Saturday, 21 Sep 2024

ലക്ഷ്മിദേവിയുടെ ജന്മദിനം ഇന്ന്

മഹാലക്ഷ്മിയുടെ ജന്മദിനമാണ് വരലക്ഷ്മി  വ്രതമായി ആചരിക്കുന്നത്. ദേവിപാല്‍ കടലില്‍ നിന്നും ഉയർന്നു വന്ന സുദിനം ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവത്രെ.  കർക്കടകത്തിലോ ചിങ്ങത്തിലോ അതായത് ആടിമാസത്തിലോ ആവണിയിലോ ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജ നടത്തുന്നത്. ക്ഷേമസൗഭാഗ്യങ്ങൾക്ക് നടത്തുന്ന പൂജയാണിത്.  ഈ ദിവസം ചിലർ  വ്രതമെടുത്ത് സകല സൗഭാഗ്യങ്ങളും നേടാറുണ്ട്. തെലുങ്ക് ദേശത്തും തമിഴർക്കുമിടയിൽ അതിവിശേഷമാണ് വരലക്ഷ്മി പൂജ.ഇത്തവണത്തെ വരലക്ഷ്മി പൂജ ഇന്നാണ് (ആഗസ്റ്റ് 9)  ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങളും  ലഭിക്കാനായാണ്  വരലക്ഷ്മിവ്രതാനുഷ്ഠാനവും പൂജയും. രണ്ട് ദിവസങ്ങളിലായാണ് ഇത് നടത്തുന്നത്. തലേന്ന് പൂജാമുറി വൃത്തിയാക്കി   പൂക്കളാൽ  അലങ്കരിച്ച് പൂജയ്ക്ക്  ഒരുക്കണം.
ഒരു  കലശത്തിൽ നാണയം, വെറ്റില, അടയ്ക്ക, മഞ്ഞൾ, നാരങ്ങ, കണ്ണാടി,  കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്റെ വായ് ഭാഗത്ത് മാവില നിരത്തി അതിനു മുകളിൽ നാളികേരം പ്രതിഷ്ഠിക്കും.

നാളികേരത്തിൽ ദേവിയുടെ പടം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കും.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കർപ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു.  ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസം രാവിലെ  കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മിഭഗവതിയെ വീട്ടിലേക്ക് വരവേല്ക്കാൻ  വീട്ടിന് മുമ്പിൽ കോലമെഴുതി പൂക്കൾ വിതറി കർപ്പൂരാരതി ഉഴിയുന്നു. ലക്ഷ്മീദേവി ഈ വീട്ടിലേക്ക് വരൂ എന്ന് പ്രാർത്ഥിക്കുന്നു. അതിന് ശേഷം ഒരിലയിൽ പച്ചരി വിതറി പൂജാമുറിയിൽ നിന്നും കലശമെടുത്ത് ഇലയിൽ വച്ച് അതിൽ ഒരു മഞ്ഞച്ചരട് കെട്ടുന്നു.ആദ്യം ഗണപതി പൂജയാണ്.  ശേഷമാണ് വരലക്ഷ്മി പൂജ. പൂജയുടെ അവസാനം നൈവേദ്യം കർപ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകൾ മഞ്ഞച്ചരട് എടുത്ത് വലതുകൈയിൽ കെട്ടുന്നു. ഇതോടൊപ്പം തന്നെ മഹാലക്ഷ്മി പ്രീതികരമായ കീർത്തനങ്ങൾ  പാടുന്നു. വൈകുന്നേരം പുതിയ പൂക്കൾ കൊണ്ട് അർച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം തയ്യാറാക്കുന്നു. മംഗളാരതി നടത്തുന്നു. ശനിയാഴ്ച രാവിലെ പൂക്കൾ മാറ്റി പുതിയ പൂക്കൾ കൊണ്ട് അർച്ചന നടത്തുന്നു. മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷമേ നാളികേരത്തിൽ ദേവിയുടെ പടം വച്ച കുടത്തിന്റെ മുഖംമാറ്റുകയുള്ളു.

ഓം മഹാലക്ഷ്മ്യൈ നമഃ പതിവായി ജപിച്ച് സകല സൗഭാഗ്യങ്ങളും ധനശ്വൈര്യങ്ങളും സ്വന്തമാക്കൂ.

ജ്യോതിഷൻ വേണു മഹാദേവ്
മൊബൈൽ: 9847475559

error: Content is protected !!
Exit mobile version