Friday, 20 Sep 2024

വശ്യമന്ത്രങ്ങൾ സുഖപ്രദം, സരളം; വേണ്ട മന്ത്രം അറിഞ്ഞ് ജപിച്ചാൽ വേഗം ഫലം

ജോതിഷരത്നം വേണുമഹാദേവ്
ഒരോരുത്തർക്കും പറഞ്ഞിട്ടുള്ള ഉപാസനാ മന്ത്രമൂർത്തിയെ തിരഞ്ഞെടുത്ത് മന്ത്രോപാസന നടത്തിയാൽ ഫലം പെട്ടെന്ന് ലഭിക്കും. മിക്കവരുടെയും അനുഭവമാണിത്. ഒരു വ്യക്തി ഏതു മന്ത്രം ഉപാസിക്കണം എന്ന് കണ്ടുപിടിക്കേണ്ടത് സ്വന്തം ഗ്രഹനില നോക്കിയാണെന്ന് ജ്യോതിഷം പറയുന്നു. അഞ്ചാം ഭാവവും ഒമ്പതാം ഭാവവുമാണ് മന്ത്രോപാസന തീരുമാനിക്കുന്ന സ്ഥാനം. അഞ്ചാം ഭാവം മനസും ഒമ്പതാം ഭാവം പൂർവ്വജന്മ സുകൃത സ്ഥാനവുമാണ്. മനസിന്റെ സ്ഥാനമായ അഞ്ചാം ഭാവത്തിൽ ഏത് ഗ്രഹം നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മന്ത്രം തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി ഒരാളുടെ അഞ്ചാം ഭാവത്തിൽ ശുക്രനാണ് സ്വാധീനമെന്ന് കണ്ടാൽ മഹാലക്ഷ്മി മന്ത്രം ജപിക്കണം. ചൊവ്വയ്ക്ക് ആണെങ്കിൽ കാളിയെയോ മുരുകനെയോ പൂജിക്കണം. സൂര്യനെങ്കിൽ ശിവൻ, ചന്ദ്രനെങ്കിൽ ദുർഗ്ഗാ ഭഗവതി, ബുധനെങ്കിൽ ശ്രീകൃഷ്ണൻ , വ്യാഴമെങ്കിൽ മഹാവിഷ്ണു, ശനിയാണെങ്കിൽ ശാസ്താവ് – ഇതാണ് വിധി. ഓരോ ഗ്രഹത്തിനും ദേവതയുള്ളതു പോലെ പ്രത്യേകം മന്ത്രം ജപിക്കാനുള്ള വിധിയുമുണ്ട്.

മന്ത്രങ്ങളെ ആറായി തിരിച്ചിരിക്കുന്നു. മന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ ശാന്തി മന്ത്രങ്ങളുടെ സമാഹാരത്തിൻ്റെ രത്നച്ചുരുക്കം ലോകാ സമസ്താ സുഖിനോ ഭവന്തു, ഓം ശാന്തി; ശാന്തി; ശാന്തി: എന്നതാണത്രെ. എന്നെ ദ്രോഹിക്കുന്ന ആളുകൾക്കും എന്നോട് ശത്രുത പുലർത്തി ദുഃഖിപ്പിക്കുന്നവർക്കും വരെ സുഖം ഉണ്ടാകണം എന്നർത്ഥം. സ്തംഭനം, ഉച്ചാടനം, വിദ്വേഷം, മാരണം എന്നിവയ്ക്കുള്ള മന്ത്രങ്ങളും ഉപാസന വിധികളും പ്രയോഗ വിധികളും മന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം തിരിച്ചടിയുമുണ്ടാകാം.

സുന്ദരവും സുഖപ്രദവും സരളവും ആണ് വശ്യമന്തങ്ങളുടെ ഉപാസന രീതികൾ. അമ്മയ്ക്ക് മകനോടും മകന് അമ്മയോടും വശീകരണം വേണം. മന്ത്രിക്ക് ജനങ്ങളിൽ വശീകരണം വേണം. അദ്ധ്യാപകന് വിദ്യാർത്ഥികളിൽ വശീകരണം വേണം. ഭർത്താവിന് ഭാര്യയിൽ വശീകരണം വേണം. സുഖപ്രദവും സുന്ദരവും ആയ ജീവിതം ആഗ്രഹിക്കുന്നവർക്കെല്ലാം വശീകരണം ആവശ്യമാണ്.

ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗ ഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമവശം ആകർഷയ ആകർഷകയ സ്വാഹ

എന്ന പ്രാർത്ഥനയാണ് ഞാൻ എല്ലാവരിലേക്കും ആകർഷിക്കപ്പെടേണമേ എന്ന് അർത്ഥിക്കുന്ന സ്വയംവരം എന്ന മന്ത്രത്തിൽ പറയുന്നത്. ഞാൻ എവിടെ ചെന്നാലും ഈ ആകർഷണം ഉണ്ടാവണേ എന്ന് നിരന്തരം പ്രാർത്ഥിക്കുമ്പോൾ സ്വയമറിയാതെ ഒരു ആകർഷണം ഉണ്ടാവുന്നു. ഇരുമ്പിനെ കാന്തം ആകർഷിക്കുന്നപോലെ ഒരു ശക്തി. ഇത് സ്വയം ഉണ്ടാക്കിയെടുക്കുന്ന ശക്തിയാണ്. ഇതിന് ധാരാളം അനുഭവസ്ഥരുണ്ട്.

വശീകരണം എന്ന് കേട്ടാൽ സാധാരണയായി സ്ത്രീവശീകരണം, പുരുഷവശീകരണം എന്നാണ് പലരും ചിന്തിക്കുന്നത്. അത് ശരിയാണെങ്കിലും ജീവിതത്തിൽ മിക്ക കാര്യങ്ങൾക്കും ഈ വശീകരണശക്തി ആവശ്യമാണ്. അത് നന്നായി ഉപയോഗിക്കാനും കഴിയും. ആത്മീയ പ്രഭാഷണം നടത്തുന്നവരിൽ പലരും വശീകരണമന്ത്രം ജപിച്ച് സിദ്ധി വരുത്തിയവരാണ്. അവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാൻ അവരുടെ വാക്കിൽ വശീകരണം ഉണ്ടാകണം. ജ്ഞാനി ആയത് കൊണ്ട് മാത്രം കാര്യമില്ല. വാക്കിൽ വശീകരണമില്ലെങ്കിൽ ജ്ഞാനത്തിന് വിലയില്ല.

യക്ഷിണികളെ ഉപാസിക്കുന്നവരും വശീകരണ സിദ്ധി നേടിയവരാണ്. സുന്ദരരൂപികളും പെട്ടെന്ന് പ്രത്യക്ഷമായി ഇഷ്ടവരം തരുന്നവരുമാണ് പരിമളം പരത്തുന്ന യക്ഷിണികൾ. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ധാരാളം വശീകരണമന്ത്രങ്ങൾ മന്ത്രശാസ്ത്രങ്ങളിൽ കാണുന്നുണ്ട്. അതു പോലെ ധനാകർഷണ മന്ത്രങ്ങൾ ജപിച്ച് സിദ്ധി നേടി ധനവാൻമാരാകാം എന്നും പറയുന്നു. ഉറച്ച മനസോടെ നിരന്തം ശ്രമിച്ചാൽ ധനസമൃദ്ധി സാദ്ധ്യമാകും എന്ന് അറിഞ്ഞ് മന്ത്രോപാസന നടത്തി ധനികരായ ധാരാളം പേരുണ്ട്. ക്രൂരരും ദുഷ്ടരും ശക്തരുമായ എതിരാളിയോട് നേരിടാൻ പോകുന്നതിനേക്കാൾ നല്ലത് അവരെ വശീകരിക്കുകയാണ്. അതിനും വശീകരണ വിധികൾ മന്ത്രശാസ്ത്രങ്ങളിൽ പറയുന്നുണ്ട്. നല്ല കാര്യങ്ങൾക്ക് വശ്യമന്ത്രങ്ങൾ ജപിക്കുന്നത് കൊണ്ട് യാതൊരു ദോഷവും ഉണ്ടാകില്ല.

മന്ത്രം മനസ്സിനെ ശുദ്ധമാക്കാനുള്ള ഉപായമാണ് എന്ന് മന്ത്രശാസ്ത്രത്തിൽ പറയുന്നുണ്ട്. മനനാൻ ത്രായതേ ഇതി മന്ത്ര എന്നാണ് ശാസ്ത്രം. ഒരു മൂർത്തിയുടെ മന്ത്രം നിരന്തരം ഉരുവിടുമ്പോൾ ആ മൂർത്തി മനസ്സിനെ രക്ഷിക്കും എന്ന് സാരം. സുഖത്തിനും ദുഃഖത്തിനും കാരണം മനസാണ്. മനഏവമനുഷ്യാണാം കാരണം സുഖദുഃഖയോ എന്ന് ഉപനിഷത്തിലും പറയുന്നു.

ജോതിഷരത്നം വേണുമഹാദേവ്,+91-984 747 5559

error: Content is protected !!
Exit mobile version