Saturday, 23 Nov 2024

വാടക വീട്ടിൽ വാസ്തു നോക്കണോ; ഫ്ലാറ്റിലെ അടുക്കള എവിടെ വേണം ?

വാടക വീടുകളിലെ വാസ്തുഫലം അനുഭവിക്കുന്നത് ആരാണ്? കെട്ടിടം ഉടമയോ അതോ വാടകയ്ക്ക് താമസിക്കുന്നവരോ ?

വാസ്തു ഫലം നല്ലതായാലും അല്ലെങ്കിലും
വീടിന്റെ ഉടമയാണ് അനുഭവിക്കേണ്ടത് എന്നാണ് പലരുടെയും ധാരണ. എന്നാൽ അത് ശരിയല്ല.
വാടക വീടിന്റെ വാസ്തുഫലം അനുഭവിക്കേണ്ടത് വാടകയ്ക്ക് താമസിക്കേണ്ടവർ തന്നെയാണെന്ന് പ്രൊഫ.ജി. ഗണപതി മൂർത്തി രചിച്ച വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണ കലയും എന്ന ആധികാരിക ഗ്രന്ഥത്തിൽ പറയുന്നു.

“വാസ്തു ദോഷമുള്ള വീട്ടിൽ താമസിക്കുന്നത് വാടകക്കാരാണോ അതോ ഉടമകളാണോ എന്നത് വാസ്തുശാസ്ത്രം വ്യവഛേദിക്കാറില്ല” പ്രൊഫ. മൂർത്തി പറയുന്നു. ഇത് സമർത്ഥിക്കാൻ അദ്ദേഹം
ഒരു ഉദാഹരണവും പറയുന്നു: ഒരു യാത്രയ്ക്കായി
ഒരു ടാക്സി വിളിക്കുന്നു. അതിന്റെ കണ്ടീഷൻ പരിശോധിക്കേണ്ടത് നമ്മുടെ കടമയാണ്. അത് പരിശോധിച്ച് ഉറപ്പു വരുത്താതെ അതിൽ കയറി യാത്ര തിരിച്ചാൽ മരണം വരെ സംഭവിച്ചെന്നിരിക്കും.

അതുപോലെ വാടക വീടിന്റെ വാസ്തു പരിശോധിക്കേണ്ടതും അവിടെ താമസിക്കുന്നവർ തന്നെയാണ്. കാരണം നാം ഉറങ്ങുന്നതും ആഹാരം കഴിക്കുന്നതുമെല്ലാം ഇതേ വീട്ടിലാണ്. വീട് നല്ലതാണോ എന്ന് പരിശോധിക്കാൻ വാസ്തുവിദ്യാ വിദഗ്ദ്ധന്റെ ആവശ്യമൊന്നുമില്ല. വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന വീട്ടിൽ ആരൊക്കെ താമസിച്ചു എന്ന് അന്വേഷിച്ചാൽ മതി. അവർ മന:സമാധാനം അനുഭവിച്ചിരുന്നോ എന്ന് അന്വേഷിക്കണം.
അവർക്ക് ഐശ്വര്യവും സമ്പത്തും ഉണ്ടായിരുന്നോ
എന്ന് അന്വേഷിക്കണം. ചില വീടുകൾ താമസക്കാരെ കുഴപ്പത്തിലാക്കും. സമാധാനമുള്ള വീട്
വാസ്തുശക്തി ഉള്ളതാണ്. സമാധാനം ഇല്ലാത്ത
വീട് വാസ്തുശക്തി ഇല്ലാത്തതും. അതു കൊണ്ടു തന്നെ വാടകക്ക് താമസിക്കാൻ തിരഞ്ഞടുക്കേണ്ടത് വാസ്തുബലമുള്ള വീട് തന്നെയാണ്.

നിങ്ങൾ താമസിക്കുന്ന വാടക വീട് വാസ്തുവിധി അനുസരിച്ച് ഉള്ളതല്ലെങ്കിൽ അവിടെ നിന്നും മാറാൻ യാതൊരു കാരണവശാലും മടിക്കരുത്.

അപ്പാർട്ട്മെന്റുകളിലാണ് താമസിക്കുന്നതെങ്കിലും വാസ്തു കൃത്യമായി നോക്കണം. അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുന്നതിന് മുമ്പ് തന്നെ വാസ്തു കൃത്യമായി പരിശോധിച്ചിരിക്കണം. പ്ലാൻ തയ്യാറാക്കുന്ന സമയത്താണ് ഫ്ലാറ്റുകളുടെയും വില്ലകളുടെയും വാസ്തു പരിശോധിക്കേണ്ടത്. എന്നാൽ സാങ്കേതികമായ ചില പ്രശ്നങ്ങളുണ്ട്. തെക്കു കിഴക്കേ മൂലയിൽ അടുക്കള വരുന്നത് നല്ലതാണ്.
ഒരു ഫ്ലാറ്റിലെ അടുക്കള തെക്കു കിഴക്കേ മൂലയായ അഗ്നി കോണിൽ വരുമ്പോൾ തൊട്ടടുത്ത ഫ്ലാറ്റിൽ വടക്കുകിഴക്കെ മൂലയായ ഈശാന മൂലയിലായിരിക്കും അടുക്കള വരുന്നത്. രണ്ട് ഫ്ലാറ്റുകൾക്ക് ഒരു സ്ഥലത്ത് ചിമ്മിനി വയ്ക്കുന്നത് അന്തേവാസികൾക്ക് നല്ലതല്ല. ഫ്ലാറ്റുകളിൽ താമസിക്കുന്ന ചിലർ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നതിന്റെ കാരണം വാസ്തുദോഷമല്ലാതെ
മറ്റൊന്നല്ല. ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നു മാത്രം.

പി എം ബിനുകുമാർ

error: Content is protected !!
Exit mobile version