Friday, 22 Nov 2024

വടക്കുപടിഞ്ഞാറ് പണം സൂക്ഷിച്ചാൽ പറന്നകലും

പണമെന്നു കേട്ടാൽ പിണവും വാ പിളർക്കും എന്നാണ് ചൊല്ല്. പണം സമ്പാദിക്കുന്നതിനെക്കാൾ  പ്രധാനമാണ് അത് സൂക്ഷിക്കുക. വാസ്തുശാസ്ത്രപ്രകാരം ധനം സൂക്ഷിക്കാൻ വീടുകളിൽ ചില പ്രത്യേക സ്ഥാനങ്ങളുണ്ട്.

വീടിന്റെ തെക്കുപടിഞ്ഞാറാണ് (കന്നിമൂല) ധനം സൂക്ഷിക്കുവാൻ ഏറ്റവും ഉചിതമായ സ്ഥാനം. ധനദേവതയായ കുബേരന്റെ സ്ഥാനം വടക്കുഭാഗമാണ്. അപ്പോൾ വടക്കുഭാഗത്ത് പണപ്പെട്ടി  സൂക്ഷിക്കുന്നത്  നല്ലതാണ്.

അലമാരയിലോ മേശയിലോ ആണ് ധനം സൂക്ഷിക്കുന്നതെങ്കിൽ തെക്കുപടിഞ്ഞാറ് മൂലയിൽ വടക്കോട്ട് ദർശനമായി അതായത് ധനദേവതയായ കുബേര ഭഗവാന്റെ സ്ഥാനത്ത് നേരെ തുറക്കുന്ന രീതിയിൽ വേണം മേശയും അലമാരയും ക്രമീകരിക്കേണ്ടത്.

തെക്കു ഭാഗത്തുള്ള മുറിയിലും പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലും ധനം സൂക്ഷിക്കാം. ഇവിടെയും മുകളിൽ പറഞ്ഞ തത്വം ഓർക്കണം.
എന്നാൽ തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കും അഗ്‌നിമൂല (തെക്കുകിഴക്ക്) വായുമൂല (വടക്കുപടിഞ്ഞാറ്)നിര്യതി കോൺ (തെക്കുപടിഞ്ഞാറ്) എന്നിവിടങ്ങളിലേക്കും പണപ്പെട്ടി ദർശനമായി വയ്ക്കരുത്.

തെക്ക് കിഴക്കുഭാഗത്ത് ധനം സൂക്ഷിച്ചാൽ മോഷണത്തിനും അനാവശ്യമായ ചെലവിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറുള്ള മുറി വായുവിന്റെ ആധിപത്യത്തിലുള്ളതിനാൽ വായുവിന്റെ ചലനം പോലെ പണവും പറന്നകലും എന്ന് വാസ്തുശാസ്ത്രം പറയുന്നു. ഒറ്റമുറിയുള്ള വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഈ രീതി അവലംബിക്കാം.

-ബി.ശ്യാം കൃഷ്ണ, കൊല്ലം

error: Content is protected !!
Exit mobile version