ് നാട്ടിലെ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രാങ്കണത്തിൽ ധന്വന്തരിയുടെ പന്ത്രണ്ടാം ശതകത്തിലുള്ള വിഗ്രഹം വച്ചു പൂജിക്കുന്നു.
സംശയ നിവാരണത്തിന് ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Good