ലക്ഷം ദോഷം തീർക്കുന്ന ഗുരുപൂർണ്ണിമ
നമ്മുടെ പ്രാർത്ഥനകൾ സഫലമാകാൻ ആദ്യം സ്മരിക്കേണ്ടത് അമ്മയെയാണ്; രണ്ടാമത് അച്ഛനെ; പിന്നെ ഗുരുവിനെ – കൺകണ്ട ദൈവങ്ങൾ ഇവർ മൂന്നുമാണ്. അതിനു ശേഷമേയുള്ളുഭാരതീയ ദർശനങ്ങളിൽ ഭഗവാനും ഭഗവതിക്കും സ്ഥാനം. ലക്ഷം ദോഷം ഗുരു ഹന്തി എന്നാണ് പ്രമാണം. ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കിൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും നമ്മെ ബാധിക്കാതെ ഒഴിഞ്ഞു പോകും. അനേകമാളുകളുടെ അനുഭവമാണിതെന്ന് ചുറ്റിലും നോക്കിയാൽ ബോദ്ധ്യപ്പെടും.
നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകൾ ഗുരുനിന്ദയ്ക്ക് കാരണമാകാറുണ്ട്. അതിന്റെ ഫലമായി ഗുരു ശാപമേൽക്കും. കഠിനമായ ദോഷങ്ങളിൽ ഒന്നാണ് ഗുരുശാപം. ഇതിന്റെ ഫലമായി ജീവിതത്തിൽ പല അനർത്ഥങ്ങളുമുണ്ടാകാം. അത്തരത്തിലുള്ളദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ഗുരുപ്രീതിയും ഈശ്വരാനുഗ്രഹവും നേടാൻ പറ്റിയ ദിവസമാണ് 2019 ജൂലൈ 16. അന്നാണ് ഗുരുപൂർണ്ണിമ അഥവാ വ്യാസപൂർണ്ണിമ.
ധനത്തിലും പദവികളിലും സുഖഭോഗങ്ങളിലുമുള്ള ആഗ്രഹം മൂലം ഇന്ന് ആളുകൾ എന്തു തെറ്റുംചെയ്യും. അങ്ങനെയുള്ളവരെ ആത്മീയമാർഗ്ഗവും ധർമ്മവും ഉപദേശിച്ച് തിരുത്തി ലോകത്തെ രക്ഷിക്കുകയാണ് ഗുരുക്കന്മാർ ചെയ്യുന്നത്. നമ്മുടെ ഗുരുപരമ്പരയിൽ ആചാര്യസ്ഥാനത്ത് ആദ്യമുള്ളയാളാണ് വേദവ്യാസൻ. 18 പുരാണങ്ങളുടെയും അതിലുപരി ശ്രീമദ്ഭാഗവതത്തിന്റെയും കർത്താവായ വേദവ്യാസന്റെ അനുഗ്രഹം നേടിയാൽ എല്ലാ ദോഷങ്ങളും അകന്ന് ഐശ്വര്യം ഉണ്ടാകും.
വേദവ്യാസന്റെ അനുഗ്രഹം നേടുന്നതിനൊപ്പം ഏത് വിദ്യ പഠിച്ചവരും അതാത് മേഖലയിലെ ഗുരുവിനെ കണ്ട് അനുഗ്രഹം വാങ്ങേണ്ട ശുഭ ദിവസവുമാണിത്; എത്ര തിരക്ക് ഉണ്ടെങ്കിലും ഗുരുവിനെ ദർശിച്ച് ദക്ഷിണ സമർപ്പിക്കണം. ഒരു നാണയമെങ്കിലും നൽകണം. ഗുരുപൂർണ്ണിമ ദിവസം ഇങ്ങനെ ചെയ്യുന്നവരുടെ ഗുരുശാപദോഷം ഉൾപ്പെടെ സർവ്വദോഷങ്ങളും അകലും. ഐശ്വര്യ സമൃദ്ധി കൈവരും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദുരിതങ്ങൾ എന്നിവ മാറും. ഈ ദിവസവും തലേന്നും മത്സ്യവും മാംസവും കഴിക്കരുത്. തലേന്ന് രാത്രിയിൽപഴങ്ങളോ ലഘുഭക്ഷണമോ കഴിക്കാം. ഗുരുപൂർണ്ണിമ ദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തണം.തലേന്ന് ഉറങ്ങും മുൻപ്
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ
വാസുദേവായ
കഴിയുന്നത്ര ജപിക്കണം.
ഗുരുപൂർണ്ണിമ ദിവസം
ഓം നമോ ഭഗവതേ
വ്യാസായ വ്യാസരൂപായ
വിശ്വബ്രഹ്മണേ നമ:
ഓം വിഷ്ണവേ നമ:
ഓം നമോ വിശ്വരൂപായ
വിശ്വായ വിശ്വാത്മനേ നമ:
ഓം നമ: ശിവായ
ഓം നമോ ഭഗവതേ
കേശവായ മാധവായ
മധുസൂദനായ ശ്രീം നമ:
എന്നീ മന്ത്രങ്ങൾ ജപിക്കുക.
ലോകഗുരുവായ പരമശിവന്റെയും വിഷ്ണുഭഗവാന്റെ അവതാരമായ വേദവ്യാസന്റെയും ലൗകികവും ആദ്ധ്യാത്മികപരവുമായ നമ്മുടെ എല്ലാ ഗുരുക്കന്മാരെയും അനുഗ്രഹം ഏറ്റുവാങ്ങുന്നതിന് ഈ പ്രാർത്ഥനകളിലൂടെ സാധിക്കും. ഗുരുപൂർണ്ണിമ യഥാവിധി വിശദമായി ആചരിക്കുന്നതിന് ഗുരുപദേശം നേടണം. ഗുരുപൂർണ്ണിമദിവസം ചില മന്ത്രജപങ്ങൾ ആരംഭിക്കുന്നതിന് നല്ലതാണ്:
ഐശ്വര്യ സമൃദ്ധിക്ക്
ഓം സ്യാംവേദവ്യാസായ നമ:
എന്നതാണ് വേദവ്യാസന്റെ മൂലമന്ത്രം. ഗുരുപൂർണ്ണിമദിവസം ഈ മന്ത്രം 1008 പ്രാവശ്യം ജപിക്കുക. തുടർന്ന് എന്നും രാവിലെ 48 പ്രാവശ്യം ജപിക്കുകയുമാകാം. വ്രതമെടുത്താൽ നല്ലത്. ഇല്ലെങ്കിലും ദോഷമില്ല. ഐശ്വര്യസമൃദ്ധി, പാപശാന്തി എന്നിവയാണ് ഫലം.
വിദ്യാ വിജയത്തിന്
ഓം ഋഷിശ്വരായ നമ:
മഹാരൂപായ നമ:
തേജോമൂർത്തയേ നമ:
ദീപ്‌ത്രേ യോഗീശായ നമ:
യോഗീശ്വരായ നാഥായ നമ:
ഈ മന്ത്രങ്ങൾ 12 പ്രാവശ്യം വീതം രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ജപിക്കുക. വിദ്യാതടസം മാറും. വിദ്യാ വിജയമുണ്ടാകും. ഓർമ്മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കും ഗുണകരം. നെയ്‌വിളക്ക് കൊളുത്തി ജപിക്കുന്നത് കൂടുതൽ നല്ലത്.
ദാരിദ്ര്യം മാറാൻ
ഓം നമോ ഭഗവതേ
വിഷ്ണവേ മധുസൂദനായ
നാരായണായ ചന്ദ്രാത്മനേ
വ്യാസരൂപായ പൂർണ്ണായ നമ:
എന്ന പൂർണ്ണമന്ത്രം 36 വീതം 28 ദിവസം ജപിക്കുക. ഗുരുപൂർണ്ണിമ ദിവസം ജപം ആരംഭിക്കുക. ദാരിദ്ര്യവും കഷ്ടപ്പാടും മാറും.
– പുതുമന മനു നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി മൊബൈൽ: +91 094-470-20655