Thursday, 21 Nov 2024

വാവുബലി മുടക്കരുത്; ഐശ്വര്യത്തിനും സന്താനക്ഷേമത്തിനും ഉത്തമം

കർക്കടകത്തിലെ കറുത്തവാവിന് ഇത്ര പ്രാധാന്യം വന്നത് എങ്ങനെയാെണെന്ന് പലരും ചോദിക്കാറുണ്ട്. അതിന്റെ വിശദീകരണം ഇതാണ്: മനുഷ്യരുടെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസമാണ്.  അവരുടെ സന്ധ്യാസമയം വരുന്നത് വിഷു കഴിഞ്ഞ് മൂന്നു മാസം ആകുമ്പോഴത്തെ അമാവാസിയിലാണ്. അതായത് കർക്കടക മാസത്തിലെ അമാവാസിയിൽ. അതേ പോലെ മനുഷ്യരുടെ ഒരു മാസമാണ് പിതൃക്കളുടെ ഒരു ദിവസം. അതായത് ഒരു ചന്ദ്രമാസം. വെളുത്തവാവു മുതൽ കറുത്തവാവു വരെ പിതൃക്കളുടെ പകലും കറുത്തവാവു മുതൽ  വെളുത്തവാവു വരെ അവരുടെ രാത്രിയുമാണ്.അങ്ങനെ നോക്കുമ്പോൾ എല്ലാ മാസവും അമാവാസി ദിവസം അവരുടെ സന്ധ്യയാണ്. അതുകൊണ്ടാണ് എല്ലാ മാസവും അമാവാസി തിഥി പിതൃകർമ്മം അനുഷ്ഠിക്കാൻ ഉത്തമമായത്.എല്ലാ മാസവും ബലിയിടുന്നത് പിതൃക്കളെ സംബന്ധിച്ച് എന്നും ശ്രാദ്ധമൂട്ടുന്നതിന് തുല്യമാണ്. നിത്യജീവിത ക്ലേശങ്ങൾ കാരണം  അത് പ്രായോഗികമല്ലാത്തതു കൊണ്ടാണ് വർഷത്തിൽ ഒരിക്കൽ വാവുബലി നിർബന്ധമാക്കിയത്.

ഈ സങ്കല്പ പ്രകാരം കർക്കടക മാസത്തിലെ കറുത്തവാവ്  ദേവൻമാർക്കും പിതൃക്കൾക്കും ഒരു പോലെ  വിശേഷപ്പെട്ടതാകുന്നു. അവർ ഇരുകൂട്ടരും ഉണർന്നിരിക്കുന്ന സമയമാകുന്നു. അപ്പോൾ കർക്കടക മാവാസിയിൽ  നടത്തുന്ന  പിതൃതർപ്പണം ദേവസാന്നിദ്ധ്യത്തിലുള്ള  പുണ്യകർമ്മമായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാൽ കർക്കടക അമാവാസിക്ക് നടത്തുന്ന പിതൃ ക്രിയകൾ ദേവലോകവും പിതൃലോകവും ഒരേ പോലെ ആഹ്ളാദപൂർവ്വം സ്വീകരിക്കുന്നു.  അതിലൂടെ ബലി ഇടുന്നവർക്കെല്ലാം നന്മ  ലഭിക്കും.
വർഷത്തിൽ ഒരിക്കലെങ്കിലും ബലിതർപ്പണം നടത്താതിരുന്നാൽ പിതൃശാപമുണ്ടാകും എന്നാണ് വിശ്വാസം. ഇതിന്റെ ദുരിതങ്ങളാണ് പല കുടുംബങ്ങളിലും കാണപ്പെടുന്ന സന്താനക്ലേശം, കുടുംബഛിദ്രം മുതലയവ. ബലി കർമ്മങ്ങൾ കൊണ്ട് പിതൃക്കളെ സന്തോഷിപ്പിക്കുകയും അതു വഴി അവരുടെ അനുഗ്രഹം നേടുകയും ചെയ്യാം. ഐശ്വര്യം, ശ്രേയസ്, ഗൃഹ സൗഖ്യം, സന്താനഗുണംഎന്നിവയ്ക്ക് പിതൃപ്രീതി അത്യാവശ്യമാണ്. മഹാവിഷ്ണുവിന്റെയും ശ്രീ  പരമേശ്വരന്റെയും സന്നിധികൾ ബലിതർപ്പണത്തിന്  വിശേഷമാണ്. തിരുവല്ലം പരശുരാമ ക്ഷേത്രം , തിരുനെല്ലി ക്ഷേത്രം, ആലുവ ശിവക്ഷേത്രം , കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം വിഷ്ണുക്ഷേത്രം , തിരുനാവായ, തൃക്കുന്നപ്പുഴ , തമിഴ്നാട്ടിൽ രാമേശ്വരം എന്നിവിടങ്ങളെല്ലാം പിതൃ തർപ്പണത്തിന് പ്രസിദ്ധമായ സന്നിധികളാണ്. പിതൃക്കൾക്ക് മോക്ഷ പ്രാപ്തിക്കായി ബലി, തിലഹോമം തുടങ്ങിയവ തിരുവല്ലത്ത്  നാരായണ പാദങ്ങളിലാണ് സമർപ്പിക്കുന്നത്. ഇത്തവണ മഹാമാരി കാരണം പൊതുസ്ഥലത്ത് ബലി കർമ്മങ്ങൾ അനുവദിക്കില്ല.

കർക്കടകവാവു ബലി പൂർവ്വിക പരമ്പരയിലെ എല്ലാ പിതൃക്കൾക്കും വേണ്ടിയാണ്. അതിനാൽ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നവർക്കും പിതൃതർപ്പണം നടത്താം. ഈ  വാവുബലി ജ്ഞാത അജ്ഞാത പിതൃക്കൾക്കെല്ലാം വേണ്ടിയായതിനാൽ നമ്മുടെ തൊട്ടു മുൻ തലമുറക്കാർക്ക് പ്രത്യേകം പ്രത്യേകം ബലി വേണ്ടെങ്കിലും ആ സങ്കല്പവും മനസ്സിൽ ഉണ്ടാകണം. ആറു മുൻ തലമുറയിൽ പെട്ട മാതൃ പിതൃ വർഗ്ഗത്തിലുള്ളവരും ദിവ്യന്മാരും ഋഷിമാരുമാണ് പിതൃക്കൾ. ചില ആചാര്യന്മാർ 4 തലമുറ എന്നും പറയുന്നുണ്ട്. എന്തായാലും പിതൃക്കളെയെല്ലാം തൃപ്തരാക്കാനാണ് കർക്കടക വാവുബലിയിടുന്നത് . 

മരണാനന്തര ചടങ്ങുകളിലും ശ്രാദ്ധത്തിലും കാക്കകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിനെപ്പറ്റിപുരാണങ്ങളിൽ രണ്ടു വിശദീകരണം പറയുന്നുണ്ട്.  ബ്രഹ്മാവിൽ നിന്നും വരം നേടിയ മഹിരാവണൻ എന്ന അസുരൻ ഒരിക്കൽ യമധർമ്മനെ ആക്രമിച്ചു.  അസുരനെ തോൽപ്പിക്കാനാകാതെ കാലൻ തൻ്റെ ജീവൻ ഒരു കാക്കയുടെ ശരീരത്തിലേക്ക് മാറ്റി രക്ഷപ്പെട്ടു.  ഇങ്ങനെ തൻ്റെ ജീവനെ രക്ഷിക്കാൻ സഹായിച്ച കാക്കയ്ക്ക് ബലികർമ്മങ്ങളിൽ പ്രാധാന്യം നൽകി യമദേവൻ പ്രത്യുപകാരം ചെയ്തു.  അന്നു മുതൽ ബലിച്ചോറ് കാക്ക കഴിച്ചാൽ പിതുക്കൾ സ്വീകരിച്ചതായി അംഗീകരിക്കപ്പെട്ടു. 
കാക്കയ്ക്കും എള്ളിനും ഒരേ നിറമാണ് – കറുപ്പ് . ഈ നിറം ഇരുട്ടിൻ്റെ പ്രതീകം ആണ്.  ഇരുട്ടിനു ശേഷം വെളിച്ചമാണ്. അതായത് പുനർജന്മത്തിൻ്റെ പ്രതീകം.  എള്ള് വെള്ളത്തിൽ നൽകിയാൽ പിതൃക്കൾക്കും അഗ്നിയിൽ നൽകിയാൽ ദേവതകൾക്കും തൃപ്തിയുണ്ടാകുമെന്നാണ് ശാസ്ത്രം. എള്ളിൽ നിറഞ്ഞു നിൽക്കുന്ന എണ്ണ ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രാണൻ്റെ പ്രതീകമാണ് – ഇതാണ് രണ്ടാമത്തെ വിശദീകരണം.  
അന്നപാനാദികൾ അതായത് ചോറ്, അരി, എള്ള് തുടങ്ങിയവ പ്രേതാത്മക്കൾക്ക് അന്നം ആകുന്നതിന്റെ യുക്തിയും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അന്നത്തിൻ്റെ സൂക്ഷ്മരൂപം അതായത് ഗുണം, മണം മുതലായവയാണ് പ്രേതാത്മക്കൾ സ്വീകരിക്കുന്നത്. അവർക്ക് ശരീരമില്ലാത്തതിനാൽ ദ്രവ്യങ്ങളായി അതു സ്വീകരിക്കാറില്ല.  സൂക്ഷ്മരൂപികളായ പ്രേതാത്മക്കൾക്ക് അതിൻ്റെ സൂക്ഷ്മരൂപം മാത്രം മതിയാകും.  സമർപ്പണം തന്നെയാണ്  പ്രധാനം.
പിതൃയജ്ഞത്തിലെ ഒരു പ്രധാന ഘടകമാണ്ദാനം. ഇത് ഒരു കടം വീട്ടലായാണ് കരുതുന്നത്. അത് ദോഷപരിഹാരമാണ്.  എന്നാൽ ശ്രാദ്ധത്തിന് ദാനം നടത്താൻ കഴിവില്ലാതെ വന്നാൽ ജല തർപ്പണം മാത്രം നടത്തിയാൽ മതിയെന്ന് വിധിയുണ്ട്. പിതൃക്കൾ അതു കൊണ്ടു തന്നെ സംതൃപ്തരാകുന്നു.

പിതൃതർപ്പണത്തിനും മരണാനന്തര ശ്രാദ്ധത്തിനുംആശ്വതി, ഭരണി, പൂയം, മകം, പൂരം, അത്തം, ചിത്തിര , ചോതി, അനിഴം, കേട്ട, പൂരാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങൾ നല്ലതാണ്. 12 അമാവാസികൾ, 12 സൂര്യസംക്രമ ദിനങ്ങൾ എന്നിവയും ഗ്രഹണദിവസവുംബലികർമ്മങ്ങൾക്ക് ഉത്തമമാണ്.   

ജ്യോതിഷൻ വേണു മഹാദേവ്

+91 9847475559

error: Content is protected !!
Exit mobile version