Saturday, 23 Nov 2024

ലളിതാസഹസ്ര നാമം ജപിക്കുന്ന വീട്ടിൽ രോഗങ്ങൾ അകലും. ഐശ്വര്യം വർദ്ധിക്കും

ജ്യോതിഷി സുജാത പ്രകാശൻ
ശക്‌തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തിയുടെ പ്രീതിക്കു ഏറ്റവും ഉത്തമമായ മാർഗമാണ് ലളിതാസഹസ്രനാമജപം. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രമാണ് ലളിതാസഹസ്രനാമം. മക്കളുടെ വിഷമഘട്ടത്തിൽ അമ്മ ഓടിവന്നു സാന്ത്വനിപ്പിക്കുന്നത് പോലെ ഭക്തരുടെ ക്ലേശം കണ്ടറിഞ്ഞു ശാന്തി വരുത്തുന്നു മാതൃസ്വരൂപിണിയായ ദേവി ആദിപരാശക്തി. ദേവീസ്മരണയുണ്ടാവുന്ന നിമിഷം തന്നെ ഭക്തന്റെ മനസിലെ മാലിന്യം ഇല്ലാതാക്കി സകലപാപങ്ങളെയും കഴുകി കളയുന്നു. ഗൃഹസ്ഥാശ്രമികൾക്ക് നിത്യപാരായണത്തിന് ഏറ്റവും ഉത്തമമാണ് ലളിതാസഹസ്രനാമം.

ദേവിയുടെ രൂപഭാവഗുണങ്ങൾ വർണ്ണിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രങ്ങളാണ്. മറ്റ് സഹസ്രനാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതാസഹസ്രനാമത്തിൽ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ശ്രീ മാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ ഈ സഹസ്രനാമം പൂർണമാകുന്നു. ഇത് നിത്യേന പാരായണം ചെയ്യുന്ന ഭവനത്തിൽ നിന്ന് രോഗദുരിതം, ദാരിദ്ര്യം തുടങ്ങിയ ക്ലേശങ്ങൾ അകലും. കുടുംബൈശ്വര്യം വർദ്ധിക്കും. കൂടാതെ ജാതകദോഷം, ഗ്രഹപ്പിഴാദോഷങ്ങൾ എന്നിവ ഇല്ലാതാക്കും. ഉത്തമസന്താന സൗഭാഗ്യത്തിനും,
സന്താനങ്ങളുട പുരോഗതിക്കും, വൈധവ്യദോഷം നശിപ്പിക്കുന്നതിനും, ദീർഘായുസ് ഉണ്ടാകുന്നതിനും ലളിതാസഹസ്രനാമജപം ഉത്തമമാണ്.

ലളിതാസഹസ്ര നാമജപത്തിലൂടെ മനസ്സ് ശാന്തമാകും. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അർത്ഥം അറിഞ്ഞു ജപിക്കുന്നത്‌ ഇരട്ടി ഫലം നൽകുമത്രേ. ദേവീ ഉപാസകർക്ക് ഒരു
ദിവ്യ ഔഷധമാണ് ലളിതാസഹസ്രനാമം. നിത്യവും ചൊല്ലാൻ സാധിക്കാത്ത പക്ഷം പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലാൻ ശ്രമിക്കുക.നവരാത്രി നാളുകളിൽ ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നത് അത്യുത്തമമാണ്.

ജ്യോതിഷി സുജാത പ്രകാശൻ , +91 9995960923

(ശങ്കരം,’കാടാച്ചിറ, കണ്ണൂർ ഇമെയിൽ :Sp3263975@gmail.com)

Story Summary: Significance and Benefits of Lalitha Sahasra Nama Japam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version