ലക്ഷം ദോഷം തീർക്കുന്ന വ്യാഴം ഇപ്പോൾ നമുക്കെങ്ങനെ?
എല്ലാ ദൈവങ്ങളെയും എല്ലാ ഗ്രഹങ്ങളെയും എല്ലാ ജീവജാലങ്ങളെയും നിയന്ത്രിക്കുന്നത് ഗുരുവാണ്. ഏറ്റവും അനുഗ്രഹം ചെരിയുന്ന ഗ്രഹവും വ്യാഴമാണ്. അതായത് ഏറ്റവും ശല്യം ചെയ്യുന്ന ശനിക്ക് നേരെ വിപരീതം. സകല മനുഷ്യരുടെയും രക്ഷിതാവും സംരക്ഷകനുമാണ് ഗുരു. ജീവിതത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കുന്ന ഗ്രഹമായതു കൊണ്ടാണ് ഗുരു എന്ന് വിളിക്കുന്നത്. വ്യാഴാഴ്ചയാണ് ഗുരുവിന്റെ ദിവസം. ബൃഹസ്പതിയെന്നും ഗുരുവിനെ വിളിക്കുന്നു.
ജാതകവശാലും ചന്ദ്രനാലും വ്യാഴം ദുർബലരായ വ്യക്തികൾ ഗുരുദോഷം അനുഭവിക്കും. ഗുരു കടാക്ഷമുണ്ടെങ്കിൽ ആ ഒറ്റ കാര്യം കൊണ്ട് നമ്മുടെ ആയിരം ദോഷങ്ങൾ പരിഹരിക്കപ്പെടും. ധനസമൃദ്ധി, സർവ്വ കാര്യവിജയം, ഈശ്വരാധീനം, ആദരവ്, കീർത്തി, ഭാര്യപുത്രാദിസമ്പത്ത് എല്ലാമുണ്ടാകും.ഗുരുവിന്റെ അനുഗ്രഹമില്ലെങ്കിൽ ബുദ്ധിമുട്ടുകയും ചെയ്യും. ജീവിതത്തിന് പുരോഗതിയുമുണ്ടാകാതെ വന്നാൽ നമ്മൾ സംശയിക്കണം, വ്യാഴം നമുക്ക് അനുകൂലമല്ലെന്ന്. ചെലവ് കൂടിയാൽ, മത്സരങ്ങൾ കഠിനമായാൽ, വിദ്യാഭ്യാസം തടസപ്പെട്ടാൽ, വേണ്ടപ്പെട്ടവർ കലഹിച്ചാൽ, വ്യവഹാരങ്ങൾ ഉണ്ടായാൽ, ശത്രുക്കൾ കൂടിയാൽ, സന്താനങ്ങൾ കാരണം ദു:ഖമുണ്ടായാൽ, വിഷാദം ബാധിച്ചാൽ, കടം പെരുകിയാൽ മനസ്സിലാക്കണം വ്യാഴം നമ്മോട് പിണങ്ങിയിരിക്കുകയാണെന്ന്. പിന്നെ കണ്ഠരോഗങ്ങൾ, ദന്തരോഗങ്ങൾ കേൾവിക്കുറവ്, എന്നിവയും ഗുരുപിഴച്ച് നിൽക്കുന്നതിന്റെ സൂചനകളായാണ് കണക്കാക്കുന്നത്.
16 വർഷമാണ് വ്യാഴദശ. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർ വ്യാഴദശയിലാണ് ജനിക്കുന്നത്. വ്യാഴം ഒരു രാശി മാറാൻ ഏകദേശം ഒരു വർഷമെടുക്കും. വ്യാഴത്തിന്റെ ഗോചരസ്ഥിതി നമ്മൾ എല്ലാവരെയും അതിശക്തമായി ബാധിക്കും. ഇപ്പോൾ വ്യാഴം വൃശ്ചികം രാശിയിലാണ്. നവംബർ 5 വരെ വൃശ്ചികത്തിൽ തുടരും. അന്ന് ധനുരാശിയിലേക്ക് മാറും. 2020 മാർച്ച് 29 വരെ ധനു രാശിയിലായിരിക്കും.
വ്യാഴം ജന്മത്തിലും 3, 4, 6, 8,10, 12 രാശികളിലും നിൽക്കുന്നവർ തീർച്ചയായും ദോഷപരിഹാരം ചെയ്യണം. വൃശ്ചികം, കന്നി, ചിങ്ങം, മേടം, കുംഭം, ധനു രാശികളിൽ പിറന്നവർക്ക് ഇപ്പോൾ വ്യാഴം ഗോചരാൽ നല്ലതല്ല. അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ,വിശാഖം അവസാന കാൽ, അനിഴം, കേട്ട, മകം, പൂരംഉത്രം, അത്തം, ചിത്തിര ആദ്യ പകുതി,അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാരായ ഇവർ നിർബന്ധമായും ഇപ്പോൾ ദോഷപരിഹാരം ചെയ്ത് വ്യാഴ പ്രീതി വരുത്തണം. മിഥുനം രാശിയിൽ പെട്ട മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽ, നക്ഷത്ര ജാതർക്ക് ഇപ്പോൾ സമ്മിശ്ര ഫലമായിരിക്കും. അവരും ദോഷപരിഹാരം ചെയ്യണം.
ഇപ്പോൾ വ്യാഴ ദോഷമുള്ള മിക്കവർക്കും നവംബർ 5 മുതൽ 2020 മാർച്ച് 29 വരെ സാമാന്യം നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ധനു, തുലാം, കന്നി,ഇടവം, മീനംമകരം രാശികളിൽ പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവേണം, അവിട്ടം ആദ്യ പകുതി, പൂരുരുട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി, കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി, ഉത്രം അവസാനമുക്കാൽ, അത്തം, ചിത്തിര, ചോതി, വിശാഖം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് നവംബർ 5 മുതൽ 2020 മാർച്ച് 29 വരെ വ്യാഴ ദോഷ കാലമാണ്. അവർ അപ്പോൾ ദോഷപരിഹാരം ചെയ്യണം.കർക്കടക രാശിക്കാരായ പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർക്ക് അപ്പോൾ സമ്മിശ്ര ഫലകാലമായിരിക്കും.
അതേ സമയം തുലാം, മകരം, മീനം, ഇടവം, കർക്കടകം രാശിക്കാർക്ക് ഇപ്പോൾ വ്യാഴം നല്ലതാണ്. നവംബർ 5 മുതൽ വൃശ്ചികം, ചിങ്ങം, മിഥുനം, മേടം, കുഭം രാശിക്കാർക്ക് വ്യാഴം തീർത്തും നല്ലതായിരിക്കും.
ഗുരുവിനുംദേവതയായ മഹാവിഷ്ണുവിനും വ്യാഴാഴ്ച തോറും ജന്മനക്ഷത്ര ദിവസവും മഞ്ഞ പൂക്കൾ സമർപ്പിച്ച് പൂജയും വഴിപാടും നടത്തുകയാണ് വ്യാഴ ദോഷങ്ങൾക്കുള്ള പ്രധാന പരിഹാരങ്ങൾ. മഞ്ഞ വസ്ത്രം ധരിക്കുക മഞ്ഞപുഷ്യരാഗം ധരിക്കുക ഇവയും പരിഹാരമാർഗ്ഗങ്ങളാണ്. ഗുരു സ്ത്രോത ജപവുംമഹാസുദർശന മന്ത്രജപവും ഹോമവുമാണ് മറ്റ് പരിഹാരങ്ങൾ.
മൂലമന്ത്രം
ഓം ബൃഹസ്പതയേ നമ:
ഗുരു സ്ത്രോതം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി
ബൃഹസ്പതിം
ജ്യോതിഷാചാര്യൻ ദേവീദാസ്,
Mobile#: +91-8848873088
(നിങ്ങളുടെ നക്ഷത്രവും ജന്മക്കുറും അറിയാൻ ജനനത്തീയതിയും ജനനസമയവും ഈ മെയിൽ ചെയ്യുക: contact@neramonline.com)