Monday, 30 Sep 2024

രോഗമുക്തിക്ക് രഥസപ്തമി നാളിൽ സൂര്യോപാസന

ജ്യോതിഷരത്നം വേണു മഹാദേവ്


മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമി ആയി ആചരിക്കുന്നു. സൂര്യ ജയന്തി എന്നും ഈ ദിവസം അറിയപ്പെടുന്നു. മകരം, കുംഭം മാസങ്ങളിലെ ഒരു ദിവസമാണ് രഥസപ്തമി വരുന്നത്. ഈ ദിവസം വ്രതമെടുത്ത് സൂര്യഭഗവാനെ ഉപാസിച്ചാൽ സർവ്വ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ പൗർണ്ണമി വരെയും കറുത്ത പക്ഷത്തിലെ പ്രഥമ മുതൽ അമാവാസി വരെയുമുള്ള ദിവസങ്ങളിൽ മദ്ധ്യഭാഗത്തു വരുന്ന തിഥിയാണ് സപ്തമി തിഥി. അതുകൊണ്ടു തന്നെ ശ്രേഷ്ഠമായ ദിവസമായാണ് സപ്തമിയെ സങ്കല്പിക്കുന്നത്. ഈ ദിവസമാണ് സൂര്യദേവൻ അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ:

ദക്ഷപുത്രിയായ അദിതി ദേവി പൂർണ്ണ ഗർഭിണി ആയിരുന്ന സമയത്ത് ഒരു ദിവസം ഭർത്താവ് കശ്യപ പ്രജാപതിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്നത് കേട്ടു. ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് ചെന്ന് നോക്കുമ്പോൾ, ഒരു ബ്രാഹ്മണൻ ഭക്ഷണം ചോദിച്ച് നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് പറഞ്ഞ് അകത്തു വന്ന് ഭർത്താവിന് ഭക്ഷണം നൽകിയ ശേഷം അതിഥിക്ക് നൽകാൻ വിഭവങ്ങളുമായെത്തി. തീരെ അവശയായതിനാൽ അദിതി ദേവി കുറെ സമയമെടുത്തു ഇതെല്ലാം ചെയ്യാൻ. ഭക്ഷണം ലഭിക്കാൻ താമസിച്ചതിൽ കുപിതനായ ബ്രാഹ്മണൻ, നിന്റെ ഗർഭത്തിൽ വളരുന്ന കുട്ടി മരിച്ചു പോകുമെന്ന് ശപിച്ചു. ഭയന്നു പോയ അദിതി ദേവി ഭർത്താവിനെ വിവരം ധരിപ്പിച്ചു. കശ്യപമഹർഷി ദേവിയെ ആശ്വസിപ്പിച്ചു: നിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കാതെ, ശപിച്ചതിനാൽ ആ ശാപം ഏൽക്കില്ലെന്നും, മൃത്യു ഇല്ലാത്ത ലോകത്ത് നിന്നും മരണമില്ലാത്ത അതി തേജസ്വിയായ പുത്രനാണ് നമുക്ക് ജനിക്കുവാൻ പോകുന്നതെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. അങ്ങനെ മാഘമാസത്തിലെ വെളുത്ത പക്ഷതിഥിയിൽ സൂര്യദേവൻ അവതരിച്ചു. അതിനാലാണ് ഈ ദിവസം സൂര്യജയന്തി എന്നും രഥ സപ്തമി എന്നും അറിയപ്പെടുന്നത്.

2021 ഫെബ്രുവരി 19 നാണ് ഇത്തവണ രഥസപ്തമി. ഈ ദിവസം സൂര്യഗായത്രി, സൂര്യ സ്തോത്രം ആദിത്യഹൃദയം തുടങ്ങിയ സൂര്യ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ആദിത്യ ഭഗവാന്റെ അനുഗ്രഹത്താൽ സർവരോഗങ്ങളും ഒഴിഞ്ഞ് ആരോഗ്യവും ആഗ്രഹ സിദ്ധിയും ഉണ്ടാകും. അദിതിയുടെ പുത്രനായതു കൊണ്ട് സൂര്യനെ ആദിത്യൻ എന്നും പറയുന്നു.

മന്ത്രങ്ങളിൽ സൂര്യ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയാണിത്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഈ പ്രാർത്ഥനയുടെ സാരം. പതിവായി സൂര്യ സ്തോത്രം ജപിക്കുന്നതിലൂടെ രോഗശമനം പ്രത്യേകിച്ച് ത്വക് രോഗം, നേത്രരോഗം, അസ്ഥി രോഗങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ആദിത്യഹൃദയം ജപിക്കുന്നവർക്ക് ആപത്തും ഭയവും ഉണ്ടാകില്ല എന്നാണ് സ്തോത്രത്തിന്‍റെ ഫലശ്രുതി.

സൂര്യഗായത്രി
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
അർത്ഥം:

സൂര്യസ്തോത്രം
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847 475 559

Summary: Significance of Ratha Saptami, Soorya Jayanthi

Copyright © 2021 neramonline.com. All rights reserved.

error: Content is protected !!
Exit mobile version